നാഗാലാന്റ്:പ്രമുഖ അമേരിക്കൻ ഇവാഞ്ചലിസ്റ്റും ഡോ. ബില്ലിഗ്രഹാമിന്റെ പുത്രനുമായ ഫ്രാങ്ക്ലിൻ ഗ്രഹാമിന് മോദി സർക്കാർ വിസ നിഷേധിച്ചു. നവംബർ 30 ന് നാഗാലാൻഡിലെ കൊഹിമയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ നടക്കാനിരുന്ന സംയുക്ത റിവൈവൽ സമ്മേളനത്തിൽ മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ടിരുന്നത് റവ. ഫ്രാങ്ക്ളിൻ ഗ്രഹാം ആയിരുന്നു. നാഗാലാൻഡ് ജോയിന്റ് ക്രിസ്ത്യൻ ഫോറവും കൊഹിമ ബാപ്റ്റിസ്റ്റ്പാസ്റ്റേഴ്സ് ഫെലോഷിപ്പും സംയുക്തമായാണ് ഈ സമ്മേളനം സംഘടിപ്പിച്ചിരുന്നത്. സമ്മേളനത്തിൽ 30000 ത്തിൽ അധികം വിശ്വാസികളാണ് പങ്കെടുത്തത്.
സമരിറ്റൻ പഴ്സ് എന്ന തന്റെ സംഘടനയിലൂടെ ലോകമെങ്ങും സാമൂഹ്യ സേവനം നടത്തുന്ന ഫ്രാങ്ക്ലിൻ ഗ്രഹാം അമേരിക്കയിലെ വ്യാപകമായ അംഗീകാരമുള്ള ക്രൈസ്തവ നേതാക്കളിൽ ഒരാളാണ്. ഫ്രാങ്ക്ളിന് വിസ നിരസിച്ചതിന്റെ കാരണം വ്യക്തമാക്കുവാൻ ആഭ്യന്തര മന്ത്രാലയം ഇതുവരെ തയ്യാറായിട്ടില്ല.
90 % ക്രൈസ്തവ വിശ്വാസികളുള്ള നാഗാലാൻഡിൽ ഫ്രാങ്ക്ലിൻ ഗ്രഹാമിന് വിസ നിഷേധിച്ചത് കടുത്ത പ്രതിഷേധത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. നാഗാലാൻഡ് ജോയിന്റ് ക്രിസ്ത്യൻ ഫോറം (NJCF), നാഷണൽ പീപ്പിൾസ് പാർട്ടി (NPP), ചഖേസാങ് പബ്ലിക് ഓർഗനൈസേഷൻ (CPO), നാഗാലാൻഡ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി (NPCC) തുടങ്ങിയവർ വീസ നിയന്ത്രണങ്ങൾ കാരണം ഗ്രഹാമിന്റെ സന്ദർശനം റദ്ദാക്കിയതിൽ നിരാശ പ്രകടിപ്പിക്കുകയും കേന്ദ്ര സർക്കാരിനെതിരെകടുത്ത ഭാഷയിൽ വിമർശനങ്ങൾ അഴിച്ചുവിടുകയും ചെയ്തു.
നാഗാലാൻഡിലെ ക്രിസ്തുമതം ഒരു ആചാരപരമായ സ്വത്വമല്ല, മറിച്ച് സംസ്ഥാനത്തിന്റെ ധാർമ്മികവും സാമൂഹികവുമായ നട്ടെല്ലാണെന്ന് എൻപിപി വാദിച്ചു. വിസ റദ്ദാക്കൽ ക്രിസ്ത്യൻ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും ക്രിസ്ത്യൻ ന്യൂനപക്ഷത്തോട് കേന്ദ്ര സർക്കാർ എങ്ങനെ പെരുമാറുന്നു എന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നുവെന്നും അവർ പറഞ്ഞു. വിസ കാര്യങ്ങളിൽ ഇന്ത്യയുടെ പരമാധികാരത്തെ അംഗീകരിക്കുമ്പോൾ തന്നെ, ആവർത്തിച്ചുള്ള നിയന്ത്രണങ്ങൾ ജനാധിപത്യ സ്ഥാപനങ്ങളിലുള്ള ന്യൂനപക്ഷത്തിന്റെ ആത്മവിശ്വാസം ഇല്ലാതാക്കുമെന്നും എൻപിപി മുന്നറിയിപ്പ് നൽകി.
വിസ നിഷേധം നാഗാലാൻഡിലെ ക്രിസ്ത്യൻ സമൂഹത്തോടുള്ള “നേരിട്ടുള്ള അപമാനം” ആണെന്ന് സിപിഒ പ്രസ്താവന ഇറക്കി. മാസങ്ങളായി ഈ സമ്മേളനത്തിനായി തയ്യാറെടുക്കുന്ന ആളുകളുടെ വികാരത്തെ ഈ തീരുമാനം വ്രണപ്പെടുത്തിയെന്ന് സിപിഒനേതാക്കളായ വീസു കെയ്ഹോയും ചെപെറ്റ് കോസയും പറഞ്ഞു.
ഉണർവിന്റയും ഐക്യത്തിന്റെയും വേദിയാകേണ്ടിയിരുന്ന ഈ സമ്മേളനം അലങ്കോലപ്പെട്ടതു നാഗാലാൻഡിനോടുള്ള കേന്ദ്രത്തിന്റെ “ചിറ്റമ്മ നയം ” എന്ന കടുത്ത വാക്കുകൾ ഉപയോഗിച്ചാണ് അവർ പ്രതിക്ഷേധിച്ചതു. 1929-ലെ സെമൺ കമ്മീഷനുമായുള്ള നാഗാ ക്ലബ് മെമ്മോറാണ്ടം പോലും ഓർമ്മിപ്പിച്ചു. ഈ വിസമ്മതം നിലവിലുള്ള വിശ്വാസക്കുറവ് വർദ്ധിപ്പിക്കുകയും പഴയ മുറിവുകൾ വീണ്ടും തുറക്കുകയും ചെയ്തുവെന്ന് സിപിഒ പറഞ്ഞു, നാഗാകൾക്ക് അവരുടെ ഭാവി സ്വയം നിർണ്ണയിക്കാനുള്ള അവകാശം മാനിക്കപ്പെടണമെന്ന് അവർ വാദിച്ചു.
നാഗാ പീപ്പിൾസ് ഫ്രണ്ടും ബിജെപിയും ചേർന്നുള്ള മുന്നണിയാണ് ഇപ്പോൾ നാഗാലാൻഡിൽ ഭരണം നടത്തുന്നത്.

