
കൊച്ചി: നിർദിഷ്ട ശബരിമല വിമാനത്താവളത്തിനായി ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിൻ്റെ (അയന ചാരിറ്റബിൾ ട്രസ്റ്റ്) എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഏറ്റെടുക്കുന്നതു സംബന്ധിച്ചു ഹൈക്കോടതി ജൂലൈ ഒമ്പതിന് അന്തിമ വിധി പറയും.
ഇന്നലെ കേസ് പരിഗണിച്ച കോടതി, സർക്കാരിനു ബോധിപ്പിക്കാനുള്ളത് ജൂലൈ ഒമ്പതിനകം രേഖാമൂലം സമർപ്പിക്കാൻ ആവശ്യ പ്പെട്ടു.
എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 11 വിജ്ഞാപനത്തിനെതിരേയാണു ബിലീവേഴ്സ് ചർച്ച് ഹൈക്കോടതിയെ സമീപിച്ചത്. വിമാനത്താവളത്തിനുവേണ്ട ഭൂമിയിൽ 90 ശതമാനവും ചെറുവള്ളി എസ്റ്റേറ്റിൽനിന്നാണ്. ശേഷിച്ച 300 ഏക്കർ മാ ത്രമാണു പുറമേനിന്നു വേണ്ടത്.
ഏകപക്ഷീയമായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള സെക്ഷൻ 11 വിജ്ഞാപനം ചോദ്യംചെയ്ത് ബിലീവേഴ്സ് ചർച്ച് നൽകിയ ഹർജിയിൽ കോടതി വിശദമായി വാദം കേട്ടു. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ അമിത് സിബലാണ് ഹർജിക്കാർക്കു വേണ്ടി ഹാജരാകുന്നത്.
സർക്കാർ വിമാനത്താവളത്തിനായി കണ്ടെത്തിയത് അഞ്ച് തോട്ടങ്ങളാണ്. അവിടെയെങ്ങും പരിസ്ഥിതി ആഘാത പഠനം നടത്താതെ ചെറുവള്ളി എസ്റ്റേറ്റിൽ മാത്രം നടത്തിയത് കോടതിയിൽ ചോദ്യംചെയ്യപ്പെട്ടു. അഞ്ചു തോട്ടങ്ങളിലും പരിശോധന നടത്തി അവയിൽ ഏറ്റവും അനുയോജ്യമായത് തെരഞ്ഞെടുക്കേണ്ടതിനുപകരം ഏകപക്ഷീയമായി ചെറുവള്ളി എസ്റ്റേറ്റ് നിശ്ചയിക്കുകയായിരുന്നുവെന്നു ഹർജിക്കാരുടെ അഭിഭാഷകൻ ബോധിപ്പിച്ചു.
സർവേകളടക്കം ഒന്നും ജൂലൈ ഒമ്പതു വരെ ചെറുവളളിയിൽ നടത്താൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, ചെറുവള്ളി എസ്റ്റേറ്റിനു പുറത്തുള്ള ഭൂമികളുമായി ബന്ധപ്പെട്ട നിയമാനുസൃത നടപടികൾ സർക്കാരിനു തുടരാം.
| ReplyForwardAdd reaction |
