കോഴിക്കോട്: അസ്സംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിലിന്റെ 27-ാമത് കോൺഫറൻസും അടുത്ത രണ്ട് വർഷത്തേക്കുള്ള പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും ഏപ്രിൽ 30-ന് കോഴിക്കോട് ടൗൺ എ.ജി. ചർച്ചിൽ അനുഗ്രഹീതമായി നടന്നു. ആത്മീയ ഐക്യത്തിന്റെയും സഭാ ദർശനത്തിന്റെയും സാക്ഷ്യമായി മാറിയ സമ്മേളനത്തിൽ മലബാറിലെ വിവിധ സഭകളിൽ നിന്നുള്ള ശുശ്രൂഷകരും സഭാ പ്രതിനിധികളുമായി 300-ലധികം പേർ പങ്കെടുത്തു.
കാസർഗോഡ് മുതൽ പാലക്കാട് വരെയുള്ള ആറു ജില്ലകളും കേന്ദ്രഭരണ പ്രദേശമായ മാഹിയും ഉൾപ്പെടുന്നതാണ് അസ്സംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ. സഭാ വളർച്ച, മിഷൻ പ്രവർത്തനങ്ങൾ, ആത്മീയ നവീകരണം എന്നിവ ലക്ഷ്യമാക്കി നടന്ന കോൺഫറൻസ് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.

തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി:
റവ. ഡോ. വി. ടി. അബ്രഹാം — സൂപ്രണ്ട്
റവ. കെ. യു. പീറ്റർ — അസിസ്റ്റന്റ് സൂപ്രണ്ട്
റവ. സി. വി. വിൽസൺ — സെക്രട്ടറി
റവ. അനീഷ് എം. ഐപ്പ് — ട്രഷറർ
റവ. ഹെൻസ്വൽ ജോസഫ് — കമ്മിറ്റി അംഗം
എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
റവ. ഡോ. വി. ടി. അബ്രഹാം — സൂപ്രണ്ട്
കണ്ണൂർ ജില്ലയിലെ പെരിങ്കിരി അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ റവ. ഡോ. വി. ടി. അബ്രഹാം പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ബെംഗളൂരുവിലെ സതേൺ ഏഷ്യ ബൈബിൾ കോളേജിൽ നിന്നും B.Th, M.Div പഠനങ്ങൾ പൂർത്തിയാക്കി. തുടർന്ന് കാശ്മീരിലും പിന്നീട് പുനലൂർ ബെഥേൽ ബൈബിൾ കോളേജിൽ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചു. പുനലൂരിൽ പ്രവർത്തിക്കുന്ന കാലഘട്ടത്തിൽ അഞ്ചലിൽ പുതിയ സഭാപ്രവർത്തനത്തിനും നേതൃത്വം നൽകി.
മലബാറിനോടുള്ള ദൈവവിളി തിരിച്ചറിഞ്ഞ അദ്ദേഹം 1978-ൽ കണ്ണൂർ പട്ടണത്തിൽ പുതിയ സഭാപ്രവർത്തനം ആരംഭിച്ചു. പിന്നീട് കണ്ണൂർ സഭ അനുഗ്രഹീത സഭയായി വളർന്നു. 1995-ൽ കോഴിക്കോട് സഭയുടെ ശുശ്രൂഷകനായി ചുമതലയേറ്റ അദ്ദേഹം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി വിശ്വസ്തമായി ശുശ്രൂഷ തുടരുന്നു. ഈ കാലയളവിൽ തളിപ്പറമ്പ്, പൈവളികൈ, പരപ്പ, വെള്ളരിക്കുണ്ട്, ചെറുപുളശ്ശേരി, പെർള, സീതാംഗോളി, പൊന്നാനി എന്നിവിടങ്ങളിൽ പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കാൻ നേതൃത്വം നൽകി.
2025-ൽ പ്രവർത്തന സ്ഥലത്ത് സുവിശേഷവിരോധികളുടെ ക്രൂരമർദ്ദനത്തിനും അദ്ദേഹം ഇരയായി.
1994-ൽ ആരംഭിച്ച ട്രിനിറ്റി ബൈബിൾ കോളേജ് മലബാറിലെ സുവിശേഷീകരണ രംഗത്ത് വലിയ സ്വാധീനം ചെലുത്തുന്ന സ്ഥാപനമായി മാറി. കോളേജിന്റെ പ്രിൻസിപ്പലായും അദ്ദേഹം സേവനം അനുഷ്ഠിക്കുന്നു. മലബാർ ഡിസ്ട്രിക്ട് കൗൺസിലിന്റെ ആരംഭം മുതൽ സൂപ്രണ്ടായി സേവനം ചെയ്യുന്നു.
അജപാലകൻ, അധ്യാപകൻ, എഴുത്തുകാരൻ, പ്രസംഗകൻ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. ശുശ്രൂഷ തിരക്കുകൾക്കിടയിലും ബെംഗളൂരുവിലെ സതേൺ ഏഷ്യ ബൈബിൾ കോളേജിൽ നിന്നും ഡോക്ടറേറ്റ് പൂർത്തിയാക്കി.
അസംബ്ലീസ് ഓഫ് ഗോഡിന്റെ വിവിധ നേതൃസ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യയുടെ അസിസ്റ്റന്റ് സൂപ്രണ്ട്, സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡിന്റെ ജനറൽ സൂപ്രണ്ട്, സെക്രട്ടറി, കമ്മിറ്റി അംഗം, കേരളം വിഭജിക്കുന്നതിന് മുൻപ് ഡിസ്ട്രിക്ട് ട്രഷറർ, സി.എ പ്രസിഡന്റ്, “ദൂതൻ” മാസിക ഡയറക്ടർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: തങ്കമ്മ
മക്കൾ: പരേതയായ ബ്യൂല, ബെറ്റ്സി, ബനീറ്റ
റവ. കെ. യു. പീറ്റർ — അസിസ്റ്റന്റ് സൂപ്രണ്ട്
കണ്ണൂർ ജില്ലയിലെ അറബി അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ റവ. കെ. യു. പീറ്റർ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മണക്കാല FTS-ൽ നിന്നും B.Thയും ബെംഗളൂരുവിലെ സതേൺ ഏഷ്യ ബൈബിൾ കോളേജിൽ നിന്നും M.Divയും പൂർത്തിയാക്കി.
1987-ൽ പയ്യന്നൂരിന് സമീപമുള്ള പാടിയോട്ടുചാലിൽ ശുശ്രൂഷ ആരംഭിച്ച അദ്ദേഹം തുടർന്ന് കാലാങ്കി, പെരിങ്കിരി, കോടഞ്ചേരി, എടക്കര, പാലക്കാട്, പാപ്പിനിശ്ശേരി തുടങ്ങിയ ഇടങ്ങളിൽ ശുശ്രൂഷ ചെയ്തു. ഇപ്പോൾ കണ്ണൂർ ടൗൺ സഭയുടെ ശുശ്രൂഷകനാണ്.
മലബാർ AGയുടെ അനുഗ്രഹീത വേദപാഠശാലയായ ട്രിനിറ്റി ബൈബിൾ കോളേജിന്റെ ആരംഭം മുതൽ അധ്യാപകനായും രജിസ്ട്രാറായും സേവനം അനുഷ്ഠിക്കുന്നു. 2010 മുതൽ മലബാർ ഡിസ്ട്രിക്ട് കൗൺസിലിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കമ്മിറ്റി അംഗം, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്ന അദ്ദേഹം ആദ്യമായാണ് അസിസ്റ്റന്റ് സൂപ്രണ്ടായി തിരഞ്ഞെടുക്കപ്പെടുന്നത്.
അജപാലന ശുശ്രൂഷയ്ക്കൊപ്പം ഗ്രന്ഥകാരൻ, വേദാധ്യാപകൻ, പ്രസംഗകൻ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനാണ്. “പ്രായോഗിക ക്രിസ്ത്യാനിത്വം,” “തീയുടെ തിയോളജി,” “മനുഷ്യപുത്രന്റെ ചുവടുകളിൽ” എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയ ഗ്രന്ഥങ്ങളാണ്.
ഭാര്യ: ജാൻസി
മക്കൾ: ക്രിസ്റ്റിന, ജാക്സൺ
റവ. സി. വി. വിൽസൺ — സെക്രട്ടറി
കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമുഴി അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ റവ. സി. വി. വിൽസൺ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ബീഹാറിൽ ഒൻപത് വർഷത്തോളം ജോലി ചെയ്തു. പിന്നീട് ദൈവവിളി തിരിച്ചറിഞ്ഞ അദ്ദേഹം 1996-ൽ ട്രിനിറ്റി ബൈബിൾ കോളേജിന്റെ ആദ്യ ബാച്ചിൽ വേദപഠനം പൂർത്തിയാക്കി.
തുടർന്ന് കൂത്തുപറമ്പിൽ പുതിയ സഭാപ്രവർത്തനം ആരംഭിച്ചു. സുവിശേഷവിരോധികളുടെ ക്രൂരമർദ്ദനങ്ങൾ നേരിട്ടെങ്കിലും 12 വർഷത്തെ പ്രവർത്തനഫലമായി അവിടെ അനുഗ്രഹീത സഭ രൂപപ്പെട്ടു. പിന്നീട് കാര്യംമ്പാടി, ബത്തേരി, മാനന്തവാടി, ഷാർജ ബെഥേൽ പെന്തക്കോസ്ത് സഭ, കോറോം, പോത്തുകല്ല് എന്നിവിടങ്ങളിൽ ശുശ്രൂഷ ചെയ്തു. ഇപ്പോൾ കാട്ടിക്കുളം സഭയുടെ ശുശ്രൂഷകനായി സേവനം അനുഷ്ഠിക്കുന്നു.
ശുശ്രൂഷയ്ക്കൊപ്പം M.Divയും കൗൺസിലിംഗ് പഠനവും പൂർത്തിയാക്കിയ അദ്ദേഹം കാലിക്കറ്റ് സർവകലാശാലയിൽ നിന്നും B.Aയും നേടിയിട്ടുണ്ട്. കണ്ണൂർ, കൽപ്പറ്റ, ബത്തേരി സെക്ഷനുകളുടെ പ്രസ്ബിറ്ററായും 2015 മുതൽ 2018 വരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: റീജ മക്കൾ : ക്രിസ്റ്റിന, പ്രിസ്ക്കില്ല
റവ. അനീഷ് എം. ഐപ്പ് — ട്രഷറർ
വയനാട് ജില്ലയിലെ കാര്യംമ്പാടി അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ റവ. അനീഷ് എം. ഐപ്പ് പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ട്രിനിറ്റി ബൈബിൾ കോളേജിൽ നിന്നും 2001-ൽ വേദപഠനം പൂർത്തിയാക്കി മരുതോങ്കര പഞ്ചായത്തിൽ ശുശ്രൂഷ ആരംഭിച്ചു.
തുടർന്ന് ചെതലയം, ആലക്കോട്, ഇരിട്ടി, ബത്തേരി, പുൽപ്പള്ളി സഭകളിൽ ശുശ്രൂഷ നിർവഹിച്ച അദ്ദേഹം ഇപ്പോൾ മീനങ്ങാടി സഭയുടെ ശുശ്രൂഷകനായി പ്രവർത്തിക്കുന്നു.
ജീവകാരുണ്യ പ്രവർത്തന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിലിന്റെ യുവജനപ്രസ്ഥാനമായ ക്രൈസ്റ്റ് അംബാസിഡേഴ്സിൽ ട്രഷറർ, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇരിട്ടി സെക്ഷൻ പ്രസ്ബിറ്ററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2022 മുതൽ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ട്രഷററായി പ്രവർത്തിച്ചുവരികയാണ്.
ഭാര്യ: ബിന്ദു
മക്കൾ: ആൽബിൻ, സ്റ്റെഫാനിയ
റവ. ഹെൻസ്വൽ ജോസഫ് — കമ്മിറ്റി അംഗം
മലപ്പുറം ജില്ലയിലെ കൊടക്കൽ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ റവ. ഹെൻസ്വൽ ജോസഫ് അനുഗ്രഹീതനായ കർത്തൃദാസൻ പാസ്റ്റർ കെ. എച്ച്. സൈമന്റെ ഇളയമകനാണ്.
പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1996-ൽ ട്രിനിറ്റി ബൈബിൾ കോളേജിന്റെ ആദ്യ ബാച്ചിൽ നിന്നും വേദപഠനം പൂർത്തിയാക്കി കോഴിക്കോട് ടൗൺ സഭയിൽ സഹശുശ്രൂഷകനായി പ്രവർത്തനം ആരംഭിച്ചു. പിന്നീട് കൊയിലാണ്ടി മുനിസിപ്പാലിറ്റിയിൽ പുതിയ സഭാപ്രവർത്തനത്തിനായി പ്രവേശിച്ച് അനുഗ്രഹീത സഭ സ്ഥാപിക്കാൻ നേതൃത്വം നൽകി.
തുടർന്ന് കാസർഗോഡ്, അയ്യൻകൊല്ലി, ആലക്കോട്, കൂത്തുപറമ്പ്, കാര്യംമ്പാടി, ബത്തേരി തുടങ്ങിയ ഇടങ്ങളിൽ ശുശ്രൂഷ ചെയ്തു. ഇപ്പോൾ മലപ്പുറം ജില്ലയിലെ എടക്കര അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനായി പ്രവർത്തിക്കുന്നു.
2019 മുതൽ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കമ്മിറ്റി അംഗമായി സേവനം അനുഷ്ഠിച്ചുവരുന്നു.
ഭാര്യ: ശോഭ
മക്കൾ: അൽവിൻ, ബെർലിൻ

