വസായ്:മുംബൈ-അഹമ്മദാബാദ് ദേശീയപാതയിൽ, വസായ്, ജില്ല. നയ് ഗാവ് ഈസ്റ്റിൽ പാൽഘർ എന്ന സ്ഥലത്ത് ദീഘ വർഷങ്ങളായി പ്രവർത്തിച്ചിരുന്ന ആശിഷ് പ്രാർത്ഥനാ കേന്ദ്ര് എന്ന പേരിലുള്ള സഭയുടെ ആരാധനാലയം അധികൃതർ പൊളിച്ചുമാറ്റി.
മെയ് 29 നാണ് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്. ആയിരകണക്കിന് വിശ്വാസികൾ ആരാധനക്ക് എത്തിയിക്കുന്ന ഈ സഭയിൽ കഴിഞ്ഞ ഞായറാഴ്ച ബജ്രംഗ്ദൾ പ്രവർത്തകർ ഇരച്ചുകയറുകയും ആരാധന തടസപ്പെടുത്തുകയും ചെയ്തിരുന്നു. പോലീസ് സ്ഥലത്തെത്തി സംഘർഷങ്ങൾ നിയന്ത്രിച്ചിരുന്നു. എന്നാൽ 28-ാം തിയതി വസായ് വിരാർ സിറ്റി മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ 24 മണിക്കൂറിനകം ഈ സഭാഹാൾ പൊളിച്ചുമാറ്റണ മെന്ന് നോട്ടീസ് നൽകി. തൊട്ടടുത്ത ദിവസം അതായത് 24 മണിക്കൂർതികയുന്നതിനുമുൻപ് മുൻസിപൽ അധികൃതർ വൻ പോലീസ് സന്നാഹത്തോടെ എത്തി ബുൾഡോസറുകൾ ഉപയോഗിച്ച് ആരാധനാലയം തകർക്കുകയായിരുന്നു.
ആശിഷ് പ്രാർത്ഥനാ കേന്ദ്രത്തിന് തുടക്കം കുറിക്കുന്നത് സെബാസ്റ്റ്യൻ മാർട്ടിൻ എന്ന സുവിശേഷകൻ ആണ്. ഇദ്ദേഹം മുംബൈ സ്വദേശി തന്നെയാണ്. എന്നാൽ ഇപ്പോൾ ഈ പ്രാർത്ഥനാ കേന്ദ്രത്തിന് നേതൃത്വം നൽകുന്നത് വന്ദനാ കൊലാസേ എന്ന വനിതയാണ്.
അനധികൃതമായി നിർമ്മിച്ച കെട്ടിടം എന്ന നിലയിലാണ് ഇത് പൊളിക്കാൻ തീരുമാനിച്ചത് എന്നാണ് മുൻസിപ്പൽ അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ മഹാരാഷ്ട്രയിൽ ഇതുപോലെയുള്ള ഗാവുകളിൽ നൂറുകണക്കിന് ആരാധനാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
മുനിസിപ്പാലിറ്റികൾ പള്ളി പണിയാൻ അനുമതി നൽകാറില്ല. അതിനാൽ തന്നെ അനുമതിയില്ലാതെ താൽക്കാലിക ഷെഡുകൾ നിർമ്മിച്ച് ആരാധന നടത്തുന്ന രീതിയാണ് പൊതുവിൽ ഉള്ളത്. എന്നാൽ ഇത്തരം കെട്ടിടങ്ങൾക്ക് പിന്നീട് മുൻസിപ്പാലിറ്റി താൽക്കാലിക അംഗീകാരം നൽകുന്ന രീതിയാണ് ഉള്ളത്. അങ്ങനെ നമ്പർ ലഭിക്കുന്നതോടെ വൈദ്യുതി കണക്ഷനും മറ്റും ലഭിക്കുകയും ചെയ്യും.
ഇവിടെ ആശിഷ് പ്രാർത്ഥനാ കേന്ദ്രം 30 ഗുണ്ട സ്ഥലത്ത് (ഏകദേശം 30000 ചതുരശ്ര അടി) സ്ഥലത്തായിരുന്നു ഷെഡ് നിർമ്മിച്ചിരുന്നത്.
നോൺ റെസിഡൻഷ്യൽ പ്രോപ്പർട്ടിയായി JC01/1806/6 എന്ന നമ്പർ കെട്ടിടത്തിന് നൽകിയിട്ടുണ്ട് എന്നാലും, അനധികൃത നിർമ്മാണം ആകയാൽ 24 മണിക്കൂറിനുള്ളിൽ പൊളിച്ചു മാറ്റണം എന്നാണ് മുൻസിപ്പാലിറ്റിയുടെ നോട്ടീസിൽ പറയുന്നത്.മഹാരാഷ്ട്രയിൽ സമീപകാലത്ത് കർശനമായ വ്യവസ്ഥകളോടെ മതപരിവർത്തന നിരോധന നിയമം പാസാക്കിയിരുന്നു. ബജ്രംഗ് ദൾ പോലെയുള്ള ഹൈന്ദവ തീവ്രവാദ സംഘടനകൾ പ്രാദേശിക മായി പ്രവർത്തിക്കുന്ന ഇത്തരം സഭകളെ തിരഞ്ഞുപിടിച്ച് ഇല്ലാതെയാക്കുവാൻ സംഘടിത ശ്രമങ്ങൾ ആരംഭിച്ചിരി ക്കുന്നതിന്റെ തെളിവാണ് ആശിഷ് പ്രാർത്ഥനാ കേന്ദ്രത്തിൽ സംഭവിച്ചത്.

