ചിക്കാഗോ: വടക്കേ അമേരിക്കയിലെ മലയാളി പെന്തെക്കോസ്ത് കൂട്ടായ്മകളുടെ മഹാസംഗമ വേദിയായ പെന്തെക്കോസ്തൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കൻ കേരളൈറ്റ്സ് (പി.സി.എൻ.എ.കെ.) യുടെ 41-ാമത് ദേശീയ കോൺഫറൻസ് 2028 ജൂൺ 29 (വ്യാഴാഴ്ച) മുതൽ ജൂലൈ 2 (ഞായറാഴ്ച) വരെ അമേരിക്കയിലെ ഒക്‌ലഹോമ പട്ടണത്തിൽ നടക്കും. “Rooted in Faith – United in Spirit” (വിശ്വാസത്തിൽ വേരൂന്നി – ആത്മാവിൽ ഒന്നായി) എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം.
സമ്മേളനത്തിനായുള്ള ദേശീയ സമിതിയുടെ ഭാരവാഹികളെ ചിക്കാഗോയിൽ വെച്ച് നടത്തപ്പെട്ട ജനറൽ ബോഡിയിൽ പ്രഖ്യാപിച്ചു.
പാസ്റ്റർ തേജസ് തോമസിനെ നാഷണൽ കൺവീനറായും ബിനോയ് ഫിലിപ്പ് കരുമാങ്കലിനെ നാഷണൽ സെക്രട്ടറിയായും, നിബു വെള്ളവന്താനത്തെ നാഷണൽ ട്രഷററായും, ഡെവിൻ ഡാനിയേലിനെ ഇംഗ്ലീഷ് കോർഡിനേറ്ററായും, ഡോ. ഗ്രേസ് ഗീവർഗീസിനെ നാഷണൽ ലേഡീസ് കോർഡിനേറ്ററായും, സാം തോമസിനെ ജനറൽ കോർഡിനേറ്ററായും, പാസ്റ്റർ മാത്യു സാമുവലിനെ നാഷണൽ പ്രയർ കോർഡിനേറ്ററായും, ഷെറി കെ. ജോർജ് പബ്ലിക് റിലേഷൻസ് കോർഡിനേറ്ററായും തെരഞ്ഞെടുത്തു.

വിപുലമായ നാഷണൽ കമ്മിറ്റിയും ഒക്‌ലഹോമ ലോക്കൽ സംഘാടക സമിതിയും വിവിധ സബ് കമ്മിറ്റികളും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വടക്കേ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന നാല് ദിവസത്തെ മഹാസമ്മേളനത്തിൽ ആത്മീയ സന്ദേശങ്ങൾ, പൊതുസമ്മേളനങ്ങൾ, ആരാധന, സംഗീതശുശ്രൂഷകൾ, കുടുംബസംഗമം, വനിതാ സമ്മേളനം, യുവജന-കുട്ടികളുടെ പ്രത്യേക സമ്മേളനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ആത്മീയ പരിപാടികൾ നടക്കും. വടക്കേ അമേരിക്കയിലെ മലയാളി പെന്തെക്കോസ്ത് വിശ്വാസ സമൂഹത്തിന്റെ ഏറ്റവും വലിയ ആത്മീയ സംഗമങ്ങളിലൊന്നായി മാറുന്ന ഈ ദേശീയ കോൺഫറൻസ് വിശ്വാസികൾക്ക് ആത്മീയ അനുഗ്രഹത്തിന്റെയും ക്രിസ്തീയ കൂട്ടായ്മയുടെയും അനുഭവമാകുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.
വാർത്ത: PCNAK മീഡിയാ ടീം

