മാത്യൂ ചെമ്പുകണ്ടത്തിൽ
ഇന്ത്യയിൽ നിന്നും മടങ്ങിവന്ന ഒരു ക്രിസ്ത്യന്‍ മിഷനറി തനിക്കുണ്ടായ മിഷൻ അനുഭവങ്ങൾ ചാള്‍സ് സ്പര്‍ജന്‍ (Charles Haddon Spurgeon 1834-1892) എന്ന പ്രമുഖ ബ്രിട്ടീഷ് സുവിശേഷ പ്രഭാഷകനോടു പങ്കുവച്ചിരുന്നു; അതിലൊരു പ്രധാനകാര്യം സ്പർജൻ തന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത് ഇപ്രകാരമാണ്:
സുവിശേഷ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന മിഷനറിയോട് ഒരു ഗ്രാമീണസ്ത്രീ പറഞ്ഞു:
“നിങ്ങളുടെ ബൈബിള്‍ എഴുതിയത് തീർച്ചയായും ഒരു സ്ത്രീയാണ്”
ആകാംക്ഷയോടെ മിഷനറി ചോദിച്ചു “എന്തുകൊണ്ടാണ് നിങ്ങള്‍ അങ്ങനെ പറയുന്നത്?”
“നിങ്ങളുടെ സുവിശേഷത്തില്‍ അനുകമ്പയോടെ വളരെ വളരെ കാര്യങ്ങള്‍ സ്ത്രീകള്‍ക്കു വേണ്ടി പറയുന്നുണ്ട്. ഞങ്ങളുടെ പണ്ഡിതന്മാര് സാധാരണ ഞങ്ങളെ ശകാരിക്കുകയും കുറ്റപ്പെടുത്തുകയും മാത്രമേ ചെയ്യാറുള്ളൂ”
സ്ത്രീ മറുപടി പറഞ്ഞു (My Sermon Notes, C.H. Spurgeon, 1884, page 292).
വിശുദ്ധ ബൈബിളിൻ്റെ വെളിച്ചത്തിൽ ക്രൈസ്തവ സഭകൾ സ്ത്രീത്വത്തിന് നല്ക്കുന്ന സ്ഥാനം എത്രമേൽ മഹനീയമാണെന്നതിനു തെളിവാണ് ഈ മിഷനറി അനുഭവം. ഇതുപോലുള്ള നിരവധി ഉദാഹരണങ്ങള്‍ ലോകചരിത്രത്തിൽ നമുക്കു കണ്ടെത്താന്‍ സാധിക്കും.
ആറാം നൂറ്റാണ്ടിലെ ഗോത്രവർഗ്ഗ സമൂഹങ്ങളിലെ പുരുഷമേധാവിത്വത്തിൻ്റെയും യാഥാസ്ഥിതിക മതചിന്തകളുടെയും അടിസ്ഥാനത്തിൽ ചില മതപണ്ഡിതന്മാർ സ്ത്രീകളെ പൊതുവേദികളിൽ നിന്ന് അകറ്റിനിർത്താൻ മതവിധികൾക്കു മൂർച്ച കൂട്ടുമ്പോൾ ക്രൈസ്തവ സഭകൾ ഉയർത്തിപ്പിടിക്കുന്ന ഉന്നതമായ സ്ത്രീമൂല്യം പലരും കാണുന്നില്ല. സ്ത്രീമൂല്യം പുരുഷനു തുല്യമാണെന്ന വസ്തുതയാണ് ക്രൈസ്തവസഭ അതിൻ്റെ പ്രാരംഭദിനം മുതൽ ഉയര്‍ത്തിപ്പിടിക്കുന്നത്.
മനുഷ്യ ചരിത്രത്തിൽ ക്രൈസ്തവ സഭ രൂപപ്പെട്ടില്ലായിരുന്നെങ്കിൽ അമേരിക്കന്‍ ഫെമിനിസത്തിൻ്റെ പ്രതീകമായ ഗ്ലോറിയാ സ്റ്റെയ്നം (Gloria Steinem) ഉള്‍പ്പെടെയുള്ള സ്ത്രീവിമോചനവാദികള്‍ ഇന്നു മുഖംമറച്ച് വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കഴിയേണ്ടി വരുമായിരുന്നുവെന്ന് ജയിംസ് കെന്നഡി അഭിപ്രായപ്പെട്ടിട്ടുള്ളത് (What If Jesus Had Never Been Born? D. James Kennedy).
♦️ മഹാജ്ഞാനികൾക്കു മനസ്സിലാക്കാൻ
കഴിയാതെ പോയ സ്ത്രീമൂല്യം
പുരാതന ലോകത്തിലെ പ്രമുഖ തത്ത്വചിന്തകരായ പ്ലേറ്റോയും അരിസ്റ്റോട്ടിലും സ്ത്രീയും പുരുഷനും തമ്മിലുള്ള സമത്വത്തെ ആധുനിക അർത്ഥത്തിൽ അംഗീകരിച്ചിരുന്നില്ല. “മാനവമൂല്യം” എന്ന ആധുനിക ആശയം പുരാതന ഗ്രീക്ക് ചിന്തയിൽ ഇന്നത്തെ മനുഷ്യാവകാശ ഭാഷയിൽ ഉണ്ടായിരുന്നില്ല എന്നതു ശരിയാണ്. എന്നാൽ 21-ാം നൂറ്റാണ്ടിനെയും സ്വാധീനിക്കാൻ കഴിയുന്ന ഈ ചിന്തകർക്കു സ്ത്രീയുടെ മൂല്യം മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നത് നിസാരമായി കാണാൻ കഴിയില്ല.
അരിസ്റ്റോട്ടിലിന്റെ വാദത്തിൽ സ്ത്രീയ്ക്ക് യുക്തിശേഷിയുണ്ട്, പക്ഷേ അതു നടപ്പാക്കാനുള്ള കാര്യപ്രാപ്തിയില്ല. അരിസ്റ്റോട്ടിലിൻ്റെ സാമൂഹിക- രാഷ്ട്രീയ സിദ്ധാന്തത്തിൽ സ്ത്രീകളുടെ സ്ഥാനം സ്വതന്ത്രനായ പുരുഷനും അടിമയ്ക്കും മധ്യേയായിരുന്നു.
പ്ലേറ്റോയുടെ Republic-ൽ സ്ത്രീകൾക്ക് പുരുഷന്മാരെപ്പോലെ തന്നെ ഭരണ-രക്ഷാകർതൃത്വ ചുമതലകൾ നിർവഹിക്കാമെന്നും പറയുന്നുണ്ട്. എന്നാൽ ധാർമ്മികമായി പരാജയപ്പെട്ട പുരുഷന്റെ പുനർജന്മമായി സ്ത്രീയെ അദ്ദേഹം തരംതാഴ്ത്തി അവതരിപ്പിക്കുന്നുമുണ്ട്. മനുഷ്യചരിത്രത്തിലെ മഹാജ്ഞാനികൾക്കുപോലും പുരുഷനു തുല്യമായ മൂല്യം സ്ത്രീക്കും ഉണ്ടെന്ന യാഥാർത്ഥ്യം പൂർണ്ണമായി മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മതങ്ങളും സാമൂഹിക ജീവിതക്രമവും സ്ത്രീകളെ സ്ത്രീത്വത്തിന്റെ പേരില്‍ അടിച്ചമർത്താനും തരംതാഴ്ത്താനും മത്സരിക്കുന്നുവെങ്കില്‍ പൗരാണിക ലോകത്തിന്റെ അവസ്ഥ പറയേണ്ടതില്ല. സ്ത്രീയെ അമ്മയായി, ദേവിയായി, ഭാര്യയായി, സൃഷ്ടിചൈതന്യമായി കാണുന്ന സംസ്കൃതികള്‍ ലോകത്തില്‍ പല രാജ്യങ്ങളിലും രൂപപ്പെട്ടിരുന്നു; എന്നാല്‍ അവിടങ്ങളില്‍ പോലും അവളെ സ്വാതന്ത്ര്യം അര്ഹിക്കാത്തവളായി ഭയപ്പെടുത്തി നിര്‍ത്താന്‍ പുരുഷമേധാവിത്വം ശ്രമിച്ചിരുന്നു.
♦️ സ്ത്രീസമത്വം ക്രൈസ്തവ
വീക്ഷണത്തിൽ
ക്രൈസ്തവ സഭ രൂപംകൊണ്ട ആദ്യ പന്തക്കുസ്താ ദിനത്തില്‍ തന്നെ സ്ത്രീ-പുരുഷ തുല്യത ക്രൈസ്തവ സഭയുടെ അടിസ്ഥാനമായി പ്രഖ്യാപിക്കുന്നതു കാണാം. പത്രോസ് അപ്പൊസ്തൊലന് പരിശുദ്ധാത്മ പൂര്‍ണ്ണനായി പറയുന്നു അവസാനദിവസങ്ങളില്‍ എല്ലാ മനുഷ്യരുടെയുംമേല്‍ ദൈവം തൻ്റെ ആത്മാവിനെ വര്‍ഷിക്കും. “നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും” (അപ്പ പ്രവൃത്തി 2:17). സ്ത്രീക്ക് വിശുദ്ധ ബൈബിള്‍ നല്‍കുന്നത് പുരുഷനു തുല്യമായ മൂല്യമാണെന്ന പ്രഖ്യാപനമാണ് പത്രോസിൻ്റെ പന്തക്കുസ്താ പ്രസംഗത്തിൽ ഉയർന്നു കേട്ടത്. പരിശുദ്ധാത്മ പകർച്ച സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ നൽകപ്പെടുമെന്നും ഇരു വിഭാഗവും ഒരു പോലെ സുവിശേഷ സന്ദേശത്തിന് സാക്ഷികളാകും എന്നുമുള്ള ദൂത് സഭാ യുഗത്തിൽ സ്ത്രീ-പുരുഷ സമത്വത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കി.
സ്ത്രീ -പുരുഷ സമത്വത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന മറ്റൊരു ബൈബിൾ വാക്യം ഗലാത്യലേഖനം 2:28ലാണുള്ളത്. “പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല, എല്ലാവരും ക്രിസ്തുവില്‍ ഒന്നാണ്”. പുരുഷനു തുല്യമായി പരിഗണിക്കപ്പെടേണ്ടവളാണ് സ്ത്രീയും എന്ന ക്രൈസ്തവ വിശ്വാസത്തിൻ്റെ അടിസ്ഥാന ബോധ്യത്തെ അരക്കിട്ടുറപ്പിക്കുകയാണ് ഗലാത്യലേഖനം. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ത്രീസമൂഹത്തിന്റെ നാനാവിധമായ ശാക്തീകരണത്തിന് ക്രൈസ്തവ സഭ എക്കാലത്തും എല്ലാവിധ പിന്തുണയും നല്‍കിയായിരുന്നു.
സുവിശേഷങ്ങളിൽ ശിഷ്യന്മാർ ഉൾപ്പെടെയുള്ള പുരുഷന്മാരേക്കാള് സ്ത്രീകളാണ് ക്രിസ്തുവിനെ കൂടുതല്‍ മനസ്സിലാക്കിയത്. അമ്മയായ മറിയം തൻ്റെ പുത്രനെ അറിഞ്ഞതുപോലെ മനുഷ്യചരിത്രത്തിൽ ക്രിസ്തുവിനെ അറിഞ്ഞ മറ്റൊരു വ്യക്തി ഉണ്ടാകില്ല. മനുഷ്യവംശം ദൈവമാതാവിനെ ഇത്രമേൽ സ്നേഹാദരങ്ങളോടെ സ്മരിക്കുന്നതിനും വണങ്ങുന്നതിനുമുള്ള ഒരു കാരണം ദൈവപുത്രനെ വാസ്തവമായി മനസ്സിലാക്കിയ വനിതാരത്നം എന്ന നിലയിലാണ്.
യേശുവിൻ്റെ പരസ്യശുശ്രൂഷാ കാലത്ത് അവിടുത്തോടൊപ്പം സഞ്ചരിച്ചത് സ്ത്രീകളുടെ വലിയ കൂട്ടങ്ങളായിരുന്നു. ഈ കൂട്ടത്തില്‍ എടുത്തു പറയേണ്ട ഒരു മാന്യവനിതയായിരുന്നു ഹെരോദാവിന്റെ കാര്യസ്ഥനായ കൂസായുടെ ഭാര്യ യോവന്ന. യോവന്നയുടെ നേതൃത്വത്തില്‍ ഒരു സംഘം സ്ത്രീകള്‍ തങ്ങളുടെ സമ്പത്തുകൊണ്ട് യേശുവിനെയും അവിടുത്തെ ശിഷ്യന്മാരേയും ശുശ്രൂഷിച്ചു (ലൂക്കോസ് 8:3) എന്നു സുവിശേഷം എടുത്തു പറയുന്നു. പരസ്യജീവിതകാലത്ത് ഈശോ മശിഹായുടെയും ശിഷ്യന്മാരുടെയും ജീവിതച്ചെലവ് വഹിച്ചിരുന്നത് യോവന്നയും സൂസന്നയും ഉൾപ്പെട്ടിരുന്ന മാന്യവനിതകളായിരുന്നു.
യേശുവിൻ്റെ ശിഷ്യന്മാരായ പുരുഷവിഭാഗം പീഡാനുഭവത്തിന്റെയും ക്രൂശീകരണത്തിന്റെയും നിർണായകഘട്ടങ്ങളില്‍ ഓടിയൊളിച്ചു. എന്നാല്‍ ഗലീലിയ മുതൽ യേശുവിനെ പിൻപറ്റിയ ഒരുപറ്റം സ്ത്രീകളെ കണ്ടതായി ലുക്ക 23:49 ൽ രേഖപ്പെടുത്തുന്നു. ഈശോമശിഹായുടെ പുനഃരുത്ഥാനം സംഭവിച്ചു എന്നത് ആദ്യമായി തിരിച്ചറിഞ്ഞത് മഗ്ദലേനമറിയവും യോവന്നയും യാക്കോബിൻ്റെ അമ്മയായ മറിയവും അവരുടെകൂടെയുണ്ടായിരുന്ന മറ്റു സ്ത്രീകളുമായിരുന്നു (ലൂക്ക് 24:9,10).
മനുഷ്യനായി അവതരിച്ച ദൈവം സ്ത്രീയെയും പുരുഷനെയും രണ്ടുതട്ടില്‍ കണ്ടില്ല. പരസ്യശുശ്രൂഷയുടെ എല്ലാ സന്ദര്‍ഭങ്ങളിലും അത്ഭുതത്തിന് പാത്രമായവരും സൗഖ്യമായവരുമായ ജനങ്ങളില്‍ സ്ത്രീയും പുരുഷനും ഉള്‍പ്പെടുന്നുണ്ട്. ആരാധനയുടെ ആഴമേറിയ നിര്‍വ്വചനം യേശു നല്‍കിയത് ദാമ്പത്യ, ധാർമ്മിക ജീവിതത്തില്‍ തകര്‍ച്ച നേരിട്ടുകൊണ്ടിരുന്ന ഒരു സമരിയാ സ്ത്രീയോടായിരുന്നു (യോഹ 4:24). എന്നാല്‍ രസകരമായ മറ്റൊരു കാര്യം ഈ സംഭവത്തോടു ചേര്‍ത്തു ചിന്തിക്കേണ്ടതുണ്ട്. മതകാര്യങ്ങളില്‍ തീഷ്ണത വച്ചുപുലര്‍ത്തുന്ന നിക്കോദേമോസിനോട് ഈശോമശിഹാ പറയുന്നത് “നീ വീണ്ടും ജനിക്കണം” എന്നായിരുന്നു. മതനേതാക്കന്മാർ കരുതുന്നതിൽ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു യേശു ക്രിസ്തു.
വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടതിനാൽ കല്ലെറിഞ്ഞു കൊല്ലാന്‍ മോശയുടെ നിയമം വിധിക്കപ്പെട്ട സ്ത്രീയോട് “ഇനിമേല്‍ പാപം ചെയ്യരുത്” എന്ന നിര്‍ദ്ദേശത്തോടെ ഈശോ അവളെ രക്ഷിക്കുന്ന സംഭവം യോഹന്നാന് എട്ടാം അധ്യായത്തില്‍ വിവരിക്കുന്നു. ധാര്‍മ്മികമായി ജീവിതത്തില്‍ തകര്‍ച്ച നേരിടുന്നവര്‍ക്കും പ്രത്യാശയോടെ ദൈവപുത്രനെ സമീപിക്കാൻ കഴിയുമെന്നും പുതിയ ജീവിതം സാധ്യമാണെന്നുമുള്ള സന്ദേശമാണ് ഇവിടെ വെളിപ്പെടുന്നത്. തന്റെ അടുക്കല്‍ വരുന്ന വ്യക്തി ആരുമാകട്ടെ, അവരെ താന്‍ കൈവെടിയുകയില്ല (യോഹ 6:37) എന്ന വചനത്തിന്റെ അടിസ്ഥാനത്തില്‍ ക്രിസ്തു ചേര്‍ത്തുനിര്‍ത്തിയ സ്ത്രീപുരുഷന്മാരുടെ ആഗോള കൂട്ടായ്മയാണ് ക്രിസ്തുസഭ.
ജീവിതത്തില്‍ പ്രത്യാശ നഷ്ടപ്പെട്ട ഒരു സ്ത്രീക്ക് ക്രിസ്തുവില്‍നിന്ന് പാപക്ഷമ ലഭിച്ചപ്പോള്‍ അവള് കണ്ണീര്‍കൊണ്ട് അവിടുത്തെ പാദം കഴുകുകയും തന്റെ തലമുടികൊണ്ട് തുടച്ച് ആ പാദത്തില്‍ ചുംബിക്കുകയും ചെയ്യുന്ന ബഥാനിയായിലെ തൈലാഭിഷേക സംഭവം ഹൃദയസ്പര്‍ശിയാണ്. ലോകത്തില്‍ എവിടെയെല്ലാം സുവിശേഷം പ്രസംഗിക്കപ്പെടുമോ അവിടെയെല്ലാം അവളും അനുസ്മരിക്കപ്പെടുമെന്ന് ഈശോമശിഹാ പ്രഖ്യാപിച്ചു. നാല് സുവിശേഷകരും ഒരുപോലെ രേഖപ്പെടുത്തിയ അപൂർവ്വം സംഭവങ്ങളിൽ ഒന്നാണിത്.
ക്രൈസ്തവ സഭ സ്ത്രീ സമത്വത്തെ സംബന്ധിച്ചു സംസാരിക്കുമ്പോൾ 1 തിമോത്തിയോസ് 2:11-12 ലെ നിർദ്ദേശത്തെ അടിസ്ഥാനമാക്കി സഭയെ പലരും വിമർശിക്കാറുണ്ട്. എന്നാൽ അന്നത്തെ എഫെസോസ് സഭയിലെ ക്രമസമാധാന പാലനത്തിനായി നൽകിയ ഒരു അച്ചടക്ക നിയമം മാത്രമായിരുന്നു അത്. ക്രൈസ്തവ വിശ്വാസത്തിൽ പുരുഷനും സ്ത്രീയും തുല്യരാണ്” എന്നെഴുതിയ പൗലോസ് സ്ളീഹാ സ്ത്രീത്വത്തെ താഴ്ത്തിക്കെട്ടുന്ന മറ്റൊരഭിപ്രായം പറയുമെന്നു കരുതുക വയ്യ. അപ്പൊസ്തല പ്രവർത്തനങ്ങൾ 2:17, ഗലാത്യർ 3:28 എന്നീ വചനങ്ങൾ സ്ത്രീത്വത്തിൻ്റെ മഹത്വം എക്കാലത്തും ഉയർത്തുന്ന പ്രഖ്യാപനങ്ങളാണ്.
തിരുസ്സഭയെ ക്രിസ്തു തൻ്റെ മണവാട്ടിയായിട്ടാണ് കണക്കാക്കുന്നത്. സ്ത്രീ-പുരുഷ വേർതിരിവില്ലാതെ മനുഷ്യനെ സ്നേഹിച്ച ക്രിസ്തു തൻ്റെ സഭയിലൂടെ സ്ത്രീത്വത്തെ വിശുദ്ധീകരിച്ചു. സ്ത്രീ സമത്വബോധത്തിൽ സഭയ്ക്ക് എന്തെങ്കിലും കുറവു സംഭവിച്ചിട്ടുണ്ടെങ്കിൽ അത് ക്രിസ്തുവിൻ്റെ നിർദ്ദേശമോ ബൈബിളിൻ്റെ പഠിപ്പിക്കലോ അല്ല, കൈകാര്യം ചെയ്യുന്ന മനുഷ്യരുടെ വ്യക്തിപരമോ സാമൂഹികമോ ആയിട്ടുള്ള ബലഹീനതകൾ മാത്രമായി കാണണം.

