ഡെറാഡൂൺ: മതപരിവർത്തന നിരോധന നിയമം കൂടുതൽ കർശനമാക്കി ഉത്തരാഖണ്ഡ് സർക്കാർ. ഇതിന്റെ ഭാഗമായി നിയമത്തിൽ ഭേദഗതികൾ വരുത്താനുള്ള നിർദേശം ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകരിച്ചു. പുതിയ ഭേദഗതി പ്രകാരം നിർബന്ധിത മതപരിവർത്തനത്തിന് ജീവപര്യന്തം തടവും ഉയർന്ന പിഴയും ലഭിക്കും. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അധ്യക്ഷനായ മന്ത്രിസഭാ യോഗമാണ് ഉത്തരാഖണ്ഡ് ഫ്രീഡം ഓഫ് റിലീജിയൻ (ഭേദഗതി) ബിൽ-2025 ന് അംഗീകാരം നൽകിയത്.
അനധികൃത മതപരിവർത്തനത്തിന് കഠിനമായ ശിക്ഷ നൽകുന്നതിനോടൊപ്പം, ഡിജിറ്റൽ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങൾ തടയാനും ഇരകളായവരെ സംരക്ഷിക്കാനും പുതിയ ബില്ലിൽ വ്യവസ്ഥകളുണ്ട്. സമ്മാനങ്ങൾ, പണം, ജോലി, സൗജന്യ വിദ്യാഭ്യാസം, വിവാഹ വാഗ്ദാനം, മതവികാരം വ്രണപ്പെടുത്തുക, മറ്റൊരു മതത്തെ മഹത്വവൽക്കരിക്കുക എന്നിവയെല്ലാം നിർബന്ധിത മതപരിവർത്തനത്തിനുള്ള പ്രലോഭനങ്ങളായി കണക്കാക്കും. ഇത് പുതിയ നിയമപ്രകാരം കുറ്റകരമാണ്. സാമൂഹിക മാധ്യമങ്ങൾ, മെസ്സേജിങ് ആപ്പുകൾ, മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ എന്നിവ വഴി മതപരിവർത്തനം പ്രോത്സാഹിപ്പിക്കുന്നതും പ്രേരിപ്പിക്കുന്നതും പുതിയ ബിൽ പ്രകാരം ശിക്ഷാർഹമാണ്.
പൊതുവായ നിയമലംഘനങ്ങൾക്ക് മൂന്ന് മുതൽ പത്ത് വർഷം വരെ തടവും, ദുർബല വിഭാഗങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ അഞ്ച് മുതൽ പതിനാല് വർഷം വരെ തടവും ലഭിക്കും. ഗുരുതര കേസുകളിൽ ഇരുപത് വർഷം മുതൽ ജീവപര്യന്തം വരെ തടവും കനത്ത പിഴയും ശിക്ഷയായി ലഭിക്കും.
വ്യാജ ഐഡന്റിറ്റി ഉണ്ടാക്കിയോ മതം മറച്ചുവെച്ചോ വിവാഹം ചെയ്യുന്നത് പുതിയ ബിൽ പ്രകാരം കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. കൂടാതെ, അനധികൃത മതപരിവർത്തനത്തിന് ഇരയായവർക്ക് സംരക്ഷണം, പുനരധിവാസം, വൈദ്യസഹായം, യാത്രാ-നിർവഹണ ചെലവുകൾ എന്നിവ നൽകുന്നതിനുള്ള വ്യവസ്ഥകളും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ നിയമം പൗരന്മാരുടെ മതപരമായ അവകാശങ്ങൾ സംരക്ഷിക്കുമെന്നും, വഞ്ചന, പ്രലോഭനം, സമ്മർദ്ദം എന്നിവയിലൂടെയുള്ള മതപരിവർത്തനം തടയുമെന്നും സാമൂഹിക സൗഹാർദ്ദം നിലനിർത്താൻ സഹായിക്കുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.
