മാത്യൂ ചെമ്പുകണ്ടത്തിൽ
ഇറാൻ ഇസ്‌ലാമിക റിപ്പബ്ലിക്കിന്റെ കർക്കശമായ നിയമസംഹിതകൾക്കിടയിലും ക്രിസ്തു വിശ്വാസത്തിനുവേണ്ടി നിലകൊള്ളുന്ന മനുഷ്യരുടെ കഥകൾ പലപ്പോഴും ലോകം കേൾക്കാറുള്ളത് ജയിലറകളിൽ നിന്നോ അല്ലെങ്കിൽ അവരുടെ രക്തസാക്ഷിത്വത്തെ സംബന്ധിച്ച വാർത്തകളിൽ നിന്നോ ആയിരിക്കും. ഇവരുടെ കൂട്ടത്തിൽ, വിശ്വാസത്തിനുവേണ്ടിയുള്ള സഹനങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ക്രിസ്തു ഭക്തനാണ് പാസ്റ്റർ യൂസഫ് നാദിർക്കാനി (Youcef Nadarkhani). കഠിനമായ പീഡനങ്ങളിലൂടെ കടന്നുപോകുന്ന ഇറാൻ ക്രൈസ്തവ സമൂഹത്തിന്റെ ജ്വലിക്കുന്ന സാക്ഷ്യവും പീഡിപ്പിക്കപ്പെടുന്ന ഇറാൻ സഭയുടെ അതിജീവനത്തിന്റെയും ധീരതയുടെയും പ്രതീകവുമാണ് പാസ്റ്റർ നാദിർക്കാനി.
♦️ ക്രിസ്തു വിശ്വാസത്തിലേക്കുള്ള
കടന്നുവരവും പ്രാരംഭ പ്രവർത്തനങ്ങളും
യൂസഫ് നാദിർക്കാനിയുടെ ജീവിതം ഒരു സാധാരണ ഇറാനി യുവാവിന്റേതായിരുന്നു. എന്നാൽ തന്റെ പത്തൊൻപതാം വയസ്സിൽ അദ്ദേഹം എടുത്ത തീരുമാനം ഇറാന്റെ ക്രൈസ്തവ ചരിത്രത്തിൽ വലിയൊരു ചലനമുണ്ടാക്കി. ഇസ്‌ലാം മതം ഉപേക്ഷിച്ചു ക്രിസ്തുവിശ്വാസം സ്വീകരിച്ച അദ്ദേഹം, കേവലം ഒരു വിശ്വാസി എന്നതിലുപരി ഒരു ആത്മീയ നേതാവായി വളർന്നു. റാഷ്ത് (Rasht) നഗരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ‘ചർച്ച് ഓഫ് ഇറാൻ’ എന്ന അണ്ടർഗ്രൗണ്ട് ഹൗസ് ചർച്ച് ശൃംഖലയുടെ പാസ്റ്ററായി അദ്ദേഹം ചുമതലയേറ്റു. ഇറാനിൽ പരസ്യമായി പള്ളികൾ സ്ഥാപിക്കുന്നതിനോ ആരാധന നടത്തുന്നതിനോ ഉള്ള വിലക്കുകളെ മറികടന്ന്, വീടുകൾ കേന്ദ്രീകരിച്ച് അദ്ദേഹം വിശ്വാസികളെ സംഘടിപ്പിച്ചു. ഇതാണ് അദ്ദേഹത്തെ ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറ്റിയത്.
♦️ വധശിക്ഷയുടെ നിഴലിൽ
ജയിൽവാസം (2009 – 2012)
2009-ൽ തന്റെ മക്കൾക്ക് സ്കൂളിൽ നിർബന്ധിത ഇസ്‌ലാമത പഠനം നൽകുന്നതിനെതിരെ അദ്ദേഹം ഉയർത്തിയ ശബ്ദം വലിയൊരു നിയമപോരാട്ടത്തിന് തുടക്കമിട്ടു. ഭരണഘടനാപരമായി ന്യൂനപക്ഷങ്ങൾക്ക് അവകാശപ്പെട്ട മതസ്വാതന്ത്ര്യത്തിനുവേണ്ടിയാണ് അദ്ദേഹം വാദിച്ചത്. എന്നാൽ, മുസ്ളിമായ വ്യക്തി മതംമാറി ക്രിസ്ത്യാനിയാകുന്നതു നിയമ വിരുദ്ധമാകയാൽ (Apostasy) 2010-ൽ കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചു.
കോടതിയിൽ വെച്ച് തന്റെ വിശ്വാസം തള്ളിപ്പറഞ്ഞാൽ മോചനം നൽകാമെന്ന് ജഡ്ജിമാർ മൂന്ന് തവണ ആവർത്തിച്ചപ്പോഴും, “ഞാൻ എന്റെ ക്രിസ്തുവിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നു” എന്ന അദ്ദേഹത്തിന്റെ മറുപടി ഇറാനിൽ പീഡനത്തിലൂടെ കടന്നുപോകുന്ന ക്രൈസ്തവർക്കു വലിയ ആവേശം നൽകിയ പ്രതികരണമായിരുന്നു. അന്താരാഷ്ട്ര തലത്തിൽ യു.എസ്, യു.കെ; ഇ.യു രാജ്യങ്ങളും വിവിധ മനുഷ്യാവകാശ സംഘടനകളുടെയും സമ്മർദ്ദത്തിനൊടുവിൽ 2012-ൽ അദ്ദേഹത്തിന്റെ വധശിക്ഷ ഇറാൻ റദ്ദാക്കി.
♦️ കൊടിയ പീഡനങ്ങളും
എവിൻ ജയിലിലെ വാസവും
താൽക്കാലികമായി മോചിതനായെങ്കിലും 2016-ൽ രാജ്യസുരക്ഷയെ തകർക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തി അദ്ദേഹത്തെയും സഹപ്രവർത്തകരെയും വീണ്ടും അറസ്റ്റ് ചെയ്തു. 2018-ൽ 10 വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട് അദ്ദേഹത്തെ ടെഹ്‌റാനിലെ കുപ്രസിദ്ധമായ എവിൻ ജയിലിൽ (Evin Prison) അടച്ചു. രാഷ്ട്രീയ തടവുകാരെയും മതവിചാരണ നേരിടുന്നവരെയും പാർപ്പിക്കുന്ന ഈ ജയിലിലെ ദുരിതപൂർണ്ണമായ ജീവിതം ശാരീരിക നിലയെ ബാധിച്ചെങ്കിലും അദ്ദേഹത്തിന്റെ ആത്മവീര്യം തളർന്നില്ല.
ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം, 2023 ഫെബ്രുവരിയിൽ ഇസ്‌ലാമിക വിപ്ലവത്തിന്റെ വാർഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പൊതുമാപ്പിൽ അദ്ദേഹം ജയിൽ മോചിതനായെങ്കിലും, സ്വന്തം കുടുംബത്തിൽ നിന്നും നഗരത്തിൽ നിന്നും 2000 കിലോമീറ്റർ അകലെയുള്ള നിക് ഷഹർ (Nik Shahr) എന്ന സ്ഥലത്തേക്കു അദ്ദേഹത്തെ നാടുകടത്തി. ജയിലിലുള്ള ശാരീരികമായ പീഡകളേക്കാൾ ക്രൂരമായ വിധത്തിൽ ഏകാന്ത ജീവിതം എന്ന ശിക്ഷ നൽകി മാനസികമായി പീഡിപ്പിക്കുക എന്ന ഭരണകൂട തന്ത്രമായിട്ടാണ് ഇതു വിലയിരുത്തപ്പെടുന്നത്.
♦️ ഇറാനിൽ ശൂന്യമാകുന്ന മോസ്കുകളും
വളരുന്ന ക്രിസ്തു വിശ്വാസവും
പാസ്റ്റർ നാദിർക്കാനിയുടെ ജീവിതം ഒരു വ്യക്തിയുടെ മാത്രം കഥയല്ല, ഇറാനിലെ ഇസ്ളാമത വിശ്വാസത്തിൽ അതിവേഗം സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ പ്രതിഫലനമാണ്. ഇറാനിലെ മോസ്കുകൾ ഇപ്പോൾ ശൂന്യമായിക്കൊണ്ടിരിക്കുന്നു എന്നത് അറബ് മാധ്യമങ്ങൾതന്നെ വെളിപ്പെടുത്തിയ വസ്തുതയാണ്. ഏകദേശം 75,000 മോസ്കുകളിൽ 50,000 എണ്ണവും പ്രവർത്തനരഹിതമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഭരണകൂടം മതത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിലുള്ള യുവജനങ്ങളുടെ മടുപ്പാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ക്രിസ്തീയ വിശ്വാസ വ്യാപനത്തിനൊപ്പം ഇറാനിൽ നിരീശ്വരവാദവും അതിവേഗം വളരുന്നു എന്നതും മതഭരണകൂടത്തെ ഭയപ്പെടുത്തുന്ന സംഗതിയാണ്.
♦️ അതിവേഗത്തിൽ വളരുന്ന
ഇറാൻ ഹൗസ് ചർച്ച് മൂവ്മെൻ്റ്
ഇറാനിൽ ക്രൈസ്തവ വിശ്വാസം വീടുകൾ കേന്ദ്രീകരിച്ച് രഹസ്യമായി പടരുകയാണ്. 2020-ന് ശേഷമുള്ള കണക്കുകൾ പ്രകാരം, ഏതാണ്ട് 10 ലക്ഷത്തോളം വിശ്വാസികൾ ഇറാനിലുണ്ടെന്ന് കണക്കാക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് 50 ലക്ഷം കവിഞ്ഞു കാണുമെന്നാണ് കരുതുന്നത്. സ്നേഹത്തിലും സമാധാനത്തിലും അധിഷ്ഠിതമായ ഒരു ആത്മീയത തേടുന്ന ഇറാനി ജനതയ്ക്ക് ക്രിസ്തുവിന്റെ സന്ദേശം വലിയൊരു ആവേശമായി മാറുന്നു.
ഇറാനിലെ ഹൗസ് ചർച്ച് മൂവ്‌മെന്റ് (Underground House Church Movement) ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന ക്രൈസ്തവ മുന്നേറ്റങ്ങളിലൊന്നാണ്. പരസ്യമായ ആരാധനാലയങ്ങൾക്കും സുവിശേഷ പ്രസംഗങ്ങൾക്കും ഭരണകൂടം കർശന വിലക്കേർപ്പെടുത്തിയതോടെയാണ് വിശ്വാസികൾ വീടുകൾ കേന്ദ്രീകരിച്ച് ഒത്തുചേരാൻ തുടങ്ങിയത്. ഈ വീട്ടുസഭകൾക്ക് കൃത്യമായ ഒരു കേന്ദ്രീകൃത നേതൃത്വമില്ലാത്തതിനാൽ അധികാരികൾക്ക് അവരെ കണ്ടെത്തുകയെന്നത് പ്രയാസകരമാക്കുന്നു.
ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ് വീടുകളിൽ രഹസ്യമായി പ്രാർത്ഥിക്കുകയും ബൈബിൾ പഠിക്കുകയും ചെയ്യുന്ന ഈ രീതി, പീഡനങ്ങൾക്കിടയിലും വിശ്വാസം പടരാൻ സഹായിക്കുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യയും സാറ്റലൈറ്റ് ചാനലുകളും ഈ മുന്നേറ്റത്തിന് ഇന്ന് വലിയ കരുത്തുപകരുന്നുണ്ട്. ഭയത്തേക്കാൾ ഉപരിയായി സ്നേഹത്തിലും പരസ്പര സഹകരണത്തിലും അധിഷ്ഠിതമായ ഈ സുവിശേഷികരണ രീതി ഇറാനിലെ യുവാക്കളെയും സ്ത്രീകളെയും ഒരുപോലെ ആകർഷിക്കുന്നു.
♦️ അപ്പസ്തോലിക കാലം മുതൽ നിലനിൽക്കുന്ന പേർഷ്യയിലെ സഭ
ഇറാനിലെ ക്രൈസ്തവ സഭ 1979-ലെ വിപ്ലവത്തിന് ശേഷം ഉണ്ടായ ഒന്നല്ല. ഇത് അപ്പസ്തോലിക കാലം മുതൽക്കേ പേർഷ്യൻ മണ്ണിൽ നിലനിന്നിരുന്നതാണ്. “അസ്സീറിയൻ ചർച്ച് ഓഫ് ദി ഈസ്റ്റ്” വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മിഷനറിമാരെ അയച്ചിരുന്ന ഒരു ചരിത്രം പേർഷ്യയ്ക്കുണ്ട്. ഏഴാം നൂറ്റാണ്ടു മുതലുള്ള ഇസ്ളാമത വ്യാപനവും 14-ാം നൂറ്റാണ്ടിലെ മംഗോളിയൻ ആക്രമണങ്ങളും തുടർന്നുവന്ന രാഷ്ട്രീയ മാറ്റങ്ങളും സഭയെ ദുർബലപ്പെടുത്തിയെങ്കിലും, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നിലനിൽക്കുകയും ജനസമൂഹങ്ങളിലേക്കു വ്യാപിക്കുകയും ചെയ്യുന്നു.
പാസ്റ്റർ യൂസഫ് നാദിർക്കാനിയെപ്പോലെയുള്ളവരുടെ ത്യാഗങ്ങൾ വെറുതെയാകുന്നില്ല. ഇറാന്റെ നിയമങ്ങൾ ക്രൈസ്തവ സഭയുടെ വളർച്ചയെ തടയാൻ ശ്രമിക്കുമ്പോഴും, പീഡനങ്ങൾക്കിടയിൽ സഭ കൂടുതൽ കരുത്താർജ്ജിക്കുന്നു. ഇറാൻ ഇന്നു കേവലമൊരു രാഷ്ട്രീയ മാറ്റത്തിനല്ല, വലിയൊരു ആത്മീയ പരിവർത്തനത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ഇരുളടഞ്ഞ മതദർശനങ്ങളിൽ നിന്ന് ക്രിസ്തുവിൻ്റെ പ്രകാശത്തിലേക്ക് ഒരു ജനത നടന്നുനീങ്ങുന്ന കാഴ്ചയാണ് ഇറാനിൽ കാണുന്നത്.

