
വാർത്ത:ഷാജി കാരയ്ക്കൽ
ന്യൂയോർക്ക്: പതിറ്റാണ്ടുകളായി പോരടിച്ചിരുന്ന ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യമായ അർമേനിയയും അയൽരാജ്യമായ അസർബൈജാനും സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചു. AD 301 മുതൽ ക്രൈസ്തവ രാജ്യമായ അർമേനിയയും അയൽ രാജ്യമായ അസർബൈജാനുമായി പതിറ്റാണ്ടുകളുടെ പഴക്കമുള്ള പോരാട്ടങ്ങൾ തുടരുകയായിരുന്നു. ഇരുഭാഗത്തും വൻ ആൾനാശവും സാമ്പത്തിക, സാമൂഹ്യ പ്രശ്നങ്ങളുമായിരുന്നു യുദ്ധക്കെടുതികളിലൂടെ ഇരു രാജ്യങ്ങളുമുണ്ടാക്കിയ നേട്ടം. ഇരുപക്ഷത്തുമുണ്ടായ ഈ കെടുതികൾക്കു അറുതി വരുത്തി കൊണ്ട്
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ 2025 ഓഗസ്റ്റ്. 8.നു ഇരു രാജ്യങ്ങളുടെയും നേതാക്കൾ സമാധാന കരാറിൽ ഒപ്പുവെച്ചത്. ചരിത്രം തിരുത്തി കുറിക്കുന്ന ഈ നടപടി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉളവാക്കുമെന്ന് കരുതപ്പെടുന്നു. പ്രത്യേകിച്ച് ഈ പ്രദേശങ്ങളിൽ റഷ്യയുടെ ശക്തമായ സ്വാധിനത്തിന് വലിയ ആഘാതം ഏൽപ്പിച്ചു കൊണ്ടാണ് ട്രമ്പിന്റെ ഈ മുന്നേറ്റം. ഇരു രാജ്യങ്ങളിലെയും നേതാക്കൾ ട്രംപ് നോബൽ സമ്മാനത്തിന് അർഹനാണെന്ന് അവകാശപ്പെടുന്നു.അടുത്തിടെയാണ് തായ്‌ലന്റും കംബോഡിയയും തമ്മിലുള്ള പ്രശ്നം രമ്യമായി പരിഹരിച്ച് യുദ്ധത്തിന് വിരാമമിട്ടത്. അതിനും അമേരിക്കൻ പ്രസിഡന്റ് ട്രംപ് ആണ് മുൻകൈയെടുത്തത്. രണ്ടാമതും അധികാരത്തിലെത്തിയതിനെ തുടർന്ന് നടത്തുന്ന നിരവധി സമാധാന ശ്രമങ്ങളുടെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് അസർബൈജാൻ – അർമേനിയ സമാധാന കരാർ. സമാധാനവും സമൃദ്ധിയും പുലരുന്ന ഭാവി നാളുകളെ ഉറ്റുനോക്കുകയാണ് ഇരു രാജ്യങ്ങളിലെയും സാധാരണക്കാരും സമീപ രാജ്യങ്ങളും.
