ഭോപാൽ: നിർബന്ധിത മതപരിവർത്തനം ആരോപിച്ച് മധ്യപ്രദേശിൽ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം. തിരുവനന്തപുരം സ്വദേശി ഫാദർ ഗോഡ്വിനാണ് കോടതി ഇടപെടലിൽ ആശ്വാസം ലഭിച്ചത്. രത്നം ജില്ലാ കോടതിയാണ് ഗോഡ്വിന് ജാമ്യം അനുവദിച്ചത്.
ഒക്ടോബർ 25നാണ് തിരുവനന്തപുരം സ്വദേശി ഗോഡ്വിനെ മധ്യപ്രദേശിലെ ജാംബുവയിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. സിഎസ്ഐ ദക്ഷിണ കേരള മഹായിടവക ബോർഡ് ഓഫ് മിഷനുമായി ചേർന്ന് പ്രവർത്തിക്കുന്നതിനിടെയായിരുന്നു പൊലീസ് നടപടി. മതപരിവർത്തന നിരോധിത നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരമായിരുന്നു സിഎസ്ഐ വൈദികനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ജാബുവയിൽ മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് ചില ആളുകൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
അറസ്റ്റിലായി 12 ദിവസത്തിന് ശേഷമാണ് തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ഫാദർ ഗോഡ്വിന് ജാമ്യം ലഭിക്കുന്നത്. മതപരിവർത്തനം ആരോപിച്ച് സിഎസ്ഐ വൈദികനെ അറസ്റ്റ് ചെയ്തതിൽ കടുത്ത പ്രതിഷേധവുമായി സിഎസ്ഐ ദക്ഷിണ കേരള മഹായിടവകയുൾപ്പെടെ രംഗത്തെത്തിയിരുന്നു.
മതപരിവർത്തനവുമായി ബന്ധപ്പെട്ട് പരാതികൾ ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെങ്കിലും മറ്റ് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് തെളിവുകൾ ഹാജരാക്കാൻ പൊലീസിന് സാധിച്ചിരുന്നില്ല.

