മാത്യു ചെമ്പുകണ്ടത്തിൽ
യേശുക്രിസ്തുവിലൂടെ നിറവേറിയ രക്ഷാകർമ്മങ്ങൾ മനുഷ്യവംശത്തെ സംബന്ധിച്ച് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമായിരുന്നു. അതിനാൽ ഓശാന ഞായർ മുതൽ ഉയിർപ്പു ഞായർ വരെയുള്ള ദിവസങ്ങളെ “രക്ഷയുടെ ആഘോഷം” (The Festival of Salvation) എന്നായിരുന്നു ചരിത്രകാരന്മാരും സഭാപിതാക്കന്മാരും വിളിച്ചിരുന്നത്. ചരിത്രകാരനായ സോക്രട്ടീസ് സ്കോളാസ്റ്റിക്കസ് (Socrates Scholasticus) തൻ്റെ ‘ചർച്ച് ഹിസ്റ്ററി’യിൽ (Ecclesiastical History) “രക്ഷയുടെ ആഘോഷം” എന്നാണു രേഖപ്പെടുത്തിയത് (പേജ് 34).
എ.ഡി. 325-ലെ ഒന്നാം നിഖ്യാ കൗൺസിൽ ഇതിൽ വരുത്തിയ ഏകീകരണത്തിൽ നിന്നു ആദിമസഭയിൽ ഈസ്റ്റർ ആഘോഷങ്ങൾക്കുണ്ടായിരുന്ന ചരിത്രപരമായ പ്രാധാന്യം കാണുവാൻ സാധിക്കും. സഭ കടുത്ത പീഡനങ്ങളിലൂടെ കടന്നുപോയ ആദിമ നൂറ്റാണ്ടുകളിൽ ഈ ‘രക്ഷയുടെ തിരുനാൾ’ അതീവ രഹസ്യമായും വലിയ ഭക്തിയോടെയും അവർ ആഘോഷിച്ചിരുന്നു.
പുതിയ വിശ്വാസികൾക്കു സ്നാനം നൽകുന്നതിനും സഭയിലേക്ക് അവരെ പൂർണ്ണമായി സ്വീകരിക്കുന്നതിനും ഈ കാലയളവാണ് ആഭിമസഭ തിരഞ്ഞെടുത്തിരുന്നത്. വിവിധ ദേശങ്ങളിലെ സഭകളിൽ ആരാധനാ രീതിയും നിയമങ്ങളും വ്യത്യസ്തമായിരിക്കാം, എന്നാൽ രക്ഷയുടെ ഈ മഹത്തായ തിരുനാൾ എല്ലാവരെയും ഒരേ വിശ്വാസത്തോടെയാണ് ആഘോഷിച്ചത്.
AD 325-ലെ ഒന്നാം നിഖ്യാ കൗൺസിലിന് മുമ്പു സഭയിൽ ഈസ്റ്റർ തീയതിയെച്ചൊല്ലി വലിയ തർക്കങ്ങൾ നിലനിന്നിരുന്നു. യഹൂദ കലണ്ടറിലെ നിസാൻ മാസം 14-ന് ആഘോഷിക്കണമെന്നും അതല്ല ഞായറാഴ്ച തന്നെ വേണമെന്നും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. വിശ്വാസപ്രമാണത്തിലൂടെ ക്രിസ്തുവിനെക്കുറിച്ചുള്ള വിശ്വാസം ഏകീകരിച്ചതുപോലെ, ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഒരേ ദിവസം ‘രക്ഷയുടെ തിരുനാൾ’ ആഘോഷിക്കണമെന്നും കൗൺസിൽ നിശ്ചയിച്ചു.
വിശ്വാസപ്രമാണത്തിൽ ഏറ്റുപറയുന്ന “മരിച്ചവരുടെ ഇടയിൽ നിന്ന് ഉയിർത്തെഴുന്നേറ്റു” എന്ന വിശ്വാസസത്യത്തിന് നൽകുന്ന അതേ ഗൗരവം ആദിമസഭ ഈ ആഘോഷത്തിന്റെ ക്രമീകരണത്തിനും നൽകിയിരുന്നു. നിഖ്യാ കൗൺസിലിലൂടെ ഈ ആഘോഷം ഒരു ആഗോള ക്രൈസ്തവ അടയാളമായി മാറി. പീഡാനുഭവം മുതൽ പുനഃരുത്ഥാനം വരെയുള്ള ദിനങ്ങൾ മനുഷ്യകുലത്തിന് പാപത്തിൽ നിന്നുള്ള മോചനവും പ്രത്യാശയും നൽകുന്ന സുപ്രധാനമായ ചരിത്രസന്ധിയായി മുദ്രകുത്തപ്പെട്ടു.
ക്രിസ്തു മരിച്ചവരുടെ ഇടയിൽ നിന്ന് ഉയിർത്തെഴുന്നേറ്റില്ലെങ്കിൽ തങ്ങളുടെ വിശ്വാസം വ്യർത്ഥമാണെന്ന് പൗലോസ് ശ്ലീഹാ പഠിപ്പിച്ചു. അതിനാൽ, പീഡാനുഭവ ആഴ്ചയും ഉയർപ്പു ഞായറും വിശ്വാസികൾക്ക് വെറുമൊരു വാർഷികാചരണമായിരുന്നില്ല, മറിച്ച് തങ്ങളുടെ രക്ഷയുടെ (Salvation) ഔദ്യോഗിക വിളംബരമായിരുന്നു.

