മാത്യു ചെമ്പുകണ്ടത്തിൽ
ലോകത്തിലെ ഏറ്റവും ശക്തവും സുസ്ഥിരവുമെന്ന് ഒരു കാലത്ത് വാഴ്ത്തപ്പെട്ടിരുന്ന ബ്രിട്ടീഷ് പാർലമെന്ററി ജനാധിപത്യം ഇന്ന് അഭൂതപൂർവമായ രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വെറും രണ്ടു വർഷം മുൻപ്, 2024 ജൂലൈയിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ലേബർ പാർട്ടി പ്രധാനമന്ത്രി സർ കീർ സ്റ്റാമറുടെ അപ്രതീക്ഷിത രാജി ബ്രിട്ടനെ വീണ്ടുമൊരു രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടരുന്ന രാഷ്ട്രീയ അസ്ഥിരതയുടെ ഏറ്റവും പുതിയ അധ്യായമാണിത്.
ആറ് പ്രധാനമന്ത്രിമാർ;
അസ്ഥിരതയുടെ റെക്കോർഡ്
ബ്രിട്ടീഷ് ചരിത്രത്തിൽ ഇതുവരെ കാണാത്ത വിധത്തിലുള്ള ഭരണാധികാരികളുടെ കസേരകളിയാണ് സമീപകാലത്തായി ലണ്ടനിലെ ’10 ഡൗണിംഗ് സ്ട്രീറ്റിൽ’ അരങ്ങേറുന്നത്. കഴിഞ്ഞ പത്തു കൊല്ലത്തിനുളളിൽ രാജ്യം കണ്ടത് അഞ്ച് പ്രധാനമന്ത്രിമാരെയാണ്. ആറാമത്തെയാൾ ആണ് ഇനി ചുമതലയൽക്കാൻ പോകുന്നത്.
തെരേസ മേയ്: (July 2016 – July 2019) ബ്രെക്സിറ്റ് (Brexit) പ്രതിസന്ധിയെത്തുടർന്ന് രാജി വെക്കേണ്ടി വന്നു.
ബോറിസ് ജോൺസൺ: (July 2019 – September 2022): കോവിഡ് കാലത്തെ വിവാദങ്ങളും സ്വന്തം പാർട്ടിയിലെ ആഭ്യന്തര കലഹങ്ങളും പുറത്താക്കലിലേക്ക് നയിച്ചു.
ലിസ് ട്രസ്: (September 2022 – October 2022) കേവലം 45 ദിവസം മാത്രം അധികാരത്തിലിരുന്ന്, ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ കാലാവധിയുള്ള പ്രധാനമന്ത്രിയായി മാറി.
ഋഷി സുനക് (October 2022 – July 2024): സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ഭരണം നയിച്ചെങ്കിലും 2024-ലെ പൊതുതിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി തകർന്നടിഞ്ഞു.
കീർ സ്റ്റാമർ (July 2024 – June 2026) മൃഗീയ ഭൂരിപക്ഷത്തോടു ലേബർ പാർട്ടിയെ അധികാരത്തിൽ എത്തിച്ചെങ്കിലും പാർട്ടിയിലെ ആഭ്യന്തര കലാപവും ജനപ്രീതിയിടിവും കാരണം ഒടുവിൽ രാജി പ്രഖ്യാപിച്ചു.
ഒരു ജനാധിപത്യ രാജ്യത്ത് ഇത്രയും കുറഞ്ഞ കാലയളവിനുള്ളിൽ ഇത്രയധികം ഭരണമാറ്റങ്ങൾ ഉണ്ടാകുന്നത് വിപണിയെയും രാജ്യത്തിന്റെ സുസ്ഥിരതയെയും സാരമായി ബാധിച്ചിട്ടുണ്ട്.
സ്റ്റാമറുടെ വീഴ്ചയ്ക്കു
പിന്നിൽ എന്ത് ?
2024-ൽ വലിയ ജനവിധി നേടി അധികാരത്തിൽ വന്നെങ്കിലും, ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ സ്റ്റാമർക്ക് കഴിഞ്ഞില്ലെന്ന വിലയിരുത്തലിലാണ് സ്വന്തം പാർട്ടി എം.പിമാർ തന്നെ അദ്ദേഹത്തിനെതിരെ തിരിഞ്ഞത്. ജീവിതച്ചെലവ് വർദ്ധനവ്, തകർന്ന പൊതുജനാരോഗ്യം (NHS), സാമ്പത്തിക മാന്ദ്യം, വിവാദപരമായ ചില നയതന്ത്ര നിയമനങ്ങൾ എന്നിവ സ്റ്റാമറുടെ ജനപ്രീതി കുത്തനെ ഇടുപ്പിച്ചു. ഒടുവിൽ ആഭ്യന്തര സമ്മർദ്ദങ്ങൾക്ക് വഴങ്ങി, അടുത്ത പൊതുതിരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടിക്ക് പുതിയൊരു നേതാവ് വേണമെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട് അദ്ദേഹം പടിയിറങ്ങുകയായിരുന്നു. മാഞ്ചസ്റ്റർ മുൻ മേയർ ആൻഡി ബേൺഹാം (Andy Burnham) പുതിയ നേതാവാകാൻ രംഗത്തെത്തിക്കഴിഞ്ഞു.
റീഫോം യുകെയുടെ (Reform UK)
വളർച്ചയും ഫരാജ് തരംഗവും
ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ പരമ്പരാഗത കക്ഷികളായ ലേബർ പാർട്ടിക്കും കൺസർവേറ്റീവ് പാർട്ടിക്കും ഭീഷണിയുയർത്തിക്കൊണ്ട് തീവ്രവലതുപക്ഷ സ്വഭാവമുള്ള ‘റീഫോം യുകെ’ (Reform UK) എന്ന പാർട്ടി കൈവരിക്കുന്ന അസാധാരണ വളർച്ചയാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം. നൈജൽ ഫരാജിന്റെ നേതൃത്വത്തിലുള്ള ഈ പാർട്ടി, കുടിയേറ്റ വിരുദ്ധതയും കടുത്ത ദേശീയതയും മുൻനിർത്തി ജനങ്ങൾക്കിടയിൽ സ്വാധീനം ഉറപ്പിക്കുകയാണ്.
രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഭരണസ്ഥിരത നൽകാൻ കഴിവുള്ള പുതിയൊരു സർക്കാർ വരണമെന്ന ആവശ്യം ഫരാജ് ഉയർത്തിക്കഴിഞ്ഞു.
ലേബർ പാർട്ടിയുടെ കോട്ടകളിൽപ്പോലും റീഫോം യുകെ ഉണ്ടാക്കുന്ന മുന്നേറ്റം പരമ്പരാഗത രാഷ്ട്രീയ സമവാക്യങ്ങളെ അട്ടിമറിക്കുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഈ പാർട്ടി വലിയൊരു ശക്തിയായി മാറുമെന്ന ഭയം ലേബർ പാർട്ടിക്കുള്ളിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം നടന്ന കൗൺസിൽ തെരഞ്ഞെടുപ്പുകളിൽ പല ലേബർ /കൺസർവ്വേറ്റീവ് കോട്ടകളും റീഫോം UK തകർത്തിരുന്നു. ഇനിയൊരു പൊതുതെരഞ്ഞെടുപ്പുണ്ടായാൽ തങ്ങൾ തീർച്ചയായും അധികാരത്താൽ വരുമെന്ന് നൈജൽ ഫറാജ് കരുതുന്നു.
ബ്രെക്സിറ്റോടെ ആരംഭിച്ച രാഷ്ട്രീയ അസ്ഥിരതയുടെ അലയൊലികൾ ഇനിയും അടങ്ങിയിട്ടില്ല. യൂറോപ്യൻ യൂണിയനിലേക്കു മടങ്ങിപ്പോകാനുള്ള സർ കീർ സ്റ്റാമറുടെ നീക്കത്തിനു വേണ്ട പിന്തുണ നേടിയെടുക്കാൻ കഴിയാതെ പോയതും അദ്ദേഹത്തിൻ്റെ വീഴ്ചയുടെ ആഘാതം വർദ്ധിപ്പിച്ചു.

