മാത്യു ചെമ്പുകണ്ടത്തിൽ
ചൈനയിലെ വെൻഷൗ (Wenzhou) നഗരത്തിലെ യായാങ് ചർച്ച് (Yayang Church) കെട്ടിടം അധികൃതർ ബുൾഡോസറുകൾ ഉപയോഗിച്ച് തകർത്തു. ‘ചൈനയുടെ ജറുസലേം’ എന്നറിയപ്പെടുന്ന വെൻഷൗവിൽ സഭാ കെട്ടിടം പൊളിക്കാനായി നൂറുകണക്കിന് സായുധ പോലീസുകാരെയാണ് വിന്യസിച്ചത്. (വിശദമായ വായനയ്ക്ക് BBC ലിങ്ക് കമൻറ് ബോക്സിൽ )
യായാങ് ചർച്ചിന് സമീപം താമസിക്കുന്നവരെ അവിടെ നിന്ന് ഒഴിപ്പിക്കുകയും, സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.
നേരത്തെ 2018-ലും ഈ സഭയ്ക്ക് നേരെ സർക്കാരിൻ്റെ ഭാഗത്തുനിന്നു വലിയ രീതിയിലുള്ള ആക്രമണം നടന്നിരുന്നു. അന്ന് അറസ്റ്റിലായ പാസ്റ്റർ വാംഗ് യിയെ ഒൻപത് വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. അദ്ദേഹം ഇപ്പോഴും ജയിലിലാണ്. ഇപ്പോഴും ജയിലിലാണ്.
കഴിഞ്ഞ ഏതാനും ഈ ആഴ്ചകളായി ചൈനയിലെ പ്രധാനപ്പെട്ട ‘അണ്ടർഗ്രൗണ്ട്’ സഭകളിലെല്ലാം പോലീസ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നു. പ്രമുഖ സഭയായ “ഏർലി റെയിൻ കവനന്റ് ചർച്ച് -നെ (Early Rain Covenant Church) ലക്ഷ്യമിട്ട് പോലീസ് നടപടിയിൽ നിരവധി പേരേ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. സഭയുടെ പാസ്റ്ററായ ലി യിൻക്യാങ് (Li Yingqiang) അദ്ദേഹത്തിന്റെ ഭാര്യ സാങ് സിൻയു എന്നിവർ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. ചെങ്ഡു (Chengdu) നഗരത്തിൽ ഈ കഴിഞ്ഞ ചൊവ്വാഴ്ച പോലീസ് നടത്തിയ റെയ്ഡിലും നിരവധി ക്രിസ്ത്യാനികൾ അറസ്റ്റുചെയ്യപ്പെട്ടിട്ടുണ്ട്.
2015 മുതൽ പ്രസിഡന്റ് ഷി ജിൻപിംഗ് നടപ്പിലാക്കുന്ന നയം അനുസരിച്ച്, എല്ലാ മതങ്ങളും ചൈനീസ് സംസ്കാരത്തിനും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മൂല്യങ്ങൾക്കും വിധേയമായിരിക്കണം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആശയങ്ങളുമായി പൊരുത്തപ്പെടാത്ത സഭകളെ ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് വിലയിരുത്തപ്പെടുന്നു.
സർക്കാർ അംഗീകരിച്ച പള്ളികളിൽ മാത്രം ആരാധന നടത്താൻ വിശ്വാസികൾക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ട്. എന്നാൽ ദശലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴും ഇത്തരം ‘രഹസ്യ’ സഭകളെയാണ് ആശ്രയിക്കുന്നത്.
ചൈന ഔദ്യോഗികമായി നിരീശ്വരവാദം പ്രോത്സാഹിപ്പിക്കുകയും മതങ്ങളെ കർശനമായി നിയന്ത്രിക്കുകയും ചെയ്യുന്ന രാജ്യമാണ്. സർക്കാർ അംഗീകരിച്ച സഭകളിൽ മാത്രം ചേരാനാണ് വിശ്വാസികൾക്ക് മേൽ സമ്മർദ്ദമുള്ളത്.
സോഷ്യൽ മീഡിയയിലൂടെ മതപ്രസംഗങ്ങൾ നടത്തുന്നതിനും കുട്ടികൾക്കായി ഓൺലൈൻ പരിപാടികൾ സംഘടിപ്പിക്കുന്നതിനും കഴിഞ്ഞ വർഷം സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു.
രാജ്യത്ത് 4.4 കോടി (44 മില്യൺ) ക്രിസ്ത്യാനികളുണ്ടെന്ന് 2018-ൽ സർക്കാർ അറിയിച്ചിരുന്നു; എന്നാൽ ഈ കണക്കിൽ അനേകം അണ്ടർഗ്രൗണ്ട് (രഹസ്യ) സഭകളിൽ പോകുന്നവർ ഉൾപ്പെട്ടിട്ടുണ്ടോ എന്നത് വ്യക്തമല്ല.
രാജ്യം മതസ്വാതന്ത്ര്യം മാനിക്കണമെന്നും തടവിലാക്കിയവരെ ഉടൻ മോചിപ്പിക്കണമെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകൾ ചൈനയോട് ആവശ്യപ്പെട്ടു.

