ന്യൂഡൽഹി: ബീരാ മിനിസ്ട്രിയുടെ ഡൽഹി റീജിയന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 3-ാമത് വാർഷിക കൺവെൻഷൻ, ബീരാ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗ്രാജുവേഷൻ, പാസ്റ്റേഴ്സ് ഓർഡിനേഷൻ തുടങ്ങിയ ശുശ്രൂഷകൾ ഒക്ടോബർ 2, 2026-ന് ഡൽഹി ദ്വാരകയിലെ ഓപ്പറേഷൻ അഗാപ്പെ സെന്ററിൽ നടക്കും.
“സാമ്പത്തിക പരിമിതികൾ കാരണം ആരും ദൈവവചനം പഠിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കരുത്” എന്ന ദർശനത്തോടെ റവ. ഡോ. മാത്യു കുര്യൻ ആരംഭിച്ച ബീരാ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് ദൈവവചന പഠനത്തിനുള്ള അവസരം ഒരുക്കിക്കൊണ്ട് പ്രവർത്തിച്ചുവരുന്നു. ലോകത്തിന്റെ ഏഴ് വൻകരകളിലായി വ്യത്യസ്ത സമയക്രമങ്ങളിൽ ഓൺലൈൻ ക്ലാസുകൾ നടത്തുന്നതോടൊപ്പം, ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ ഒരുമിച്ചുകൂട്ടി പഠിപ്പിക്കുന്ന ഓഫ്ലൈൻ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് സംവിധാനവും പ്രവർത്തിക്കുന്നു.
ലോകത്തിന്റെ വിവിധ രാജ്യങ്ങളിലും പ്രദേശങ്ങളിലും സേവനം ചെയ്യുന്ന പരിചയസമ്പന്നരും വിദ്യാഭ്യാസ യോഗ്യതയും അധ്യാപനപ്രാവീണ്യവും ദൈവകൃപയും ഉള്ള അധ്യാപകരുടെ നേതൃത്വത്തിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് ക്ലാസുകൾ നടത്തുന്നത്.
ബീരാ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ കോഴ്സുകൾ പൂർത്തിയാക്കി ഗ്രാജുവേഷൻ നേടുന്ന വിദ്യാർത്ഥികളിൽ സുവിശേഷ ശുശ്രൂഷയ്ക്കായി സമർപ്പിതരായവർക്കുള്ള ഓർഡിനേഷൻ ശുശ്രൂഷ ഒക്ടോബർ 3-ന് നടക്കും.
ഗ്രാജുവേഷൻ, കൺവെൻഷൻ, ഓർഡിനേഷൻ ശുശ്രൂഷകളിൽ വിവിധ സഭകളിൽ നിന്നും ശുശ്രൂഷാ മേഖലകളിൽ നിന്നുമുള്ള ദൈവദാസന്മാർ പങ്കെടുക്കും. IATA ഡയറക്ടർ റവ. ഡോ. സ്റ്റാലിൻ കെ. തോമസ്, റവ. ഡോ. അലക്സ് ജോൺ (മാവേലിക്കര), റവ. ജിജി പോൾ, റവ. സാജൻ ടി. അലക്സ്, റവ. വിനോദ് (വയനാട്), റവ. ബെൻസൺ ഡാനിയേൽ (ഗുജറാത്ത്), റവ. സജിത്ത് ലാൽ തുടങ്ങിയവർ വിവിധ ശുശ്രൂഷകളിൽ പങ്കെടുക്കും.
ദൈവവചന പഠനത്തിലൂടെയും സുവിശേഷ ശുശ്രൂഷയിലൂടെയും സമൂഹത്തിൽ ആത്മീയവും സാംസ്കാരികവുമായ മാറ്റങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ഈ മഹനീയ ശുശ്രൂഷകളിലേക്ക് എല്ലാ പ്രിയപ്പെട്ടവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ബീരാ മിനിസ്ട്രി അറിയിച്ചു.

