റവ: ജോർജ് വർഗീസ് (ഷാജി കാരയ്ക്കൽ)
കൾവർ സിറ്റി, കാലിഫോർണിയ: ലോകമെങ്ങുമുള്ള സ്വീകരണമുറികളിലും സ്മാർട്ട്ഫോണുകളിലും ഇപ്പോൾ പടരുന്നത് ഒരു പ്രത്യേക തരംഗമാണ്. ഇതു വെറും വാർത്താ ചാനലുകളോ രാഷ്ട്രീയ ചർച്ചകളോ അല്ല ഇത്, മറിച്ച് സിയോൾ മുതൽ സാവോ പൗളോ വരെ… ലോകത്തെ ഒന്നിപ്പിച്ച ആ ഒരു വീഡിയോ! ‘ദ ചോസൺ’ 6-ാം പരമ്പരയുടെ ആദ്യ എപ്പിസോഡ് അന്താരാഷ്ട്രതലത്തിൽ എത്തിയതാണ്.
ഇതൊരു സാധാരണ ചരിത്ര നാടകമല്ല. സാധാരണ നാം കാണാറുള്ള, പണ്ടെങ്ങോ ഉണ്ടായിരുന്ന പുണ്യരൂപങ്ങളായല്ല ഇതിലെ കഥാപാത്രങ്ങൾ. പകരം, നമ്മെപ്പോലെ ചിന്തിക്കുകയും സംശയിക്കുകയും തർക്കിക്കുകയും ചെയ്യുന്ന സാധാരണക്കാർ മനുഷ്യരായാണ് അവരെ ചിത്രീകരിക്കുന്നത്. അതു തന്നെയാണ് ജനകോടികൾക്ക് ആകർഷണമായി ഈ പരമ്പര എത്തുന്നത്.
നമ്മുടെ ജീവിതത്തിലെ സങ്കടങ്ങളും ആശയക്കുഴപ്പങ്ങളും രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ജീവിച്ച ഒരു മീൻപിടുത്തക്കാരനോ ചുങ്കം പിരിക്കുന്നവനോ അനുഭവിച്ചിട്ടുണ്ടാകാം എന്ന തിരിച്ചറിവ് നമ്മിൽ എത്തിക്കാൻ ഈ എപ്പിസോഡിന് കഴിയുണ്ട്. പുതിയ തലമുറയുടെ ഡിജിറ്റൽ ലോകത്ത് നാമെല്ലാരും സംയോജിതരാണെന്ന് പറയുമെങ്കിലും, ഉള്ളിന്റെ ഉള്ളിൽ നമ്മൾ അനുഭവിക്കുന്ന ഏകാന്തതയ്ക്ക് പരിഹാരം നല്കാൻ ഈ ആവിഷ്കാരത്തിന് കഴിയുണ്ട്.
ലോകത്തിന്റെ വിവിധ കോണുകളിലുള്ള മനുഷ്യർ ഒരേ സമയം ഒരേ വികാരം പങ്കിടുന്ന അപൂർവ്വ കാഴ്ചയാണിത്. വെറുമൊരു ടിവി ഷോ എന്നതിലുപരി, ഇത് മനുഷ്യരെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലമായി മാറുകയാണ്.
ആദ്യ എപ്പിസോഡ് അവസാനിക്കുമ്പോൾ നമ്മുടെ മനസ്സിൽ വരുന്നത് “അടുത്ത് എന്ത് സംഭവിക്കും?” എന്ന ചോദ്യമല്ല, മറിച്ച് “എന്തുകൊണ്ടാണ് ഈ പഴയ കഥ ഇന്നും നമ്മെ ഇത്രയധികം സ്വാധീനിക്കുന്നത്?” എന്നതാണ്.
ഒരുപക്ഷേ, നാമെല്ലാം, ആരെങ്കിലും നമ്മളെ തിരിച്ചറിയണമെന്നും സ്നേഹിക്കണമെന്നും ആഗ്രഹിക്കുന്നവരാകാം. ആ ഒരു തോന്നലാണ് ഈ ചിത്രീകരണത്തെ ഇത്രയും പ്രിയപ്പെട്ടതാക്കുന്നത്.

