ജോർജ് വർഗീസ്
തെഹ്റാന് — ജനുവരിയിലെ വിമത പ്രതിഷേധങ്ങള്‍ക്കിടെ പ്രതിഷേധക്കാരെ അക്രമത്തില്‍ നിന്ന് രക്ഷിക്കാന്‍ സഹായിച്ചെന്ന കുറ്റത്തിന് ഇറാന് ഭരണകൂടം രണ്ട് യുവാക്കളെ തൂക്കിലേറ്റി. മനുഷ്യാവകാശ സംഘടനകള്‍ ഇതിനെ ഭരണകൂടത്തിന്റെ ക്രൂരമായ ദമനനയത്തിന്റെ ഭാഗമായി വിശേഷിപ്പിക്കുന്നു.
2026 ജൂലൈ 19-ന് ഇസ്ഫഹാനിലെ ദസ്ത്ഗര്ദ് ജയിലില്‍ എര്ഫാന് എസ്ഫന്ദിയാരിയെയും(18) ഗോള്‍ മുഹമ്മദ് മൊഹമ്മദിയെയും(24, അഫ്ഗാന് പൗരന്) തൂക്കിലേറ്റിയതായി ഇറാന് ജുഡീഷ്യറി അറിയിച്ചു. ഇരുവരും ഇസ്ഫഹാനിലെ അലിഖാനി സ്ക്വയറില്‍ ജനുവരി 8-ന് നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായിരുന്നു.
സര്‍ക്കാര്‍ മാധ്യമങ്ങള്‍ പ്രകാരം, സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുക, തീവയ്ക്കുക, മറ്റ് നാശനഷ്ടങ്ങൾ വരുത്തുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. പ്രതികളുടെ കുറ്റസമ്മതം, സിസിടിവി ദൃശ്യങ്ങൾ എന്നിവ തെളിവായി ഉപയോഗിച്ചതായി ജുഡീഷ്യറി അവകാശപ്പെട്ടു.

എന്നാല്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും കേസുമായി ബന്ധപ്പെട്ട അഭിഭാഷകരും പറയുന്നത് വ്യത്യസ്തമാണ്. പ്രതിഷേധക്കാര്‍ അക്രമത്തില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചവരെ സഹായിക്കുക മാത്രമാണ് ഈ യുവാക്കള്‍ ചെയ്തതെന്നാണ് അവരുടെ വാദം. വിചാരണ അന്യായമായിരുന്നു, ബലപ്രയോഗത്തിലുള്ള നിർബന്ധിത കുറ്റസമ്മതമാണെന്നും, ആരോപണങ്ങള്‍ കെട്ടി ചമച്ചതാണെന്നും ഇവർ ആരോപിക്കുന്നു.
ഈ വധശിക്ഷകളോടെ ഇസ്ഫഹാന് പ്രതിഷേധങ്ങളിലെ മരണസംഖ്യ കുറഞ്ഞത് 23 ആയി ഉയര്‍ന്നു. ചെറുപ്പക്കാരായ മറ്റ് പത്ത് യുവാക്കള്‍ ഇപ്പോഴും മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരാണ്. അവരില്‍ ഭൂരിഭാഗവും ഏകാന്ത തടവിലാണ്. ഏറെ വൈകാതെ അവരുടെ ശിക്ഷ നടപ്പാക്കപ്പെടുമെന്ന ഭയം ഇവർക്കും ബന്ധുമിത്രാതികൾക്കുമുണ്ട്.
ഈ സംഭവം 2026-ല്‍ ഇറാന് ഉടനീളം ഉയര്‍ന്ന വിമത പ്രതിഷേധങ്ങള്‍ക്കെതിരെ ഭരണകൂടം മരണശിക്ഷയെ ആയുധമാക്കുന്നതിന്റെ ഭാഗമാണ്. യുവാക്കളുടെ ഇടയില്‍ നിന്ന് വരുന്ന ഏറ്റവും ചെറിയ ചെറുത്തുനില്‍പ്പിനെ പോലും ക്രൂരമായി അടിച്ചമര്‍ത്താനുള്ള ശ്രമമായി ഇതിനെ നിരീക്ഷകർ വീക്ഷിക്കുന്നു.
മനുഷ്യാവകാശ സംഘടനകള്‍ അന്താരാഷ്ട്ര സമൂഹത്തോട് ക്രൂരമായ ഈ വധശിക്ഷകള്‍ തടയാന്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇറാന് ഭരണകൂടം ഇതുവരെ അത്തരം ആഹ്വാനങ്ങള്‍ക്ക് നേരെ മുഖം തിരിച്ചു നിൽക്കുന്നു.
എര്ഫാന്, ഗോള്‍ മുഹമ്മദ് തുടങ്ങിയ യുവാക്കളുടെ കഥ ഇറാനിലെ യുവതലമുറയോട് ഭരണകൂടം നല്കുന്ന ഭീകരമായ സന്ദേശമാണ് — സ്വാതന്ത്ര്യത്തിനായി സ്വപ്നം കാണരുത്, സഹായിക്കരുത്, ചെറുത്തുനില്ക്കരുത്. എന്നാല്‍ ഈ ക്രൂരതകള്‍ക്കിടയിലും പ്രതിഷേധത്തിന്റെ തീ ഇറാന് മണ്ണില്‍ അണയാതെ തുടരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ഈ യുവാക്കളുടെ ഓര്‍മകള്‍ ലോകമാനവീകഥയുടെ മനസ്സില്‍ നിന്ന് മായാതിരിക്കട്ടെ.

