പി.എസ്. ചെറിയാൻ
My life is like a faded leaf,
My harvest dwindled to a husk:
Truly my life is void and brief
And tedious in the barren dusk;
My life is like a frozen thing,
No bud nor greenness can I see:
Yet rise it shall—the sap of Spring;
O Jesus, rise in me.
-A Better Resurrection: Christina Rossetti (1830–1894)
വിശുദ്ധ നാട്ടിലെ തുറന്നകല്ലറ തകർച്ചകൾ അവസാനമല്ലെന്നും ആശയുടെയും നവജീവന്റെയും പ്രതീക്ഷ ബാക്കിയുണ്ടെന്നും പ്രഖ്യാപിക്കുന്നു. അധിനിവേശങ്ങളും അഭയാർത്ഥീ പലായനങ്ങളും ജീവിത സ്വപ്നങ്ങൾ അരിഞ്ഞു വീഴ്ത്തുന്ന യുദ്ധങ്ങളും കൊണ്ട് ജീവൻ നഷ്ടപ്പെട്ട ഭൂമിക്ക് ഒരു ഉയിർപ്പ് ആവശ്യമാണ്. ഇരുളിൽ നിന്ന് പ്രകാശത്തിലേക്ക് ഒരു പ്രയാണം ആവശ്യമാണ്. ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേല്പ് സമകാലിക ലോകത്തിനു നൽകുന്നത് മൃതാവസ്ഥയിൽ നിന്നുള്ള മടങ്ങിവരവിന്റെ സാധ്യതയാണ്. ഈസ്റ്റർ നല്കുന്ന പ്രത്യാശയുടെ സന്ദേശവും അതു തന്നെയാണ്.

യേശുക്രിസ്തുവിന്റെ ജനനവും ജീവിതവും അത്ഭുതവിഷയമായിരു ന്നതുപോലെ മരണവും പുനരുത്ഥാനവും അത്ഭുതമായി നിലകൊള്ളുന്നു. മരണത്തിന്റെ ദ്രവത്വത്തിന് യേശുക്രിസ്‌തുവിന്റെ ശരീരത്തിന്മേൽ അധികാരം ഇല്ലായിരുന്നു. ക്രിസ്തുവിന്റെ ക്രൂശുമരണം മൂലം മനുഷ്യന് രക്ഷവരുന്നുവെങ്കിൽ പുനരുത്ഥാനം മൂലം രക്ഷ ഉറപ്പാക്കപ്പെടുന്നു. മരിച്ചു മൺമറഞ്ഞ ഒരുവനല്ല, പുനരുത്ഥാനം പ്രാപിച്ച് തേജസ്സിൽ വസിക്കുന്ന ദൈവമാണ് നമ്മുടെ രക്ഷകനായ യേശുക്രിസ്‌തു. അവിടുന്ന് പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്ന വിമോചനങ്ങളുടെ നായകനാണ്.
ക്രിസ്തു ജീവനിലേക്ക് തിരിച്ചുവരുന്നത് സാമൂഹികമായും ദൈവശാസ്ത്രപരമായും അതീവ പ്രാധാന്യമുള്ളതാണ്. പാർശ്വവൽക്കരിക്കപ്പെട്ടവർക്കും മർദ്ദിതർക്കും ജീവന്റെ പുതിയ ലോകം സാധ്യമാകും. അത് ഒരു സാമൂഹിക നീതി കൂടെയാണ്. പുനരുത്ഥാനം നവോത്ഥാനത്തിന്റെ ഊർജ്ജമാണ്. ദൈവശാസ്ത്രപരമായി പുതുലോകത്തിന്റെ പ്രതീക്ഷയാണത്.
പുതിയനിയമകാലത്ത് ഉണ്ടായിരുന്ന ഒരുകൂട്ടം യഹൂദന്മാരായിരുന്നു സദൂക്യർ. ഇവർ ദൂതന്മാരുടെ അസ്‌തിത്വത്തിലും പുനരുത്ഥാനത്തിലും വിശ്വാസം ഇല്ലാത്തവരായിരുന്നു. സദൂക്യർ യേശുവിനെ പരീക്ഷിക്കുവാൻ ചോദ്യങ്ങൾ ചോദിച്ചപ്പോഴൊക്കെ ഈ വിഷയങ്ങളുമായി ബന്ധപ്പെടുന്ന ചോദ്യങ്ങളാണ് ചേദിച്ചത്. കർത്താവ് ഉചിതമായ ഉത്തരം നല്‌കി അവരുടെ വാദമുഖങ്ങളുടെ മുന ഒടിച്ചുകളഞ്ഞു.
യേശുക്രിസ്‌തു പുനരുത്ഥാനം ചെയ്യുമെന്നു പഴയനിയമ തിരുവെഴു ത്തുകളിൽ ധാരാളം പരാമർശം ഉണ്ടായിരുന്നു. യെരുശലേമിൽ നിന്നും എമ്മവൂസിലേക്കുപോയ രണ്ടുപേരുടെ അനുഭവകഥ ലൂക്കൊസ് നൽകുന്ന ഭാഗത്ത് (ലൂക്കൊ. 24:13-35) കർത്താവ് അവരോടു സംസാരിക്കുമ്പോൾ ഈ കാര്യം വ്യക്തമാക്കുന്നുണ്ട്. പുനരുത്ഥാനത്തെപ്പറ്റി അവർ സംശയാലുക്കളായിരുന്നു. അവരോട് യേശു ഇപ്രകാരം പറഞ്ഞു: ‘അയ്യോ ബുദ്ധിഹീനരേ, പ്രവാചകന്മാർ പറഞ്ഞിരിക്കുന്നത് എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ, ക്രിസ്‌തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ടു തൻ്റെ മഹത്വത്തിൽ കടക്കേണ്ടതല്ലയോ എന്നു പറഞ്ഞു. മോശെ തുടങ്ങി സകല പ്രവാചകന്മാരിൽ നിന്നും എല്ലാ തിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളത് അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു” (ലൂക്കൊ. 24:25, 27).
പെന്തെക്കോസ്തു നാളിൽ പത്രൊസ് പ്രസംഗിക്കുമ്പോൾ യേശു ഉയിർത്തെഴുന്നേറ്റത് തിരുവെഴുത്തുകളിൻ പ്രകാരമാണെന്ന് ഊന്നിപ്പറയുന്നുണ്ട്. അതിനു തെളിവായി ദാവീദ് പ്രവചനാത്മാവിൽ യേശുവിനെക്കുറിച്ച് എഴുതിയ ഭാഗം പത്രൊസ് ഉദ്ധരിക്കുന്നു. ‘നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിൻ്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല” (പ്രവൃ. 2:27; 2:31; സങ്കീ. 16:10).
യെശയ്യാവിന്റെ പ്രവചനം 53-ാം അദ്ധ്യായം കഷ്ടം അനുഭവിച്ചശേഷം പുനരുത്ഥാനം പ്രാപിക്കുന്ന ദൈവത്തിൻ്റെ ദാസനെപ്പറ്റിയുള്ള ഗീതമാണ്. പ്രവചനാത്മാവിൽ യേശു എന്ന മശിഹയെപ്പറ്റിയാണ് ഈ വേദഭാഗം സൂചിപ്പിക്കുന്നത്. “എന്നാൽ അവനെ തകർത്തുകളയുവാൻ യഹോവയ്ക്കു ഇഷ്ടം തോന്നി; അവൻ അവനു കഷ്ടം വരുത്തി; അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായി തീർന്നിട്ടു അവൻ സന്തതിയെ കാണുകയും ദീർഘായുസ്സു പ്രാപിക്കുകയും യഹോവയുടെ ഇഷ്ടം അവന്റെ കയ്യാൽ സാധിക്കുകയും ചെയ്യും” (യെശ. 53:10),
ആദിമസഭയുടെ ഉണർവും ഊർജ്ജവും പുനരുത്ഥാനത്തിന്റെ സാക്ഷ്യ മായിരുന്നു. യേശുവിൻ്റെ ഉയിർപ്പാണ് ക്രിസ്‌തീയതയുടെ ജീവൻ. “നിങ്ങൾ ക്രൂശിച്ചവനും ദൈവം മരിച്ചവരിൽ നിന്നും ഉയിർപ്പിച്ചവനുമായ… (പ്രവൃ. 4:10); “അവനെ അവർ മരത്തിന്മേൽ തൂക്കിക്കൊന്നു; ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്‌പിച്ചു” (പ്രവൃ. 10:40). യേശുവിന്റെ ദൈവത്വത്തിൻ്റെ ഏറ്റവും പ്രഥമമായ തെളിവായി വിശുദ്ധ പൗലൊസ് കരുതുന്നത് പുനരുത്ഥാനമാണ്. “ജഡം സംബന്ധിച്ചു ദാവീദിന്റെ സന്തതിയിൽ നിന്നും ജനിക്കയും മരിച്ചിട്ടു ഉയിർത്തെഴുന്നേല്കയാൽ വിശുദ്ധിയുടെ ആത്മാവു സംബന്ധിച്ചു ദൈവപുത്രൻ എന്നു ശക്തിയോടെ നിർണ്ണയിക്കപ്പെടുകയും….” (റോമ. 1:5).
യേശു പുനരുത്ഥാനം പ്രാപിച്ചതുകൊണ്ട് നമുക്ക് ആശയ്ക്കുവകയുണ്ട്. പ്രത്യാശയുടെ സന്ദേശം നമ്മെ മുമ്പോട്ടു നയിക്കുന്നു. “ഭയപ്പെടേണ്ടാ താൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു. ഞാൻ മരിച്ചവനായിരുന്നു. എന്നാൽ ഇതാ എന്നേക്കും ജീവിച്ചിരിക്കുന്നു. മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ട്” (വെളി. 12:18) എന്ന പ്രഖ്യാപനം ജീവന്റെയും പ്രപഞ്ചരഹസ്യങ്ങളുടെയും മറനീക്കുന്നതാണ്.
ഉയിർത്തെഴുന്നേറ്റ കർത്താവ് സ്വർഗ്ഗാരോഹണത്തിനു മുമ്പ് നൽകിയ മഹത്തായ വാഗ്ദത്തം തൻ്റെ ആത്മീയ സാന്നിധ്യമാണ്. “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട്” (മത്താ. 28:20). യേശുവിന്റെ മഹനീയ സാന്നിധ്യം ഓരോ വിശ്വാസിക്കും ഇന്ന് അനുഭവിക്കുവാൻ കഴിയുന്നു. കഷ്ടതയുടെ തീച്ചൂളയിലും മനത്തകർച്ചയുടെ ഇരുൾ പരക്കുമ്പോഴും നിരാശയുടെ വേദനയിലും യേശു നമ്മെ ആശ്വസിപ്പിക്കുന്ന സാന്നിധ്യമാണ്. രോഗങ്ങളിലും ദുഃഖങ്ങളിലും കർത്താവ് നമ്മെ ആശ്വസിപ്പിക്കുന്നു. ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല എന്നു അവിടുന്നു പറഞ്ഞിട്ടുണ്ട്.
വരുവാനുള്ള തേജസ്സിന്റെ ഉറപ്പാണ് ക്രിസ്‌തുവിൻ്റെ ഉയിർപ്പ്. നമ്മുടെ കർത്താവു ജീവിക്കുന്നു. അവൻ നമ്മെ ചേർക്കുവാൻ വീണ്ടും വരുന്നു. ഉയിർപ്പിന്റെ പ്രത്യാശയിൽ വേദനയും കഷ്ടതയും മാറുന്നു, തേജസ്സിന്റെ കവാടം തുറക്കപ്പെടുന്നു. യേശു ഉയിർത്തെഴുന്നേറ്റു ജീവിക്കുന്നതിനാൽ നമുക്കും ആശയോടെ നിത്യതയ്ക്കായി ഒരുങ്ങാം.

