പ്രതികൂലങ്ങളിൽ വെളിപ്പെടുന്നതാണ് തേജസ്സ് : പാസ്റ്റർ ഫിന്നി ജേക്കബ്
തിരുവല്ല: പ്രതികൂലങ്ങളിൽ വെളിപ്പെടുന്നതാണ് ദൈവ തേജസ്സ് എന്നും അതിനായി നാം പ്രത്യാശിക്കണമെന്നും ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ പ്രസിഡന്റ് പാസ്റ്റർ ഫിന്നി ജേക്കബ്. കഷ്ടതയിൽ നാം പങ്കാളികളാകുമ്പോൾ അധികം തേജസ്സിനായി നാം ഒരുക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെന്തെക്കോസ്തു ജനറൽ കൺവൻഷനുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് ശാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ ഈ വർഷത്തെ ജനറൽ കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നമ്മിൽ വെളിപ്പെടാനുള്ള തേജസ്സും ഇക്കാലത്തിലെ കഷ്ടതയും’ എന്നതാണ് ചിന്താവിഷയം. ഉദ്ഘാടന സമ്മേളനത്തിൽ മാനേജിങ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ ജോൺ വി ജേക്കബ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പാസ്റ്റർ ജോൺസൻ കെ സാമൂവേൽ സ്വാഗതം ആശംസിച്ചു. പാസ്റ്റർ അജോയ് ജോൺ മുഖ്യ സന്ദേശം നൽകി. പാസ്റ്റർ ജേക്കബ് ജോർജ് കെ സങ്കീർത്തനം വായന നടത്തി. ബ്രദർ ഷാജി മാത്യു ,പാസ്റ്റർ കെ റ്റി തോമസ്, പാസ്റ്റർ വി എം ജേക്കബ്, പാസ്റ്റർ റ്റി ജി ജെയിംസ്, പാസ്റ്റർ ബിനു എബ്രഹാം, പാസ്റ്റർ എ വി ജോസ് തുടങ്ങിയവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ശാരോൻ ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. തിരുവല്ല ശാരോൻ കൺവൻഷൻ ഗ്രൗണ്ടിൽ വച്ചാണ് യോഗങ്ങൾ നടക്കുക. ഹാർവെസ്റ്റ് ടിവി തത്സമയ സംപ്രേഷണം നൽകും.

