ഹൗസ് ചർച്ചുകൾക്ക് കലക്ടറുടെ അനുമതി വേണം
റായ്പൂർ: ന്യൂനപക്ഷങ്ങൾക്ക് നേരെ ആക്രമണങ്ങൾ പതിവായ ഛത്തിസ്ഗഡിൽ ക്രിസ്ത്യാനികളെ ലക്ഷ്യംവച്ച് പുതിയ നീക്കവുമായി സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ. കലക്ടറുടെ അനുമതിയോടെ മാത്രമെ എല്ലാ ഹൗസ് ചർച്ചുകളും പ്രവർത്തിക്കാവൂവെന്നാണ് പൊലിസിന്റെ പുതിയ നിർദേശം.
അടുത്തിടെ റായ്പൂരിലെ പെന്തെക്കോസ്ത് പള്ളികളിലെ നൂറോളം പാസ്റ്റർമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പൊലിസ് ഈ നിർദേശം അവരെ അറിയിച്ചത്. രേഖാമൂലം ഉത്തരവ് ഇറക്കാതെ പ്രാർഥനാലയങ്ങൾക്കുള്ള അനൗപചാരിക വിലക്കിന് തെളിവാണിതെന്ന് ഛത്തിസ്ഗഡിലെ ക്രിസ്ത്യൻ നേതാക്കൾ ചൂണ്ടിക്കാട്ടി.
എന്നാൽ, വീടുകളിലെ പള്ളികൾക്ക് നിരോധനമില്ലെന്നും പാസ്റ്റർമാർ പ്രവർത്തിക്കാൻ കലക്ടറുടെ അനുമതി വാങ്ങണമെന്നാണ് പറഞ്ഞതെന്നും അഡീഷണൽ പൊലിസ് സൂപ്രണ്ട് ലഖാൻ പാറ്റ്ലെ പറഞ്ഞു. അതേസമയം, ഫോറത്തിൽ നിന്നുള്ള ചിലർഅനുമതിക്കായി ഭരണകൂടത്തെ സമീപിച്ചിട്ടുണ്ടെങ്കിലും ആർക്കും ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്ന് യോഗത്തിൽ പങ്കെടുത്ത പാസ്റ്റർ രാകേഷ് ജയരാജ് പറഞ്ഞു.
പ്രധാനമായും ഉൾഗ്രാമങ്ങളിൽ പെന്തെക്കോസ്ത് വിഭാഗങ്ങളിൽപ്പെട്ടവർ ഔപചാരിക ചർച്ചുകൾക്ക് പകരമായി ആരാധനാ കർമങ്ങൾക്കായി ഉപയോഗിക്കുന്ന വീടുകൾക്കുള്ളിലോ അതിനോട് ചേർന്നോ ഉള്ള സംവിധാനമാണ് ഹൗസ് ചർച്ചുകൾ. ഈയടുത്ത് മാത്രം സംസ്ഥാനത്തെത്തിയ പെന്തക്കോസ്ത് വിഭാഗങ്ങളുടെ എണ്ണം കുറവായതിനാൽ പ്രാർത്ഥനാ യോഗങ്ങൾക്കായി അവർ പ്രധാനമായും സ്വകാര്യ വീടുകളെയാണ് ആശ്രയിക്കുന്നത്.
ഈ വർഷം ജനുവരിക്കും ജൂലൈയ്ക്കും ഇടയിൽ ഛത്തിസ്ഗഡിൽ ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് 86 അക്രമസംഭവങ്ങൾ നടന്നതായി ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യയുടെ റിലീജിയസ് ലിബർട്ടി കമ്മിഷൻ റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശ്കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ക്രിസ്ത്യൻ വിരുദ്ധ ആക്രമണങ്ങൾ റിപ്പോർട്ട്ചെയ്യുന്ന സംസ്ഥാനമാണ് ഛത്തിസ്ഗഡ്. ഞായറാഴ്ചത്തെ പ്രാർത്ഥനാ യോഗങ്ങൾക്കിടയിലോ അതിനുശേഷമോ ആണ് ഈ അക്രമസംഭവങ്ങളിൽ കൂടുതലും റിപ്പോർട്ട്ചെയ്യപ്പെട്ടത്.

