റവ.ഷാജി കാരയ്ക്കൽ
ലൂസിയാന :സുപ്രസിദ്ധ പെന്തക്കോസ്ത് ടെലിവിഷൻ പ്രസംഗകനായിരുന്ന ജിമ്മി സ്വാഗർട് നിത്യതയിൽ .
ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ നിരവധി ദിവസങ്ങൾ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് താൻ ജീവിച്ചിരുന്നത്. മരണ സമയത്ത് അദ്ദേഹത്തിന് 90 വയസുണ്ടായിരുന്നു.
നവ മാധ്യമങ്ങൾ റേഡിയോ, ടെലിവിഷൻ മുതലായവ പ്രചാരത്തിൽ വരുന്ന കാലത്ത് അതിന്റെ സാധ്യത ഏറെ കണ്ടെത്തി സുവിശേഷ പ്രഭാഷണത്തിനായി ഉപയോഗിച്ചിരുന്ന ദാർശനികനായ പ്രസംഗകനായിരുന്നു ജിമ്മി സ്വാഗർട്. അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തിലെ ബാറ്റൻ റൂജ് പട്ടണത്തിലാണ് അദ്ദേഹമാരംഭിച്ച ‘ഫാമിലി വർഷിപ്പ് സെന്റർ’ സഭയും ‘ജിമ്മിസ്വാഗർട് ബൈബിൾ കോളേജും’ സ്ഥിതി ചെയ്യുന്നത്. ഫാമിലി വർഷിപ്പ് സെന്ററിന്റെ സീനിയർ ശുശ്രൂഷകനും,നിരവധി ഗാനങ്ങളുടെ രചയിതാവും, ഗ്രന്ഥകർത്താവും,പ്രഭാഷകനും ഒക്കെയായി ജീവിതം മുഴുവനും സുവിശേഷത്തിനു വേണ്ടി അർപ്പിക്കപ്പെട്ട വ്യക്തിജീവിതം ആയിരുന്നു ജിമ്മി സ്വാഗർടിന്റേത്.
50 ഓളം സുവിശേഷ ഗ്രന്ഥങ്ങളുടെ രചയിതാവ്, സുവിശേഷ ഗായകൻ എന്ന നിലയിൽ 15 മില്യൺ റെക്കോർഡുകളും ലോകമെമ്പാടും വിറ്റഴിച്ചിട്ടുള്ള അദ്ദേഹം, ‘ജിമ്മിസ്വാഗർട് ബൈബിൾ കോളേജ്’ എന്ന പേരിൽ സുവിശേഷ പരിശീലനത്തിനായി ഒരു പ്രസ്ഥാനവും നടത്തിവന്നിരുന്നു. അദ്ദേഹത്തിന്റെ ‘സൺലൈഫ് ബ്രോഡ്കാസ്റ്റിംഗ് നെറ്റ്വർക്ക്’ ഏറെ പ്രസിദ്ധവും ധാരാളമാളുകൾ ശ്രദ്ധിക്കുന്നതുമായ സുവിശേഷ സംഗീത ചാനലായിട്ട് പ്രവർത്തിക്കുന്നു.
വടക്കേ അമേരിക്കയിൽ മാത്രമല്ല, തെക്കേ അമേരിക്കൻ രാജ്യങ്ങളായ അർജന്റീന, ചിലി,കോസ്റ്ററിക്ക, എൽസാൽവഡോർ, ഗ്വാടിമാല,ഹൊണ്ടുറാസ് നിക്കരാഗ്വ, പനാമ, പരാഗ്വെ, പെറു, ആഫ്രിക്കൻ രാജ്യങ്ങളായ ലൈബീരിയ, സൗത്ത് ആഫ്രിക്ക മുതൽ ജമൈക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങളിലും സുവിശേഷ പര്യടനങ്ങളും ക്രൂസേഡുകളും മറ്റും നടത്തിയിരുന്നു. സ്വകാര്യ ജീവിതത്തിലെ പിഴവുകളിൽ ഖേദപ്രകടനം നടത്തി ലോകത്തോട് താൻ തെറ്റുകാരൻ ആണെന്ന് ഏറ്റു പറയാൻ മടികാണിക്കാത്ത ഈ സുവിശേഷകൻ, സെക്കുലർ മീഡിയയിൽ വിശാല ക്രൈസ്തവ സമൂഹവും, പെന്തക്കോസ്തരും കൈവിട്ടെങ്കിലും സ്വന്തമായി ടെലിവിഷൻ സ്റ്റേഷൻ സ്ഥാപിച്ച് ‘സൺ ലൈറ്റ് ബ്രോഡ്കാസ്റ്റിംഗ് നെറ്റ്വർക്ക്’ എന്ന പേരിൽ ലോകമെമ്പാടും സ്വന്തം സഭയുടെയും സ്വന്തം മിനിസ്ട്രിയുടെയും സുവിശേഷ പ്രവർത്തന ചാനൽ ആയി അനേകം പ്രേക്ഷകരെ തനിക്ക് സമ്പാദിക്കുവാൻ കഴിഞ്ഞു എന്നുള്ളത് എടുത്തു പറയത്തക്ക നേട്ടമാണ് .സ്വന്തം പേരിൽ ‘ജിമ്മി സ്വാഗർട് ബൈബിൾ’ എന്ന പേരിൽ ബൈബിളിന്റെ വ്യാഖ്യാനങ്ങൾ ചേർത്ത് ഒരു ബൈബിൾ ഉൾപ്പെടെ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട് .അദ്ദേഹത്തിന്റെ മകൻ ഡാണി സ്വഗാർട് ആണ് ഇപ്പോൾ സഭയുടെ സീനിയർ ശുശ്രൂഷകൻ. വളരെ സാധാരണമായ ഒരു കുടുംബത്തിൽ ജനിച്ചു വളർന്ന അദ്ദേഹം, ജീവിതം ആരംഭിക്കുന്നത് പട്ടിണിയും പരിവട്ടവുമായിട്ടാണ്. എന്നാൽ ജിമ്മിയുടെ പ്രശസ്തി വർദ്ധിച്ചു വന്നപ്പോൾ കോടിക്കണക്കിന് ഡോളറുകൾ ദൈവരാജ്യത്തിനുവേണ്ടി ഉപയോഗപ്പെടുത്തുവാൻ അദ്ദേഹത്തിന്റെ ശുശ്രൂഷ മൂലം സാധിച്ചിട്ടുണ്ട്.ഇന്നത്തെ നവമാധ്യമങ്ങളുടെ മുന്നേറ്റം ലോകത്തിനു മുമ്പിൽ എത്തുന്നതിനു മുൻപേ അതിനു മുൻപിൽ നടക്കാൻ കഴിയുന്ന ചിന്തകളും പ്രവർത്തികളുമാണ് ജിമ്മിസ്വാഗർടിനു ലോകത്തിന്, സുവിശേഷലോകത്തിന്, ക്രിസ്തീയലോകത്തിന് സംഭാവനയായി നൽകാൻ കഴിഞ്ഞത്.അദ്ദേഹത്തിന്റെ നിര്യാണം സുവിശേഷ സഹിത സഭകൾക്കും പ്രസ്ഥാനങ്ങൾക്കും ശുശ്രൂഷകൾക്കും ഒരു തീരാനഷ്ടം തന്നെയാണ്.
