ഇംഫാൽ: മണിപ്പൂരിൽ ചുരാ ചന്ദ്പൂരിൽ ആക്രമണത്തിൽ മൂന്ന് പാസ്റ്റർമാർ കൊല്ലപ്പെട്ടു . കുക്കി വിഭാഗത്തിൽപെട്ട പാസ്റ്റർമാർ യാത്ര ചെയ്ത വാഹനത്തിന് നേരെ അക്രമികൾ വെടി ഉതിർക്കുകയായിരുന്നു.
ആക്രമണത്തിൽ അനവധി ആളുകൾക്ക് പരുക്കേറ്റിട്ടുണ്ട് എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചുരാ ചന്ദ്പൂരിൽ നിന്നും കാങ്പോക്പിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സംഘത്തിന് നേരെയാണ് ഇന്ന് ആക്രമണമുണ്ടായത്. തദൗ ബാപ്റ്റിസ്റ്റ് അസോസിയേഷൻ അംഗങ്ങളായ റവറന്റ് വി. സിറ്റ്ലൗ, റവറന്റ് കൈഗൗലെൻ, പാസ്റ്റർ പൗഗൗലെൻ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് കുക്കി സംഘടനകൾ അറിയിച്ചു. സംസ്ഥാനത്ത് കുക്കി-നാഗ വിഭാഗങ്ങൾക്കിടയിലുണ്ടായ സംഘർഷത്തിൻ്റെ തുടർച്ചയാണ് ഈ അക്രമണമെന്നാണ് ആരോപണം. ഇരു വിഭാഗങ്ങളും തമ്മിലുള്ള അനുരഞ്ജന ചർച്ചകളിൽ സജീവ പങ്കാളികളായിരുന്നു ആക്രമണത്തിന് ഇരയായത്.

