മാത്യു ചെമ്പുകണ്ടത്തിൽ
“ലിബിയയിലെ 21 രക്തസാക്ഷികളുടെ” ഓർമ്മയ്ക്കായി ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ആരാധനാക്രമ കലണ്ടറിൽ (liturgical calendar) വാർഷിക അനുസ്മരണ ദിനം ഉൾപ്പെടുത്താനുള്ള നിർദ്ദേശത്തിന് ജനറൽ സിനഡ് അംഗീകാരം നൽകി.
ലോകമെമ്പാടുമുള്ള ക്രൈസ്തവ സഭ നേരിടുന്ന പീഡനങ്ങളുടെ ഓർമ്മപ്പെടുത്തലായിട്ടാണ് 2015-ൽ ഇസ്ളാമിക് സ്റ്റേറ്റ് (ISIS) ഭീകരർ ക്രൂരമായി കൊലപ്പെടുത്തിയ ലിബിയയിൽ നിന്നുള്ള രക്തസാക്ഷികളെ ആംഗ്ലിക്കൻ സഭ ഇനി മുതൽ എല്ലാ വർഷവും ഫെബ്രുവരി 15-ന്
ഔദ്യോഗികമായി അനുസ്മരിക്കുന്നത്.
തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് 20 കോപ്റ്റിക് ക്രിസ്ത്യാനികളും ഒരു ഘാന സ്വദേശിയുമാണ് കൊല ചെയ്യപ്പെട്ടത്. ക്രൈസ്തവരായതു കൊണ്ടുമാത്രം ക്രൂരമായി വേട്ടയാടപ്പെട്ട ഇവർ, “എന്റെ കർത്താവായ യേശുവേ” എന്ന പ്രാർത്ഥനയോടെയാണ് മരണത്തിലേക്ക് നടന്നുപോയത് എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
2010-ന് ശേഷം ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ആരാധനാക്രമ കലണ്ടറിൽ ഭേദഗതി വരുത്തുന്നത് ഇതാദ്യമായാണ്.
സിനഡിലെ ചർച്ചയ്ക്കിടെ, കഴിഞ്ഞ വർഷം ഈ പ്രമേയം അവതരിപ്പിച്ചപ്പോൾ ചെംസ്ഫോർഡ് ബിഷപ്പ് പറഞ്ഞ “രക്തസാക്ഷിത്വം എന്നത് സഭയുടെ ജീവിതത്തിൽ ഇന്നും ഒരു യാഥാർത്ഥ്യമാണ്.” എന്ന വാക്കുകൾ അംഗങ്ങൾ ഓർമ്മിച്ചു:
കോപ്റ്റിക് ഓർത്തഡോക്സ് സഭയും കത്തോലിക്കാ സഭയും ഇവരെ ഇതിനകം തന്നെ രക്തസാക്ഷികളായി അംഗീകരിക്കുകയും അനുസ്മരിക്കുകയും ചെയ്യുന്നുണ്ട്. ഫെബ്രുവരി 15-ന് അവരുടെ ഓർമ്മദിനമായി നിശ്ചയിക്കുകയും ചെയ്തു.
♦️ രക്തസാക്ഷികളുടെ ചരിത്രം
2015 ഫെബ്രുവരി 15-ഓടെയാണ് ലിബിയയിലെ സിർത്തിനടുത്തുള്ള (Sirte, Libya) കടൽത്തീരത്ത് വെച്ച് ഐ.എസ് തീവ്രവാദികൾ 21 ക്രൈസ്തവരെ ക്രൂരമായി കൊലപ്പെടുത്തിയത്. ഈ ദാരുണമായ സംഭവം ഭീകരർ തന്നെ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

കുടുംബം പുലർത്താൻ തൊഴിൽ തേടിയെത്തിയ സാധാരണക്കാരായ കുടിയേറ്റ തൊഴിലാളികളായിരുന്നു ഇവർ. വധഭീഷണിയുണ്ടായിട്ടും ക്രിസ്തുവിനെ തള്ളിപ്പറയാൻ ഇവർ തയ്യാറായില്ല. ഭയം വിതയ്ക്കുക എന്നതായിരുന്നു ഭീകരരുടെ ലക്ഷ്യമെങ്കിലും, അവർക്കു കീഴടങ്ങാതെ, ക്രൈസ്തവ ധീരതയുടെയും സഹനത്തിന്റെയും ഉദാത്തമായ പ്രതീകമായി ഈ രക്തസാക്ഷികൾ മാറി.
കൊല്ലപ്പെട്ട 21 പേരിൽ ഒരാളായ ഘാന സ്വദേശി മാത്യു അയാറിഗ (Matthew Ayariga) എന്ന വ്യക്തി ജനിച്ചതും വളർന്നതും ഒരു ക്രൈസ്തവ പശ്ചാത്തലത്തിലായിരുന്നു. അദ്ദേഹത്തിന്റെ കറുത്ത ചർമ്മനിറവും പാസ്പോർട്ടും കണ്ട് ഭീകരർ അദ്ദേഹത്തെ ഒഴിവാക്കാൻ ശ്രമിച്ചതായും, നീ ക്രിസ്ത്യാനിയാണോ എന്ന് ചോദിച്ചതായും പറയപ്പെടുന്നു. തന്റെ കൂടെയുള്ള ഈജിപ്ഷ്യൻ സഹോദരങ്ങൾ കാണിച്ച അചഞ്ചലമായ വിശ്വാസവും ധീരതയും കണ്ട മാത്യു, അവരെ തള്ളിപ്പറയാൻ തയ്യാറായില്ല. ഭീകരരുടെ ചോദ്യത്തിന്, “അവർ പറയുന്നത് എന്താണോ, അത് തന്നെയാണ് എന്റെയും വാക്ക്; അവരുടെ ദൈവമാണ് എന്റെയും ദൈവം” എന്ന് അദ്ദേഹം സധൈര്യം പ്രഖ്യാപിച്ചു എന്നാണ് ചരിത്രം. കോപ്റ്റിക് ക്രൈസ്തവരുടെ അചഞ്ചലമായ വിശ്വാസത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട്, സ്വന്തം ജീവൻ രക്ഷിക്കാമായിരുന്നിട്ടും ക്രിസ്തുവിനെ തള്ളിപ്പറയാതെ അവരോടൊപ്പം രക്തസാക്ഷിത്വം വരിക്കാൻ അദ്ദേഹം സ്വയം തയ്യാറാവുകയായിരുന്നു.
ഈജിപ്തിൽ നിന്നുള്ള ആ 20 കോപ്റ്റിക് ക്രൈസ്തവ സഹോദരന്മാരിൽ ഭൂരിഭാഗവും ഈജിപ്തിലെ അൽ-മിന്യാ (Al-Minya) പ്രവിശ്യയിൽ നിന്നുള്ളവരായിരുന്നു.
ഘാന സ്വദേശി മാത്യു അയാറിഗയെ കൂടാതെ മിലദ് മകീൻ താവ്ദ്രോസ് (Milad Makeen Tawadros), അബാനൂബ് അയാദ് അതീയ (Abanoub Ayad Atiya), മാജിദ് സുലൈമാൻ ഷെഹാത്ത (Maged Soliman Shehata), യൂസഫ് ഷുകൂറി ഗ്രീസിന് (Yousef Shoukry Greis), കിറോല്ലോസ് ബോഷ്റ ഫൗസി (Kirollos Boshra Fawzi), ബിഷോയ് അസ്തിഫാനൂസ് കമേൽ (Bishoy Astafanous Kamel), സാമുവൽ അസ്തിഫാനൂസ് കമേൽ (Samuel Astafanous Kamel ബിഷോയിയുടെ സഹോദരൻ) , മലാക് ഇബ്രാഹിം സിനിയൂത് (Malak Ibrahim Sinyout), താവ്ദ്രോസ് മജീദ് താവ്ദ്രോസ് (Tawadros Makeen Tawadros)
ഗിർഗിസ് മിലാദ് സിനിയൂത് (Girgis Milad Sinyout), മിനാ ഫായിസ് അസീസ് (Mina Fayez Aziz), ഹാനി അബ്ദെൽമസിഹ് സലീബ് (Hany Abdelmesih Salib), ബിഷോയ് അദെൽ ഖൽഫ് (Bishoy Adel Khalf), സാമുവൽ അൽഹം വിൽസൺ (Samuel Alham Wilson)
ഇസ്സത് ബുഷ്റ നാസിഫ് (Ezzat Boshra Nassif), ലൂക്ക നാഗി അനിസ് (Loqa Nagaty Anis), ജാബർ മുൻസിർ യൂസഫ് (Gaber Munir Youssed), ഈസാം ബദർ സമീർ (Essam Badir Samir), മലാക് ഫറജ് അബ്രാം (Malak Farag Abram), സമീഹ് സലാഹ് ഷൗകി (Sameh Salah Shawky) എന്നിവരായിരുന്നു ക്രിസ്തു വിശ്വാസത്തിനു വേണ്ടി ജീവനുള്ള യാഗമായി സമർപ്പിക്കപ്പെട്ട ക്രൈസ്തവർ.
മരണത്തിന് മുമ്പിലും തങ്ങളുടെ വിശ്വാസത്തിൽ ഉറച്ചുനിന്ന ഇവരുടെ ധീരത ക്രൈസ്തവ വിശ്വാസത്തിനുള്ള മഹത്തായ സാക്ഷ്യമായി ലോകമെമ്പാടും അംഗീകരിക്കപ്പെട്ടു. ഇവർ ജനിച്ചുവളർന്ന ഗ്രാമങ്ങളിൽ ഇവരുടെ ഓർമ്മയ്ക്കായി പ്രത്യേക ദേവാലയങ്ങളും സ്മാരകങ്ങളും പിന്നീട് സ്ഥാപിക്കപ്പെടുകയുണ്ടായി.

