പാസ്റ്റർ ഷാജി കാരയ്ക്കൽ
വാഷിങ്ടൺ ഡിസി: അമേരിക്കയ്ക്ക് 250 വയസ്സ് തികയുന്നു… ഒരു ഹൃദയസ്പർശിയായ കഥ.
ഇന്ന് അമേരിക്കയുടെ 250-ാം പിറന്നാൾ! അസ്തമയ സൂര്യൻ പടിഞ്ഞാറെ ചക്രവാളത്തിൽ പകൽ ചൂടിന്റെ ക്ഷീണം തീർക്കുമ്പോൾ കരിമരുന്ന് പ്രയോഗത്തിന്റെയും അത്യാധുനിക ഡ്രോൺ സാങ്കേതികവിദ്യയിൽ ഉദിച്ചുയരുന്ന ചിത്രങ്ങളും വെളിച്ചവുമെല്ലാം അമേരിക്കയുടെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാനെത്തുന്ന ആയിരങ്ങളുടെ കണ്ണും മനസ്സും നിറയ്ക്കുമ്പോൾ, നമുക്കൊരു നിമിഷം തിരിഞ്ഞു നോക്കാം… കുറെ ചെറിയ കോളനികൾ മാത്രമുണ്ടായിരുന്ന ഒരു രാജ്യം എങ്ങനെ ലോകത്തിന്റെ ഏറ്റവും വലിയ പ്രത്യാശയായി മാറി എന്ന കഥ.

1776-ൽ എല്ലാം തുടങ്ങി. ഇംഗ്ലണ്ടിനോട് സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോൾ അവർ ഒരു കാര്യം ഉറക്കെ പറഞ്ഞു: “ദൈവം മനുഷ്യരെ എല്ലാം സമന്മാരായി സൃഷ്ടിച്ചിരിക്കുന്നു. ജീവനും സ്വാതന്ത്ര്യവും സന്തോഷം തേടാനുള്ള അവകാശവും നമുക്ക് ദൈവം തന്നതാണ്.” ഈ വാക്കുകൾക്ക് പിന്നിൽ ബൈബിളിന്റെ ആഴമുള്ള മൂല്യങ്ങളുണ്ടായിരുന്നു. ജോർജ് വാഷിംഗ്ടൺ യുദ്ധത്തിന്റെ നായകനായി. തോമസ് ജെഫേഴ്സൺ, ഏബ്രഹാം ലിങ്കൺ തുടങ്ങിയ നേതാക്കൾ രാജ്യത്തിന്റെ അടിത്തറയിട്ടു. ലിങ്കൺ അടിമത്ത്വം അവസാനിപ്പിച്ചു. ഫ്രാങ്ക്ലിൻ റൂസ്വെൽറ്റ് വലിയ സാമ്പത്തീക മാന്ദ്യത്തിൽ (great depression) നിന്ന് രാജ്യത്തെ ഉദ്ധരിച്ചു. മാർട്ടിൻ ലൂഥർ കിംഗ് സമത്വത്തിനായി സ്വപ്നം കണ്ടു. നൂറ്റാണ്ടുകൾ നീളുന്ന യാത്ര എളുപ്പമായിരുന്നില്ല. സ്വാതന്ത്ര്യസമരം, ആഭ്യന്തരയുദ്ധം, സാമ്പത്തിക തകർച്ച, ലോക മഹാ യുദ്ധങ്ങൾ, 9/11… എത്രയോ തവണ വീണു. പക്ഷേ ഓരോ തവണയും എഴുന്നേറ്റു. പുതിയ കണ്ടുപിടുത്തങ്ങൾ, പുതിയ സ്വപ്നങ്ങൾ, പുതിയ തലമുറകൾ — ഇങ്ങനെ മാറിക്കൊണ്ടിരുന്നു അമേരിക്ക.
എളിയ നിലയിൽ ആരംഭിച്ച ഈ രാജ്യത്തിന് ശക്തിയും ആയുസ്സും ഉയർച്ചയും നൽകിയത് ജൂദ-ക്രൈസ്തവ മൂല്യങ്ങൾ ആണെന്ന് പലരും പറയും. ദൈവത്തോടുള്ള ഭയം, അയൽക്കാരനോടുള്ള സ്നേഹം, കഠിനാധ്വാനം, സത്യസന്ധത, എല്ലാ മനുഷ്യരുടെയും അന്തസ്സ് — ഈ മൂല്യങ്ങൾ രാജ്യത്തിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നു. അതുകൊണ്ടാണ് വിശാല ലോകത്തിന് അമേരിക്ക വലിയ സംഭാവനകൾ ചെയ്തത് — യുദ്ധങ്ങൾക്കു ശേഷം യൂറോപ്പിനെ പുനർനിർമിക്കുകയും, ഇന്ത്യ ഉൽപ്പടെയുള്ള ലോകരാജ്യങ്ങൾക്ക് ദുരന്തങ്ങളിൽ ആദ്യം സഹായം എത്തിക്കുകയും, ലക്ഷക്കണക്കിന് ആളുകൾക്ക് പ്രത്യാശ നൽകുകയും ചെയ്തു.
ഇന്നും വെല്ലുവിളികൾ ഏറെയുണ്ട് — വംശീയ-താത്ത്വിക-രാഷ്ട്രീയ ഭിന്നതകൾ, സാമ്പത്തിക പ്രശ്നങ്ങൾ, പുതിയ ലോകം. പക്ഷേ നമുക്ക് പ്രത്യാശ മുറുകെ പിടിക്കാം. മശിഹൈക മടങ്ങി വരവ് താമസിച്ചാൽ അടുത്ത ദശകങ്ങളിൽ അമേരിക്ക വീണ്ടും തിളങ്ങും. യുവാക്കളുടെ സ്വപ്നങ്ങൾ, പുതിയ സാങ്കേതികവിദ്യ, പഴയ മൂല്യങ്ങളുടെ മടക്കം — ഇതൊക്കെ കൂടി ചേരുമ്പോൾ ലോകത്തിന്റെ വെളിച്ചമായി തുടരാൻ അമേരിക്കയ്ക്കു കഴിയും.
അമേരിക്കയുടെ കഥ നമ്മോട് പറയുന്നത് ഒന്നാണ്: തെറ്റുകൾ ഉണ്ടാകാം, വീഴ്ചകൾ ഉണ്ടാകാം… പക്ഷേ നല്ല മൂല്യങ്ങൾ ഉണ്ടെങ്കിൽ, ധൈര്യമുണ്ടെങ്കിൽ, ഒന്നിച്ചു നിന്നാൽ, അതിലേറെ ബൈബിളിലെ ദൈവത്തിലുള്ള ആശ്രയത്തിൽ തുടർന്നാൽ (In God We Trust), ഏത് അസാദ്ധ്യ സ്വപ്നവും സാധ്യമാണ്.
ഹാപ്പി 250th ബർത്ത്ഡേ അമേരിക്ക! നിന്റെ യാത്ര ഇനിയും മനോഹരമാകട്ടെ. (പങ്കുവയ്ക്കാൻ മറക്കരുതേ, സർഗശക്തിയുടെ പ്രചോദനം പടരട്ടെ)

