അങ്കാര: തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗനുമായി രാജ്യത്തെ കത്തോലിക്ക സഭാനേതൃത്വം നിര്‍ണ്ണായക കൂടിക്കാഴ്ച നടത്തി. അങ്കാരയിലെ പ്രസിഡൻഷ്യൽ കോംപ്ലക്സിൽ അടച്ചിട്ട മുറിയിലാണ് ഇസ്താംബൂളിലെ അപ്പസ്തോലിക് വികാരി ബിഷപ്പ് മാസിമിലിയാനോ പാലിനുറോയുടെ നേതൃത്വത്തില്‍ കൂടിക്കാഴ്ച നടന്നത്. തുർക്കിയിലെ കത്തോലിക്ക സഭയുടെ നിയമപരമായ അംഗീകാരം സംബന്ധിച്ച ഇപ്പോഴും പരിഹരിക്കപ്പെടാത്ത പ്രശ്നമായി തുടരുന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്. പ്രാദേശിക സഭയുടെ ആവശ്യങ്ങളിൽ പ്രസിഡന്റ് പ്രത്യേക താത്പര്യം പ്രകടിപ്പിച്ചതായി അപ്പസ്തോലിക വികാരി ചൂണ്ടിക്കാട്ടി. തുർക്കിയിൽ ആരാധന നടത്താൻ കത്തോലിക്ക സഭയ്ക്ക് അനുവാദമുണ്ടെങ്കിലും, അതിന് പൂർണ്ണമായ നിയമപരമായ പദവിയില്ല.

ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കുന്നതിനായി തുർക്കിയും വത്തിക്കാനും ചേർന്നുള്ള സംയുക്ത സമിതി ഇതിനകം രൂപീകരിച്ചിട്ടുണ്ടെന്നും ബിഷപ്പ് മാസിമിലിയാനോ അറിയിച്ചു. കൂടിക്കാഴ്ചയ്ക്കു ശേഷം ഔദ്യോഗിക പ്രസ്താവനകള്‍ ഒന്നും പുറത്തിറക്കിയിട്ടില്ലെങ്കിലും, സഭാനേതൃത്വവും ഭരണകൂടവും ചര്‍ച്ചകളില്‍ സംതൃപ്തി പ്രകടിപ്പിച്ചെന്നും സംഭാഷണത്തിന്റെയും ചർച്ചയുടെയും പാതയിൽ തുടരാന്‍ തീരുമാനിച്ചുവെന്നുമാണ് പുറത്തുവരുന്ന വിവരം. പ്രസിഡന്റിന്റെ ഉന്നത സഹായികളും അനറ്റോലിയയിലെ അപ്പസ്തോലിക് വികാരി ബിഷപ്പ് ആന്റുവൻ ഇൽഗിത് ഉൾപ്പെടെയുള്ള നിരവധി തുർക്കിഷ് ബിഷപ്പുമാരും പങ്കെടുത്ത കൂടിക്കാഴ്ചയ്ക്ക് തുർക്കിയിലെ മാധ്യമങ്ങൾ വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്.നേരത്തെ തുര്‍ക്കിയിലേക്ക് ലെയോ പാപ്പ നടത്തിയ സന്ദർശന വേളയിൽ ഗവൺമെന്‍റ് കാണിച്ച താത്പര്യത്തിനും പ്രതിബദ്ധതയ്ക്കും ബഹുമാനത്തിനും നന്ദി പ്രകടിപ്പിക്കാൻ കൂടിക്കാഴ്ചയുടെ അവസരം വിനിയോഗിച്ചുവെന്നും സഭാനേതൃത്വം അറിയിച്ചു. കത്തോലിക്ക സഭയ്ക്കു രാജ്യത്തു നിയമപരമായ അംഗീകാരമില്ലാത്ത അവസ്ഥയ്ക്കു പരിഹാരം കാണുവാന്‍ ഭരണകൂടം ശ്രമിക്കുമെന്ന പ്രതീക്ഷ കത്തോലിക്കാ പ്രതിനിധി സംഘം പ്രകടിപ്പിച്ചു. എന്നാല്‍ കടുത്ത ഇസ്ളാമിക നിലപാടുള്ള തയിബ് എർദോഗന്‍റെ മുന്‍കാല നിലപാടുകള്‍ വലിയ വിവാദമായിരിന്നു. 2020-ല്‍ പുരാതന ക്രൈസ്തവ ദേവാലയമായിരിന്ന ഹാഗിയ സോഫിയയെ മോസ്ക്കാക്കി മാറ്റിയ ഉത്തരവിൽ ഒപ്പുവെച്ചത് പ്രസിഡന്റ് തയിബ് എർദോഗനായിരിന്നു.

