ന്യൂഡൽഹി: ഫിലാഡെൽഫിയ ബൈബിൾ കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ഫിന്നി ഫിലിപ്പ് ഏഷ്യൻ തിയോളജിക്കൽ അസോസിയേഷൻ (Asian Theological Association) ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.
ഉദയ്പൂരിലെ ഫിലാഡെൽഫിയ ബൈബിൾ കോളേജിന്റെ പ്രിൻസിപ്പലായി 2005 മുതൽ സേവനം ചെയ്യുന്ന ഡോ. ഫിലിപ്പ്, ബ്രിട്ടനിലെ ഡർഹാം സർവകലാശാലയിൽ നിന്ന് ന്യൂ ടെസ്റ്റമെന്റിൽ പി.എച്ച്.ഡി നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗവേഷണം ദി ഒറിജിൻസ് ഓഫ് പോളൈൻ പ്ന്യുമറ്റോളജി എന്ന പേരിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതിയനിയമത്തിലെ ആത്മപ്രസ്ഥാനങ്ങളും ആദ്യ നൂറ്റാണ്ടിലെ ക്രൈസ്തവ സമൂഹങ്ങളുമാണ് അദ്ദേഹത്തിന്റെ പ്രത്യേക ഗവേഷണ മേഖല.
ഡോ. ഫിലിപ്പ് 2015-ൽ പുറത്തിറങ്ങിയ സൗത്ത് ഏഷ്യ ബൈബിൾ കമന്ററിയുടെ (South Asia Bible Commentary) പുതിയ നിയമ വിഭാഗത്തിന്റെ തിയോളജിക്കൽ എഡിറ്ററായും, പുറത്തു വരാനിരിക്കുന്ന സൗത്ത് ഏഷ്യ സ്റ്റഡി ബൈബിളിൻ്റെ (South Asia Study Bible) പബ്ലിഷറായും പ്രവർത്തിച്ചു വരുന്നു. കൂടാതെ ഏഷ്യ ബൈബിൾ കമന്ററി പരമ്പരയുടെ തിയോളജിക്കൽ എഡിറ്ററുമാണ്. ഫിലാഡെൽഫിയ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യയുടെ മിഷൻ ഡയറക്ടറായും സേവനം ചെയ്യുന്നു.
ലോസാൻ മൂവ്മെന്റിൽ (Lausanne Movement) 2013–2017 കാലഘട്ടത്തിൽ ദക്ഷിണേഷ്യാ റീജിയണൽ ഡയറക്ടറായും ഇപ്പോഴും ബോർഡ് അംഗമായും പ്രവർത്തിക്കുന്നു. ലാങ്ഹം പാർട്ണർഷിപ്പ് ഇന്റർനാഷണൽ (Langham Partnership International) ബോർഡിലും, ലോകമെമ്പാടും ശ്രദ്ധ നേടിയ ദി ചോസൻ (The Chosen) ടെലിവിഷൻ പരമ്പരയുടെ ബൈബിൾ ഉപദേശക സമിതിയിലും അംഗമായി സേവനം ചെയ്യുന്നു.
ഭാര്യ: ഗ്ലോറി. ഇവർക്കു രണ്ട് പുത്രിമാരുണ്ട് – ജോയാൻ (ഭർത്താവ് ഗേർഷോം), എമി.
