മാത്യൂ ചെമ്പുകണ്ടത്തില്‍
കേരള പൊതുസമൂഹത്തില്‍ അത്രമേല്‍ കേട്ടുകേള്‍വിയില്ലാത്തതും ചര്‍ച്ച ചെയ്യപ്പെടാത്തതുമായ ഒരു ഇസ്ലാമിക വിഭാഗമാണ് സൂഫികള്‍. ഈയടുത്തു സൂഫിസവുമായി ബന്ധപ്പെട്ട് കേരളത്തിലെ ഇസ്ലാമിക സമൂഹത്തിനിടയില്‍ ചില വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഫറൂഖ് കോളജിലെ സൂഫിസം പിന്തടുരന്ന ഷബ്നം നൂര്ജഹാന് എന്ന അധ്യാപിക ഇസ്ലാമിക ദൈവസങ്കല്പ്പത്തെ സംബന്ധിച്ചും ഖുറാനെ സംബന്ധിച്ചും നടത്തിയ ചില പരാമര്‍ശങ്ങളാണ് ഇപ്പോള്‍ സൂഫിസം കേരളത്തില്‍ വലിയ ചര്‍ച്ചയാകാന്‍ കാരണമായത്. ഇസ്ലാമിലെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരേയും വിശ്വാസ സംബന്ധിയായ മറ്റു ചില വിഷയങ്ങൾക്കെതിരേ പതിവായി പ്രതികരിക്കുന്ന ഇവര്‍ക്കെതിരേ യാഥാസ്ഥിതിക വിഭാഗം വലിയ വിമര്‍ശനങ്ങളാണ് ഇപ്പോള്‍ ഉയര്‍ത്തുന്നത്.
♦️ എന്താണ് സൂഫിസം?
ചില മതങ്ങളുടെ അനുഷ്ഠാനങ്ങളില്‍ ദൈവിക യാഥാര്‍ത്ഥ്യത്തെ കേവലം ബുദ്ധിയിലൂടെയോ മതസിദ്ധാന്തങ്ങളിലൂടെയോ മനസ്സിലാക്കുന്നതിനപ്പുറം ധ്യാനം, പ്രാര്‍ത്ഥന, ഉപവാസം, പ്രാശ്ചിത്തങ്ങള്‍, ഏകാന്തജീവിതം എന്നിവയിലൂടെ അനുഭവിച്ചറിയാന്‍ ശ്രമിക്കുന്നതു കാണാം. മനുഷ്യന്റെ പരിമിതികളെ അതിജീവിച്ച് ദൈവത്തെ അനുഭവിക്കുന്നവരെ മിസ്റ്റിക്കുകളെന്നും ഇതിന് അവസരം നല്കുന്ന മതങ്ങളെ മിസ്റ്റിക് മതങ്ങളെന്നും വിളിക്കുന്നു. മിസ്റ്റിക് അനുഭവങ്ങള്‍ യവന-റോമന്‍ തത്വചിന്തകരും യഹൂദ ക്രിസ്ത്യന്‍ ഹിന്ദു സന്യാസികളും പ്രകടിപ്പിക്കുന്ന നിരവധി സംഭവങ്ങള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു സമാനമായ രീതിയില്‍ ഇസ്ലാമില്‍ രൂപപ്പെട്ട മിസ്റ്റിക്കല്‍ സ്വഭാവമുള്ള ഒരു മൂവ്മെന്റാണ് സൂഫിസം.
ക്രിസ്തുവര്‍ഷം ഏഴ്, എട്ട് നൂറ്റാണ്ടില്‍ സിറിയ, ഇറാഖ്, പേര്‍ഷ്യ (ഇറാന്) തുടങ്ങിയ പ്രദേശങ്ങളിലാണ് സൂഫിസം ആരംഭിച്ചത്. സൂഫിസത്തിന് ഒരു പ്രത്യേക സ്ഥാപകനേ ചരിത്രത്തില്‍ കാണാന്‍ കഴിയില്ല. എന്നാല്‍ പ്രമുഖരായ പല സൂഫിവര്യന്മാരുണ്ട്. ഹസന് അല്‍ ബസ്രി, റാബിയ അല്‍ അദവിയ്യ, ബായസിദ് ബിസ്താമി എന്നിവര്‍ ആദ്യകാല സൂഫികളിൽ പ്രമുഖരാണ്. പത്താം നൂറ്റാണ്ടിനു ശേഷമുള്ള സൂഫിചരിത്രത്തില് കാണപ്പെടുന്ന പ്രമുഖരാണ് അബ്ദുള്‍ ഖാദിര്‍ ജീലാനീ, ഇബ്നു അറബി, ജലാലുദ്ദീന്‍ റൂമി എന്നിവര്‍. സൂഫിസത്തിന്റെ ആത്മീയവും ദാര്‍ശനികവുമായ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തികളാണ് ഇവരെല്ലാം. ഇന്ന് ഇസ്ലാമതത്തിന്റെ സ്വാധീനമുള്ള എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലും സൂഫിസത്തോടു പ്രതിപത്തിയുള്ള അനേകായിരങ്ങളെ കാണാന്‍ കഴിയും. ഒരു ഏകീകൃത പരമാധ്യക്ഷനോ കേന്ദ്രഭരണസംവിധാനമോ ഇല്ലാതെയാണ് ഈ പ്രസ്ഥാനം ശക്തിയാര്‍ജ്ജിച്ചു നില്‍ക്കുന്നത്.
സൂഫിസത്തിലെ “സൂഫി” എന്ന പദത്തിന്റെ നിഷ്പത്തിയെക്കുറിച്ച് പല വീക്ഷണങ്ങളും കാണാന്‍ കഴിയും. അതില്‍ പ്രധാനമായി ‘സൂഫ്’ അഥവാ കമ്പിളി വസ്ത്രം ധരിക്കുന്നവര്‍ എന്ന അര്‍ത്ഥത്തിലാണ് ഈ പേരുണ്ടായതെന്നാണ് പ്രബലമായ വാദം. ലൗകിക സുഖങ്ങള്‍ വെടിഞ്ഞ്, ലളിതജീവിതം നയിച്ചിരുന്ന ആത്മീയവാദികളായ ആദിമകാല സൂഫിവര്യര്‍ പരുക്കന്‍ കമ്പിളി വ്സ്ത്രങ്ങള്‍ ധരിക്കാന്‍ ശീലിച്ചവരായിരുന്നു. ലളിതജീവിതത്തിന്റെയും അഹങ്കാരം വെടിയുന്നതിനു പരിശീലിപ്പിക്കപ്പെടുന്ന ജീവിതരീതിയുടെയും പ്രതീകമായിട്ടാണ് ഈ വസ്ത്രം അവര്‍ ധരിച്ചിരുന്നത്. അതിനാല്‍ “കമ്പിളി വസ്ത്രം ധരിക്കുന്നവര്‍” എന്നര്‍ത്ഥത്തില്‍ ‘സൂഫി’ എന്ന പേരുണ്ടായി എന്നു പറയപ്പെടുന്നു.
ഇസ്ലാമിലെ അനേകം മതഭേദങ്ങളില്‍ ഒന്നായി സൂഫിസം നിലകൊള്ളുമ്പോഴും പ്രബല മുസ്ലിം വിഭാഗങ്ങള്‍ പൊതുവില്‍ സൂഫിസത്തോടു വിമുഖത കാണിക്കുന്നവരാണ്. സുന്നി ഇസ്ലാമിന്റെ ഭാഗമായിട്ടാണ് സൂഫിസം നിലകൊള്ളുന്നത്. എന്നാല്‍ സുന്നി ഇസ്ലാമിലെ മതതീവ്രത വച്ചുപുലര്‍ത്തുന്ന സലഫി, വഹാബി ആശയങ്ങള്‍ പിന്തുടരുന്നവര് സൂഫിസത്തെ പൂര്‍ണ്ണമായും എതിര്‍ക്കുന്നവരാണ്. സൂഫിസത്തെ പരസ്യമായി പിന്തുണയ്ക്കുന്ന ഷബ്നം നൂര്‍ജഹാനെ എതിര്‍ക്കുന്നവരും കേരളത്തിലെ സലഫി വഹാബി ആശയക്കാരാണെന്നതും ശ്രദ്ധേയമാണ്.
♦️ സൂഫിസത്തെ അറിയാൻ എന്തുകൊണ്ട് ക്രൈസ്തവ സന്യാസത്തെ അറിയണം ?
ക്രൈസ്തവ സന്യാസജീവിതത്തിന്റെ പിള്ളത്തൊട്ടിലായി അറിയപ്പെടുന്നത് ഈജിപ്റ്റാണ്. ഈജിപ്റ്റ് മരുഭൂമിയില്‍ അനേകം ക്രൈസ്തവർ സന്യാസജീവിതം നയിച്ചിരുന്നുവെന്ന് ക്രൈസ്തവ സഭയുടെ പ്രാരംഭചരിത്രത്തില് കാണാം. മരുഭൂമിയിലെ വിശുദ്ധ പൗലോസ് (എ.ഡി 341), വിശുദ്ധ മക്കാറിയോസ്, വിശുദ്ധ അന്തോനീസ്, വിശുദ്ധ പക്കേമിയൂസ് എന്നിവര്‍ പ്രമുഖ ഈജിപ്റ്റ്യന്‍ ക്രൈസ്തവ സന്യാസിമാരായിരുന്നു. ഈജിപ്റ്റില്‍ നിന്നു സിറിയ, ഏഷ്യാമൈനര്‍, മെസപ്പൊട്ടോമിയ എന്നിവിടങ്ങളിലേക്കു ക്രൈസ്തവ സന്യാസ സംസ്കാരം വ്യാപിച്ചു.
സന്യാസജീവിത്തതിന്റെ ഉദ്ദേശ്യം ദൈവത്തെ സ്തുതിച്ചും ആരാധിച്ചും മഹത്വപ്പെടുത്തുകയുമാണെന്ന് ഏകാന്തവാസിയായി സന്യാസജീവിതം ആരംഭിച്ച വിശുദ്ധ ബനഡിക്ട് എഴുതിയിട്ടുണ്ട്. പ്രാര്‍ത്ഥന, ഉപവാസം, ലൗകികജീവിത വിരക്തി, ഹൃദയശുദ്ധി, ദൈവസാന്നിധ്യത്തിലുള്ള ജീവിതം എന്നീ ജീവിതശൈലികള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള ലളിതജീവിതമായിരുന്നു ക്രൈസ്തവ സന്യാസികള്‍ നയിച്ചിരുന്നത്. (തിരുസ്സഭാ ചരിത്രം, ഡോ സേവ്യര്‍ കൂടപ്പുഴ)
ഏഴാം നൂറ്റാണ്ടില്‍ സിറിയന്‍ മരുഭൂമിയില്‍ നിനെവെയിലെ വിശുദ്ധ ഇസ്ഹാക് എന്ന സന്യാസിയാണ് ദൈവകരുണയെയും ഹൃദയശൂദ്ധിയെയും ആത്മീയജീവിതത്തിന്റെ കേന്ദ്രമായി പ്രതിഷ്ഠിച്ചത്. അദ്ദേഹത്തിന്റെ കൃതികള്‍ പിന്നീട് ഓര്‍ത്തഡോക്സ് ക്രൈസ്തവ ലോകത്ത് ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
♦️ ക്രൈസ്തവ സന്യാസ രീതികളെ
പിന്‍പറ്റുന്ന സൂഫികൾ
ഇന്ന് സൂഫി ആത്മീയതയിൽ കാണപ്പെടുന്ന എല്ലാ ആത്മീയ അഭ്യാസമുറകളും ഇസ്ലാമിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ക്രൈസ്തവ സന്യാസലോകത്ത് ചിരപ്രതിഷ്ഠ നേടിയ ആത്മീയ ജീവിതശൈലിയായിരുന്നു. ഇക്കാര്യം ഇസ്ലാമിക്, ക്രിസ്റ്റ്യന്‍, സെക്കുലര്‍ പണ്ഡിതരെല്ലാം ഒരുപോലെ അംഗീകരിക്കുന്ന കാര്യമാണ്. ഇസ്ലാം രൂപപ്പെടുന്നതിനു നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ സൂഫിസത്തില്‍ ഇന്നു കാണപ്പെടുന്ന പല പ്രധാന ആത്മീയസങ്കല്പ്പങ്ങള്ക്കും സമാനമായ ആശയങ്ങള്‍ ക്രൈസ്തവ സന്യാസജീവിതത്തിലും പൗരസ്ത്യ ക്രൈസ്തവ മിസ്റ്റിക്കല്‍ ദൈവശാസ്ത്രത്തിലും വ്യാപിച്ചിരുന്നു. അമേരിക്കയിലെ ജോര്‍ജ് മേസണ്‍ യൂണിവേഴ്സിറ്റിയിലെ റിലീജിയസ് സ്റ്റഡീസിന്റെ പ്രഫസറായ ഡോ സര്‍വര്‍ ആലം (Sarwar Alam) “ദി ഡെയ്ലി സ്റ്റാര്‍” പത്രത്തില്‍ (ഒക്ടോബര്‍ 2, 2026) എഴുതിയ ലേഖനത്തില്‍ പറയുന്നത്, ആദ്യകാല സൂഫിസം പല കാര്യങ്ങളിലും പൗരസ്ത്യ ക്രിസ്ത്യന്‍ സന്യാസത്തോടു സാദൃശ്യം പുലര്‍ത്തുന്നു. അതുപോലെ സുഫി ആശയമായ ദൈവവുമായുള്ള കൂടിച്ചേരല്‍ (Union with God) നിയോ പ്ലാറ്റോണിക് ധ്യാനരീതികളോടും ഹിന്ദു, ബുദ്ധ തത്വചിന്തയുടെയും സാദൃശ്യങ്ങള്‍ പങ്കുവയ്ക്കുന്നു എന്നാണ്. (ലിങ്ക് കമൻ്റ് ബോക്സിൽ)
♦️ ജലാലുദ്ദീന്‍ റൂമിയും
സൂഫി സാഹിത്യവും
പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സൂഫി കവിയും ഇസ്ലാമിക പണ്ഡിതനുമായിരുന്നു മൗലാന ജലാലുദ്ദീന്‍ മുഹമ്മദ് റൂമി (1207-1273). ദൈവസ്നേഹത്തെ മനുഷ്യാത്മാവിന്റെ പരമമായ അന്വേഷണമായി ചിത്രീകരിച്ച അദ്ദേഹത്തിന്റെ കവിതകള്‍ ലോക മിസ്റ്റിക്കല്‍ സാഹിത്യത്തിലെ മഹത്തായ സംഭവനകളിലൊന്നായി കണക്കാക്കുന്നു.
മനുഷ്യാത്മാവ് ദൈവത്തില്‍നിന്നുള്ള വേര്‍പാടിന്റെ വേദന അനുഭവിക്കുന്നതും സ്നേഹത്തിലൂടെ ദൈവസാന്നിധ്യത്തിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നതുമാണ് റൂമി സാഹിത്യത്തിന്റെ പ്രധാന പ്രമേയം. മനുഷ്യാത്മാവ് ദൈവസ്ന്ഹത്തിനായി അദമ്യമായി ആഗ്രഹിക്കുന്നു. ഭക്തനില്‍ ദൈവസ്നേഹം നിറയുമ്പോള്‍ അഹങ്കാരം ഇല്ലാതെയാകുകയും ദൈവത്തോടുള്ള അടുപ്പത്തിലേക്ക് ഈ ബന്ധം വളര്‍ന്നു മുന്നേറുകയും ചെയ്യും. ഈ തിരിച്ചറിവു വിവരിക്കുന്നതിനാല്‍ റൂമിയുടെ ഗ്രന്ഥങ്ങളെ സൂഫികള്‍ തങ്ങളുടെ ആത്മീയ ദര്‍ശനങ്ങളുടെ അടിസ്ഥാനപ്രമാണമായി കണക്കാക്കുന്നു.
റൂമിയുടെ സാഹിത്യത്തില്‍ ദൈവം ഭയപ്പെടേണ്ട അധികാരശക്തി മാത്രമല്ല, മനുഷ്യാത്മാവ് സ്നേഹത്തോടെ അന്വേഷിക്കുന്ന പരമസത്യവുമാണ്. പ്രണയം, വിരഹം, സംഗീതം, നൃത്തം, ആത്മസമര്‍പ്പണം എന്നിവ അദ്ദേഹത്തിന്റെ കവിതകളില്‍ കടന്നുവരുന്നുണ്ട്. അദ്ദേഹത്തിന്റെ മരണശേഷമാണ് സൂഫി പാരമ്പര്യത്തിലെ ശ്രദ്ധേയമായ “ദര്‍വീശ് നൃത്തം” (dervish dance) ആത്മീയതയുടെ ഭാഗമായി സൂഫികള്‍ക്കിടയില്‍ അവതരിപ്പിക്കപ്പെട്ടത്.
ജലാലുദീന്‍ റൂമി ഉള്‍പ്പെടെയുള്ള സൂഫി പണ്ഡിതര്‍ സൂഫിസത്തിന്റെ അടിസ്ഥാന സങ്കല്പ്പമായി കണക്കാക്കുന്ന ആത്മജ്ഞാനം, മിസ്റ്റിസിസം സംബന്ധിയായ പ്രബോധനങ്ങള്‍ സംബന്ധിച്ച വിവരണങ്ങള്‍ ഖുറാനിലോ പ്രമുഖ ഹദീസുകളിലോ കാണപ്പെടുന്നില്ല (Ahmet T. Karamustafa, Knowledge of God in Classical Sufism: Foundations of Islamic Mystical Theology). കൂടാതെ, സൂഫിസം ക്രിസ്ത്യന്‍ സന്യസത്താല് ശക്തമായി സ്വാധീനിക്കപ്പെട്ടതാണെന്നും വേദാന്തത്തിലെ മോക്ഷം, ബുദ്ധമതത്തിലെ നിര്‍വ്വാണം എന്നീ ആശയങ്ങളില്‍നിന്ന് രൂപപ്പെട്ടതാണെന്നും ചില പണ്ഡിതന്മാര് വാദിക്കുകയും ചെയ്യുന്നു. അതിനാല്‍ ഇതു യഥാര്‍ത്ഥ ഇസ്ലാമിക അനുഷ്ഠാനമാണോ എന്ന സംശയം രൂപപ്പെടുന്നതായി ഡോ സര്‍വര്‍ ആലം ദി ഡെയ്ലി സ്റ്റാര്‍ പത്രത്തില്‍ എഴുതിയ ലേഖനത്തിലുണ്ട്.
♦️ സൂഫിസത്തിലെ ക്രിസ്ത്യന്‍ സ്വാധീനം:
പണ്ഡിതലോകം തിരിച്ചറിഞ്ഞ യാഥാര്‍ത്ഥ്യങ്ങള്‍
ഖുറാന് 57:27ല്‍ ക്രൈസ്തവ സന്യാസത്തെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. വാസ്തവത്തില്‍ ഈ ഖുറാന് വചനമാണ് സൂഫിസത്തെ ക്രിസ്ത്യന്‍ സന്യാസ പശ്ചാത്തലത്തിലൂടെ മനസ്സിലാക്കാന്‍ അക്കാദമിക് ലോകം ഏറെ താല്പര്യം പ്രകടിപ്പിച്ചതിനു കാരണമായി പറയപ്പെടുന്നത്.
ക്രൈസ്തവ സന്യാസിമാരില്‍ പൊതുവായി കാണപ്പെടുന്ന താപസ ജീവിതരീതിയായിരന്നു ഒരുകാലത്ത് അവരുടെ വിഹാരകേന്ദ്രമായിരുന്ന, മധ്യപൗരസ്ത്യ ദേശത്ത്, ഇസ്ലാമിന്റെ ആവിര്‍ഭാവത്തിനു ശേഷം സൂഫിസത്തിലൂടെ ഇസ്ലാമിലും രൂപപ്പെട്ടത്. നിയോപ്ലാറ്റോണിക് മിസ്റ്റിസിസത്തില്‍ ആരംഭിച്ച്, ക്രൈസ്തവ സന്യാസത്തിലൂടെയും പിന്നീട് സൂഫിസത്തിലും വ്യാപിച്ച ഈ വിഷയത്തെ മതപരമായ വെറും അവകാശവാദങ്ങളുടെ അടിസ്ഥാനത്തിലല്ല, ചരിത്രരേഖകള്‍, അക്കാദമിക് പഠനങ്ങള്‍, ക്രൈസ്തവ സന്യാസജീവിതവും സൂഫിസവും തമ്മിലുള്ള ആശയസാമ്യങ്ങള്‍, കാലക്രമം, ദർശനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് അക്കാദമിക് ലോകം പരിശോധിച്ചിട്ടുള്ളത്.
സൂഫിസത്തില്‍ ക്രൈസ്തവ സന്യാസത്തിന്റെ സ്വാധീനത്തെ സംബന്ധിച്ച് നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ പൗരസ്ത്യ -പാശ്ചാത്യ പണ്ഡിതലോകത്തു ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കാത്തതും ആധികാരിക ഇസ്ലാമിക മതഗ്രന്ഥങ്ങളുടെ നേരിട്ടുള്ള ആഹ്വനമില്ലാത്തതുമായ സന്യാസ ജീവിതശൈലി ഇസ്ലാമില്‍ എവിടെനിന്നു വന്നുവെന്നതാണ് പലരും അന്വേഷിച്ചത്. ഈ അന്വേഷണത്തിലേക്കു വെളിച്ചം വീശുന്ന ഒരു പ്രമുഖ ഇസ്ലാമിക ഗ്രന്ഥമാണ് ഒമ്പതാം നൂറ്റാണ്ടിലെ മുസ്ലിം എഴുത്തുകാനായിരുന്ന ഇബ്നു അബീ അല്‍-ദുന്യയുടെ കിത്താബ് അല്‍ -റുഹ്ബാന്‍ എന്ന ഗ്രന്ഥം. ഈ ഗ്രന്ഥത്തെ ആസ്പദമാക്കി അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് ലൂയിസുവിൽ (University of Louisville) ചരിത്രവിഭാഗം അസോസിയേററ് പ്രഫസര്‍ ബ്രാഡ്ലി ബോമന്‍ (Bradley Bowman) തയ്യാറാക്കിയ Christian Monastic Life in Early Islam എന്ന ഗ്രന്ഥം ക്രിസ്റ്റ്യന്‍ സന്യാസികളും സൂഫികളും തമ്മിലുള്ള ആത്മീയ ബന്ധങ്ങള്‍ പരിശോധിക്കുന്നുണ്ട്. കൂടാതെ, ഇസ്ലാമിലെ അബ്ബാസിയ കാലഘട്ടത്തില്‍ ക്രൈസ്തവ -സൂഫി സന്യാസ പാരമ്പര്യങ്ങള്‍ തമ്മിലുള്ള ബന്ധവും ബോമൻ കണ്ടെത്തിയിട്ടുണ്ട്.
ഇസ്ലാമിക പഠനങ്ങള്‍, അറബി ഭാഷ എന്നിവയില്‍ പണ്ഡിതനായിരുന്ന കത്തോലിക്കാ പുരോഹിതന് ഫാദര്‍ മ്യൂഗള്‍ അസിന് പലാസിയോസ്, ഇസ്ലാമിക മിസ്റ്റിസിസത്തിന്റെയും സൂഫിസത്തിന്റെയും വേരുകള്‍ സുവിശേഷങ്ങളില്‍നിന്നും പുതിയനിയമത്തിലെ മറ്റ് ഗ്രന്ഥങ്ങളില്‍നിന്നും കടംകൊണ്ടതാണെന്നു തെളിയിക്കുന്നു. ഇസ്ലാമത ദൈവശാസ്ത്രത്തിലും ചരിത്രത്തിലും പണ്ഡിതനായിരന്ന ജൂലിയന്‍ ബാല്ഡിക് (കിംഗ്സ് കോളജ് ലണ്ടന്‍ 1950-2012) Mystical Islam എന്ന ഗ്രന്ഥത്തില്‍ നിരീക്ഷിക്കുന്നത്, സൂഫിസം എന്നത് ഇസ്ലാമില്‍ വളര്‍ന്നുവരുന്ന ക്രിസ്ത്യാനിറ്റിയുടെ ഒരു ഭാഗമാണ് എന്നായായിരുന്നു. (Sufism is part of the emerging Christian Wing of Islam).
സൂഫിസം ക്രിസ്ത്യന്‍ മിസ്റ്റിക് പ്രസ്ഥാനത്തിന്റെ സവിശേഷതകള്‍ പങ്കുവയ്ക്കുന്നുണ്ടെങ്കിലും ഇതു മുസ്ലിം ഭക്തിയുടെ മറ്റ് പ്രധാന രൂപങ്ങളെപ്പോലെ പൂർണമായും ഇസ്ലാമികം തന്നെയായിരുന്നു എന്നാണ് പലരും കരുതിയത്. അതിനാല്‍, പിൽക്കാലത്ത് ക്രിസ്തന്‍ സന്യാസിമാരായി മാറുമായിരുന്ന പലരും സന്യാസജീവിതത്തിനായുള്ള ആന്തരികചോദന അനുഭവപ്പെട്ടപ്പോള്‍ സൂഫിമാര്‍ഗ്ഗം പിന്തുര്‍ന്ന് ഇസ്ലാമില്‍ നിലനിന്നതായും ക്രിയാത്മകതയുടെ കാര്യത്തില്‍ സൂഫിസം സമകാലിക പ്രാദേശിക ക്രിസ്ത്യന്‍ പ്രസ്ഥാനങ്ങളെ വളരെ പിന്നിലാക്കി എന്നുമാണ് Marshall Hodgson, The Venture of Islam (vol 1, P 393) എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നത്.
കേന്ദ്രീകൃത ഭരണസംവിധാനമോ നേതാക്കളോ ഇല്ലാത്തതിനാല്‍ സൂഫിസം അതത് സംസ്കാരങ്ങളിലെ പല ആശയങ്ങളും സ്വീകരിച്ചു എന്നാണ് പണ്ഡിതര്‍ മനസ്സിലാക്കന്നത്. സൂഫിസം അതിന്റെ ഹൃദയഭൂമിയില്‍നിന്ന് കിഴക്കോട്ട്, ഇന്ത്യയിലേക്കു നീങ്ങിയപ്പോള്‍ അത് ഹിന്ദു, ബുദ്ധ സംസ്കാരവുമായി സ്വാധീനിക്കപ്പെട്ടു. ഈ വാദം ഉന്നയിക്കുന്നത്, കിഴക്കന്‍ രാജ്യങ്ങളിലെ മതങ്ങളെ സംബന്ധിച്ചു ഏറെ പഠനങ്ങള്‍ നടത്തിയിട്ടുള്ള ബ്രട്ടീഷ് ബഹുഭാഷാപണ്ഡിതന്‍ റോബര് സി സീഹ്നര് (R.C Zeahner) ആണ്. ഇസ്ലാമിക മിസ്റ്റിസിസം പലവിധത്തിലും ഹിന്ദു മിസ്റ്റിസിസത്തോടു ബന്ധപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സൂഫിസം വേദാന്ത ആശയങ്ങളുടെ ഒരു ഇരയാണ് (Hindu and Muslim mysticism). ശങ്കരാചാര്യര്‍ വികസിപ്പിച്ചെടുത്ത വേദാന്ത മിസ്റ്റിസിസത്താല് സ്വാധീനിക്കപ്പെട്ട ഒരു ഇസ്ലാമിക മതാനുഷ്ഠാതന രീതിയാണ് സൂഫിസം എന്ന് സീഹ്നര് കരുതുന്നു.
മിസ്റ്റിസിസത്തെ സംബന്ധിച്ചു പഠനം നടത്തിയിട്ടുള്ള നോര്‍വീജിയന്‍ പണ്ഡിതനായിരുന്ന ടോര്‍ ആന്ദ്രെ (Tor Andræ, In the Garden of Myrtles: Studies in Early Islamic Mysticism) സൂഫിസത്തെ സംബന്ധിച്ച് വളരെ ശ്രദ്ധേയമായ ഒരു നീരീക്ഷണമാണ് നടത്തിയിട്ടുള്ളത്. “ഇനി ജീവിക്കുന്നതു ഞാനല്ല, എന്നില്‍ ജീവിക്കുന്നത് ക്രിസ്തുവാണ്” എന്ന ബൈബിളിലെ പ്രസ്താവനയുടെ സ്വാധീനം സൂഫിസത്തില്‍ അദ്ദേഹം കണ്ടെത്തി. മറ്റേതൊരു മതത്തേക്കാളും സുവിശേഷത്തോടു ഏറ്റവും ചേര്‍ന്നു നില്‍ക്കുന്നതാണ് ഇസ്ലാമിലെ മിസ്റ്റിസിസം എന്നാണ് ടോര്‍ ആന്ദ്രെ അഭിപ്രായപ്പെട്ടിട്ടുള്ളത്.
കാംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ പേര്‍ഷ്യന്‍, അറബി സാഹിത്യ പണ്ഡിതനായിരുന്ന റെയ്നോള്‍ഡ് എ നിക്കോള്‍സണ്‍ (The Mystics of Islam, Reynold A. Nicholson) എന്ന ഗ്രന്ഥത്തിന്റെ സൂഫിസത്തിലെ ക്രൈസ്തവ സ്വാധീനത്തെ സംബന്ധിച്ചു വിശദീകരിക്കുന്നുണ്ട്. സൂഫിസത്തിലെ സന്യാസ ജീവിതവും (ascetic) അതിലെ മിസിറ്റിസിസമെന്ന രണ്ടു തലങ്ങളും ക്രിസ്റ്റ്യാനിറ്റിയുടെ സ്വാധീനത്തില്‍ രൂപംകൊണ്ടതാണെന്ന് അദ്ദേഹം വിവരിക്കുന്നു. സൂഫികളുടെ കമ്പിളി വസ്ത്രധാരണം, മൗനവൃതം, പ്രാര്‍ത്ഥനകളുടെ ആവര്‍ത്തനം, കഠിനമായ സന്യാസശീലങ്ങള് എന്നിവയെല്ലാം ക്രൈസ്തവ സ്വാധീനമാണെന്ന് നിക്കോള്‍സണ്‍ വിലയിരുത്തുന്നു.
ആദ്യകാല സൂഫി ജീവചരിത്രങ്ങളില്‍ യേശുക്രിസ്തുവിന്റെ ഉപദേശങ്ങളും സുവിശേഷ വാക്യങ്ങളും ക്രൈസ്തവ പാരമ്പര്യത്തില്‍ പ്രചരിച്ചിരുന്ന പല ക്രിസ്തുമൊഴികളും പ്രത്യക്ഷപ്പെടുന്നുവെന്നും ക്രൈസ്തവ സന്യാസികളും ഏകാന്തവാസികളും മുസ്ലിം ഭക്തര്‍ക്ക് ഉപദേശം നല്‍കിയിരുന്നുവെന്നും നിക്കോള്‍സണ്‍ വിവരിക്കുന്നു. ആദ്യകാല സൂഫി സാഹിത്യത്തിൽ യേശു മൂന്നുകൂട്ടം സന്യാസികളെ കണ്ടെത്തിയ കഥ വിവരിക്കുന്നുണ്ട്. സ്വര്‍ഗ്ഗം ലഭിക്കാന്‍ തപസ്സനുഷ്ഠിക്കുന്ന കുറെ സന്യാസികൾ, നരകത്തെ ഭയന്ന് തപസ്സനുഷ്ഠിക്കുന്ന മറ്റൊരു വിഭാഗം സന്യാസികൾ. എന്നാൽ മൂന്നാമത്തെ വിഭാഗം ദൈവത്തോടുള്ള സ്നേഹംകൊണ്ട് തപസ്സനുഷ്ഠിക്കുന്നു. ഇതില്‍ ദൈവത്തെ സ്നേഹിച്ചുകൊണ്ട് തപസ്സനുഷ്ഠിക്കുന്നവരാണ് യഥാര്‍ത്ഥ താപസര്‍ എന്നു യേശു പറയുന്നതായിട്ടാണ് ഈ കഥയിലുള്ളത്.
ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാല പ്രസിദ്ധീകരിച്ച നിരവധി പഠനങ്ങളിലും അവരുടെ പല ഗ്രന്ഥങ്ങളിലും ക്രൈസ്തവ സന്യാസപാരമ്പര്യവും സൂഫിസവും തമ്മിലുള്ള ആഴമേറിയ ബന്ധം വളരെ ഗൗരവത്തോടെ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഒരു ഗവേഷണ പ്രബന്ധത്തിന്റെ വിഷയം സന്യാസം, ബ്രഹ്മചര്യം, ലൗകികജീവിതം എന്നതാണ് (ലിങ്ക് കമന്റ് ബോക്സില്‍). കൂടാതെ ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാല പ്രസിദ്ധീകരിച്ച Mysticism in Sufi Islam എന്ന പഠനഗ്രന്ഥത്തില്‍ ക്രൈസ്തവരുടേതുള്പ്പെടെയുള്ള വിവിധ മതങ്ങളിലെ മിസ്റ്റിക്കല്‍ പാരമ്പര്യങ്ങള്‍ സൂഫിസത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ 2024 -ല്‍ മിലാദ് മിലാനിയുടെ ഗവേഷണത്തില്‍ സൂഫിസത്തിന്റെ മുഴുവന്‍ മിസ്റ്റിക്കല്‍ തലവും ഇസ്ലാമിലെയും ഖുറാന്റെയും വിവിധ ഹദീസുകളുടെയും അടിസ്ഥാനത്തിലാണെന്ന കണ്ടെത്തലും ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാല പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സൂഫിസത്തില്‍ ക്രൈസ്തവ ദൈവശാസ്ത്രത്തിന്റെ സ്വാധീനത്തെക്കുറിച്ചു പണ്ഡിതരന്മാരുടെ നിരീക്ഷണങ്ങളുടെയും ഗവേഷണങ്ങളുടെയും അടിസ്ഥാനത്തില്‍ മനുസ്സിലാക്കാന്‍ കഴിയുന്ന ഒരു കാര്യമുണ്ട്. സൂഫിസത്തിന്റെ ക്രൈസ്തവ സ്വാധീനം എന്നത് ഒറ്റപ്പെട്ട ഒരു ഗവേഷകന്റെ അനുമാനമല്ല. ക്രൈസ്തവ, ഇസ്ലാമിക, സൂഫി ചരിത്രവും തത്വചിന്തയും ദൈവശാസ്ത്രവും എല്ലാം ആഴത്തില്‍ പഠിച്ച്, ലോകപ്രസിദ്ധമായ വിവിധ യൂണിവേഴ്സിറ്റികളില്‍ അധ്യാപകരോ ഗവേഷകരോ ആയിട്ടുള്ള പണ്ഡിതരുടെ കണ്ടെത്തലുകളാണത്. വാസ്തവത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ തന്നെ ക്രൈസ്തവ, സൂഫി സന്യാസികള്‍ തമ്മിലുള്ള സമ്പര്‍ക്കമെന്നത് ഒരു പ്രത്യേക അക്കാദമിക് താല്പര്യമുള്ള വിഷയമായി വളര്‍ന്നുവന്നുവെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. പൗരസ്ത്യ ക്രൈസ്തവ സന്യാസികളുടെ പ്രാര്ത്ഥനക്കയറും സൂഫികളുടെ ദിക്ര്മാലയും തമ്മിലുള്ള സാമ്യംപോലും ക്രൈസ്തവ സന്യാസികളുമായുള്ള ആദ്യകാല സൂഫികളുടെ ബന്ധത്തിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ക്രൈസ്തവ ദൈവശാസ്ത്രം തന്നെ യഹൂദ മത പാരമ്പര്യത്തോടും അതോടൊപ്പം ഗ്രീക്ക് തത്വചന്തയോടും നിരന്തരം സംവാദിച്ചു വികസിച്ച ചരിത്രമാണ് കാണുന്നത്. അപ്രകാരം ഇസ്ലാമിക ആത്മീയതയും അതിന്റെ ചരിത്രപരമായ ചുറ്റുപാടുകളോടും മറ്റു മതങ്ങളോടും പൂര്‍ണ്ണമായി വേര്ട്ടുനില്ക്കുന്നില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ആയതിനാല്‍ സൂഫിസത്തെയും ഷബ്നം നൂര്‍ജഹാനെയും വഹാബികളും സലഫികളും എതിര്‍ക്കുന്നതില്‍ ന്യായമുണ്ട്. സൂഫിസം പ്രകടമാക്കുന്ന ഇസ്ലാമിനെ ഖുറാനിലോ ഹദീസ് ഗ്രന്ഥങ്ങളിലോ കാണുകയില്ല എന്ന ഇക്കൂട്ടരുടെ നിലപാടുകള്‍ തീര്‍ത്തും ശരിയാണ്. സൂഫിസത്തിന്റെ അടിസ്ഥാനം ക്രൈസ്തവ സന്യാസത്തില്‍ നിലകൊള്ളുന്നതിനാല്‍ ഈ മുന്നേറ്റത്തെ തടയേണ്ടത് വഹാബി, സലഫി വിഭാഗങ്ങളുടെ ആശയപ്രചാരണത്തിനും നിലനില്‍പ്പിനും അത്യന്താപേക്ഷിതമാണ്.

