അഡിസ് അബാബ: എത്യോപ്യയിലെ ഒറോമിയ മേഖലയിൽ നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ അറുപതിലധികം ക്രൈസ്തവര്‍ക്ക് ദാരുണാന്ത്യം. ബിബിസി ഉള്‍പ്പെടെയുള്ള പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇരട്ട ആക്രമണങ്ങളാണ് മേഖലയിലുണ്ടായത്. ഒക്ടോബർ 20ന് മെർട്ടി ജില്ലയിലെ ഗോറ സിലിംഗോ, അംഗദ കെബെലെ ഗ്രാമങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ 14 പേരും ഒക്ടോബർ 24ന് ഷിർക്ക ജില്ലയിലെ തെരേത, ചോലെ, ബിർബോ ഗ്രാമങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ 46 പേരും കൊല്ലപ്പെട്ടതായി സഭാനേതൃത്വം അറിയിച്ചു. മധ്യ എത്യോപ്യയിലെ ഒറോമിയ മേഖലയിലെ ആർസി സോണിലാണ് രണ്ട് ജില്ലകളും സ്ഥിതി ചെയ്യുന്നത്.
‘ഒറോമോ ലിബറേഷൻ ആർമി’ഉൾപ്പെടുന്ന, പുതുതായി രൂപീകരിച്ച ‘അലയൻസ് ഫോർ സർവൈവൽ’ എന്ന വിമത സഖ്യമാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് പ്രാദേശിക വൃത്തങ്ങള്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ, ഒറോമോ ലിബറേഷൻ ആർമി (OLA) ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ആക്രമണങ്ങളിൽ 20 വീടുകൾ പൂർണ്ണമായും കത്തിനശിച്ചതായി എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭ വ്യക്തമാക്കി. കൊല്ലപ്പെട്ടവരിൽ അഞ്ച് പേർ കുട്ടികളാണ്. ഗുരുതരമായി പരിക്കേറ്റ ഇരുപതോളം പേര് ചികിത്സയില്‍ തുടരുകയാണ്. എകെ-47 റൈഫിളുകളും മറ്റ് ആയുധങ്ങളുമായി എത്തിയ സായുധ ആക്രമണകാരികൾ നടത്തിയ ആക്രമണങ്ങള്‍ ആറ് മണിക്കൂര്‍ നീണ്ടുനിന്നു.ഷിർക്ക ജില്ലയിലെ മൂന്ന് പ്രദേശങ്ങളിൽ നടന്ന ആക്രമണങ്ങളെ കൂട്ടക്കൊല എന്നാണ് സഭാനേതൃത്വം വിശേഷിപ്പിച്ചത്. സുരക്ഷാ സേന സ്ഥലത്തെത്തിയെങ്കിലും ആക്രമണം തടയാൻ അവർക്ക് സാധിച്ചില്ലെന്നും സഭാനേതൃത്വം ആരോപിച്ചു. ഭയന്ന പല പ്രദേശവാസികളും ഇതിനകം അവിടെനിന്ന് പലായനം ചെയ്തു കഴിഞ്ഞു. സമീപകാലത്തായി ക്രിസ്ത്യാനികൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരികയാണ്.
സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.

