ഷോൺ ജോർജ്.
ചങ്ങനാശ്ശേരി പാറേൽ പള്ളി കിഴക്കിന്റെ ഹാഗിയ സോഫിയ
ചങ്ങനാശ്ശേരിക്ക് മാത്രമല്ല, കേരളത്തിലെ ക്രൈസ്തവ വിശ്വാസികളുടെയാകെ അഭിമാനമായി മാറുകയാണ് പുതിയ പാറേൽ സെന്റ് മേരിസ് ദൈവാലയം. ഒരു വിശ്വാസി എന്ന നിലയിൽ, ഞാൻ ചങ്ങനാശ്ശേരിയിലൂടെ കടന്നു പോകുമ്പോഴൊക്കെ പാറേൽ പള്ളിയുടെ വിശേഷങ്ങൾ അന്വേഷിക്കുകയും പണികൾ പുരോഗമിക്കുന്നത് ആഹ്ലാദപൂർവ്വം ശ്രദ്ധിക്കുകയും ചെയ്യുമായിരുന്നു.നാമെല്ലാവരും കാത്തിരുന്ന, ചങ്ങനാശ്ശേരിരൂപതയിലെ സുമനസ്സുകളുടെ സഹായവും പ്രാർത്ഥനയുംകൊണ്ടു പൂർത്തീകരിച്ച പാറേൽ പള്ളിയുടെ കൂദാശ വരുന്ന മാസം 21 നു നടക്കും
‘കിഴക്കിന്റെ ഹാഗിയ സോഫിയ’ എന്ന വിശേഷണം പാറേൽപ്പള്ളി ഇതിനോടകം നേടിക്കഴിഞ്ഞു. അക്കാലത്തെ ഹാഗിയ സോഫിയ കത്തീഡ്രൽ പോലെതന്നെ ഒരു വാസ്തു വിസ്മയമാണ് നമ്മുടെ പാറേൽപ്പള്ളി. കേരളത്തിലെ ഏറ്റവും വലിയ ക്രൈസ്തവ ദൈവാലയം പ്രമുഖ മരിയൻ തീർത്ഥാടനകേന്ദ്രം.അഭിവന്ദ്യരായ പെരുന്തോട്ടം പിതാവിന്റെയും മാർ തോമസ് തറയിൽ പിതാവിന്റെയും നേതൃത്വത്തിൽ പൂർത്തിയാകുന്ന പാറേൽപ്പള്ളിയുടെ കൂദാശാവസരത്തിൽ എന്റെ വ്യക്തിപരമായ സന്തോഷവും പ്രാർത്ഥനയും ഏറെ സ്നേഹത്തോടെ പങ്കുവക്കുന്നു. ഇപ്പോൾ പാറേൽ പള്ളിയെ ഒരു ബസിലിക്കയായി ഉയർത്തിക്കൊണ്ടുള്ള പരിശുദ്ധ പിതാവിന്റെ പ്രഖ്യാപനം കൂടി വന്നത് വിശ്വാസികൾക്ക് ഇരട്ടിമധുരമായി.
ഇതോടൊപ്പം പാറേൽപ്പള്ളി കൂദാശയും അനുബന്ധ ചടങ്ങുകളുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളും ചർച്ചകളും കുറച്ചു ദിവസമായി മാധ്യമങ്ങളിൽ കാണുന്നുണ്ട്. ചടങ്ങിലേക്ക് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ബഹുമാനപ്പെട്ട പാണക്കാട് സാദിക്കലി തങ്ങളെ ക്ഷണിച്ചു എന്ന തരത്തിലുള്ള വാർത്തകളെത്തുടർന്നാണ് അതൃപ്തി ഉടലെടുത്തത്.തുർക്കിയിലെ ഹാഗിയ സോഫിയ സമുച്ചയത്തെ ഒരു മുസ്ലിം മോസ്കായി മാറ്റിയ ഇസ്ലാമിസ്റ്റ് ഏർഡോഗന്റെ നടപടിയിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് സാദിക്കലി തങ്ങൾ ചന്ദ്രികയിൽ ലേഖനം പ്രസിദ്ധീകരിച്ച സംഭവം ക്രൈസ്തവ സമുദായത്തിന്റെ വേദനയ്ക്ക് കാരണമായിരുന്നു.അത്തരം ഒരു വ്യക്തിത്വത്തെ ഈ ചടങ്ങിലേക്ക് ക്ഷണിച്ചതിലുള്ള രോഷമാണ് സമുദായഅംഗങ്ങൾ പ്രകടിപ്പിക്കുന്നത്. വ്യക്തിപരമായ സംഭാഷണത്തിൽ ബഹുമാനപ്പെട്ട വൈദികർ ഉൾപ്പെടെ ഇക്കാര്യത്തിലുള്ള അതൃപ്തി സങ്കടത്തോടെ പറയുകയും ചെയ്തു.അതുകൊണ്ടുകൂടിയാണ് ഇങ്ങനെ ഒരു കുറിപ്പ്.സംസ്ഥാന ബി ജെ പി ഉപാധ്യക്ഷൻ എന്ന നിലയിൽ അല്ല, ചങ്ങനാശ്ശേരി അതിരൂപതയിലെതന്നെ ഒരു കത്തോലിക്ക വിശ്വാസി എന്ന നിലയിലാണ് ഞാൻ ഇതെഴുതുന്നതും.
ഈ വിഷയത്തിൽ സമുദായഅംഗങ്ങളുടെ അഭിപ്രായത്തിനൊപ്പമാണ് എന്റെ നിലപാട് എന്നു തുറന്നു പറയാൻ എനിക്ക് യാതൊരു മടിയുമില്ല. അതേ സമയം അഭിവന്ദ്യ പിതാക്കന്മാർ സാദിക്കലി തങ്ങളെ ഏതെങ്കിലും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിൽ, ആ തീരുമാനത്തിന്റെ അടിസ്ഥാനം ക്രൈസ്തവ സ്നേഹവും പഠിപ്പിക്കലുമാണെന്നും നാം അറിഞ്ഞിരിക്കണം.സാദിക്കലി തങ്ങളുടെ വിവാദമായ ‘അയാസോഫിയയിലെ ജുമുഅ’ എന്ന ലേഖനത്തിനെതിരെ ഏറ്റവും ശക്തമായ പ്രതിഷേധം ചങ്ങനാശ്ശേരി രൂപതയുടെയും കത്തോലിക്ക സഭയുടെയും കേന്ദ്രങ്ങളിൽ നിന്നും ഉണ്ടായിട്ടുണ്ട്. ഞാൻ മനസ്സിലാക്കിയിടത്തോളം അന്നത്തെ നിലപാടിൽ ഇപ്പോഴും യാതൊരു മാറ്റവും വരുത്തിയിട്ടില്ല.അഭിപ്രായവ്യത്യാസം അതുപടി നിലനിൽക്കുമ്പോഴും പരസ്പരബഹുമാനത്തിന്റെയും ക്ഷമയുടെയും പാത തുറന്നിടുന്നതിന്റെ ക്രൈസ്തവ സന്ദേശമാണ് രൂപതയുടെ നേതൃത്വം മുന്നോട്ടു വച്ചത്. ശത്രുവിനെ സ്നേഹിക്കാനും അവർക്കു വേണ്ടി പ്രാർത്ഥിക്കാനുമാണ് യേശുക്രിസ്തു പഠിപ്പിച്ചത്.ഒരു കരണത്തടിക്കുന്നവന് മറുകരണം കൂടി കാണിച്ചുകൊടുക്കുന്ന ക്ഷമയാണ് ബൈബിൾ കാണിച്ചുതന്നത്.ചങ്ങനാശ്ശേരി രൂപത നൽകിയ ക്ഷണത്തോടെ, ക്രിസ്തു നൽകിയ സ്നേഹസന്ദേശം ലോകത്തിനു മുന്നിൽ പ്രകാശിപ്പിക്കുന്ന രീതിയിൽ ബഹുമാനപ്പെട്ട തങ്ങൾ ഉപകരണമാക്കപ്പെട്ടു എന്നു പറഞ്ഞാൽ അത് ഒട്ടും അധികമല്ല
കേരളത്തിന്റെ മതേതര മനസാക്ഷിയെ വലിയ രീതിയിൽ മുറിവേൽപ്പിച്ച ഒരു സംഭവമായിരുന്നു സാദിക്ക് അലി തങ്ങൾ അന്നു സ്വീകരിച്ച നിലപാട്.
ചരിത്രം പരിശോധിച്ചാൽ പൗരസ്ത്യ ക്രൈസ്തവ സഭയുടെ ആയിരം വർഷത്തെ ആത്മീയ കരുത്തിന്റെയും ബൈസാന്റിയൻ വാസ്തുവിദ്യയുടെയും മകുടോദാഹരണമായി പണിതുയർത്തിയ ഒരു ദൈവാലയമായിരുന്നു കോൺസ്റ്റന്റിനോപ്പിളിലെ ഹാഗിയ സോഫിയ. ആറാം നൂറ്റാണ്ടിൽ ജസ്റ്റീനിയൻ ചക്രവർത്തി പണികഴിപ്പിച്ച ആ ദൈവാലയത്തിന്റെ അൾത്താരയിൽ ഉയർന്നിരുന്ന ധൂപവും പ്രാർത്ഥനകളും ഒരു ജനതയുടെ ആത്മസമർപ്പണമായിരുന്നു.
എന്നാൽ പതിനഞ്ചാം നൂറ്റാണ്ടിലെ ഓട്ടോമൻ അധിനിവേശത്തിന്റെ വാൾത്തലക്ക് മുന്നിൽ ആ അൾത്താര തകർക്കപ്പെട്ടു. ചുവരുകളിലെ ക്രിസ്തുവിന്റെയും മാതാവിന്റെയും മൊസൈക് ചിത്രങ്ങൾക്ക് മീതെ കുമ്മായം തേച്ചും തിരശീലയിട്ടും മറച്ചു. മുസ്ലിം ആരാധനാലയമായും പിന്നീട് ആധുനിക കാലത്ത് ഒരു മ്യൂസിയമാക്കി പരിവർത്തനം ചെയ്തും നിലനിന്നിരുന്ന ആ ചരിത്രസ്മാരകത്തെ ഏതാനും വർഷങ്ങൾക്ക് മുൻപ് വീണ്ടും ഇസ്ലാമിസ്റ്റ് അധിനിവേശത്തിന്റെ പ്രതീകമാക്കി മാറ്റിയപ്പോൾ ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ മാത്രമല്ല സകല മതേതര വിശ്വാസികളുടെയും മനസ്സിൽ ഒരു നീറ്റൽ ഉണ്ടായി. ഫ്രാൻസിസ് മാർപാപ്പ “എന്റെ ഹൃദയം വല്ലാതെ വേദനിക്കുന്നു” എന്നാണ് അന്ന് പ്രതികരിച്ചത്
ആ ചരിത്രദുരന്തത്തിൽ ലോകം മുഴുവൻ വേദനിച്ചപ്പോൾ, അത് വെട്ടിപ്പിടിച്ചവന്റെ അവകാശമാണ്, ആ ദൈവാലയം മോസ്കാക്കി മാറ്റിയതിൽ ഒരു തെറ്റുമില്ല എന്ന് നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഇരുന്ന് ലേഖനമെഴുതി ന്യായീകരിച്ചത് പാണക്കാട് പരമ്പരയിൽ നിന്നാണ് എന്നത് വലിയൊരു ഞെട്ടലോടെയാണ് കേരളീയ സമൂഹം മനസ്സിലാക്കിയത്. പൂർവ്വികർ വാളുകൊണ്ട് നടത്തിയ അധിനിവേശങ്ങളെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും കേരളത്തിൽ ഇരുന്നും മഹത്വവൽക്കരിക്കാൻ മടിയില്ലാത്ത മനസ്സിനെതിരെ കേരളത്തിലെ ഇസ്ലാം സഹോദരങ്ങൾത്തന്നെ വിമർശിച്ചു രംഗത്തു വന്നതും ഓർമയിലുണ്ട്
ഈ സന്ദർഭം മനസ്സിലാക്കുമ്പോൾ ആദരണീയ സാദിക്കലി തങ്ങളോട് ഒരു കാര്യം അഭ്യർത്ഥിക്കുന്നു . ഹാഗിയ സോഫിയ വിഷയത്തിൽ അങ്ങയുടെ നിലപാട് തിരുത്തണം.അയാ സോഫിയയിലെ ജുമുഅ എന്ന ലേഖനത്തിലെ നിലപാടുകളിൽ ആത്മാർത്ഥമായ ഖേദം പ്രകടിപ്പിക്കണം. അപ്രകാരം പുരോഗമനപരമായ ഒരു നിലപാടിൽ നിന്നുകൊണ്ടാവണം ചങ്ങനാശ്ശേരി പാറേൽ പള്ളിയുടെ തിരുമുറ്റത്ത് എത്തിച്ചേരാൻ.പാപിയെ വെറുക്കാൻ അല്ല, പാപത്തെ എതിർക്കാനും പാപിയെ സ്നേഹിക്കാനും പഠിപ്പിച്ച മഹാഗുരുവിന്റെ ശിഷ്യർ ആണ് അഭിവന്ദ്യ പിതാക്കന്മാർ. അവർ മനുഷ്യ സ്നേഹത്തിലും ക്ഷമയിലും അധിഷ്ഠിതമായ ഒരു നിലപാട് സ്വീകരിച്ചപ്പോൾ അതിനൊത്തുയർന്ന ഒരു നടപടി അങ്ങയുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് സാമാന്യമായി പ്രതീക്ഷിക്കുന്നു.

