റവ: ജോർജ് വർഗീസ് (ഷാജി കാരയ്ക്കൽ)
ലോസ് ആഞ്ചലസ്, കാലിഫോർണിയ: ലക്ഷക്കണക്കിന് ആളുകൾ ശ്രദ്ധിക്കുന്ന-സിനിമ താരങ്ങളും, കായിക താരങ്ങളുമൊക്കെ- അവരുടെ വാക്കുകൾക്ക് വലിയ സ്വാധീനമുണ്ട്. ആ സ്വാധീനം വിശ്വാസവും പ്രാർത്ഥനയും പങ്കുവെക്കാൻ ഉപയോഗിച്ചാലോ? ദ ചോസൺ എന്ന പരമ്പരയിൽ യേശുവിന്റെ ഭാഗം അവതരിപ്പിക്കുന്ന നടൻ ജോനാഥൻ റൂമിയുടെ സന്ദേശം ഇതാണ്: പ്രശസ്തരായവർ തങ്ങളുടെ വിശ്വാസത്തെക്കുറിച്ച് തുറന്നു സംസാരിക്കാനും, സ്വന്തം സ്വാധീനം മറ്റുള്ളവരെ യേശുവിലേക്ക് അടുപ്പിക്കാൻ ഉപയോഗിക്കാനും മടിക്കേണ്ടതില്ല.
ഈ വർഷത്തെ ക്രിസ്മസ് ഒരുക്കങ്ങളുടെ ഭാഗമായി റൂമി, നടന്മാരായ ക്രിസ് പ്രാറ്റ്, ഗാരി സിനൈസ് എന്നിവരോടൊപ്പം ‘ഹലോ’ പ്രാർത്ഥനാ ആപ്പിന്റെ വരാനിരിക്കുന്ന പ്രാർത്ഥനാപരിപാടിയിൽ പങ്കെടുക്കും. ഇറ്റ്സ് എ വണ്ടർഫുൾ ലൈഫ് എന്ന സിനിമയിലെ രംഗങ്ങളും ദൈനംദിന പ്രാർത്ഥനകളും ചിന്തകളും ചേർത്താണ് പരിപാടി ഒരുക്കിയിരിക്കുന്നത്. തിരക്കിനിടയിൽ നാം പലപ്പോഴും കാണാതെ പോകുന്ന ജീവിതത്തിലെ നന്മകളെ ശ്രദ്ധിക്കാനാണ് ഇത് പ്രേരിപ്പിക്കുന്നതെന്ന് റൂമി പറഞ്ഞു.
റൂമിയുടെ വാക്കുകളിൽ, സിനിമയും പ്രശസ്തിയും പ്രാർത്ഥനയിലേക്ക് ആളുകളെ ക്ഷണിക്കുന്ന വഴികളാകണം. പ്രശസ്തിയേക്കാൾ വലുതാണ് അതിലൂടെ പങ്കുവെക്കാനാകുന്ന സന്ദേശം: ജീവിതത്തിലെ നല്ല കാര്യങ്ങൾ ശ്രദ്ധിക്കുക, പ്രാർത്ഥിക്കാൻ സമയമെടുക്കുക, വിശ്വാസത്തിൽ നിന്ന് പ്രതീക്ഷ കണ്ടെത്തുക.

