ബിഷപ് ഉമ്മൻ ജോർജ്
ഒരു ദിവസത്തിന്റെ വില എന്ന് പറയുന്നത് ദൈവത്തിന്റെ ദാനമാണ്. ഒരു മിനിറ്റ് പോലും അത് ചുമ്മാതെ നഷ്ടപ്പെടുത്തി കളയരുത്. 90ആം സങ്കീർത്തനത്തിന്റെ പന്ത്രണ്ടാം വാക്യത്തിൽ ‘ ഞങ്ങൾ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ’. നമ്മുടെ നാളുകൾ ഓരോ ദിനവും തമ്പുരാൻ തരുന്നതാണ്. ഓരോ ദിനവും കർത്താവാണ് എനിക്കും നിങ്ങൾക്കും തരുന്നത്. ഇത് ദൈവത്തിന്റെ സന്നിധിയിൽ നിന്ന് ദൈവം തരുന്ന ഗിഫ്റ്റ് ആണ് നമ്മുടെ ഓരോ ദിവസവും. ഞാൻ ഇന്ന് എന്റെ സഹധർമ്മിണിയോട് പറഞ്ഞു, വർഷങ്ങൾക്കു മുമ്പ് ഒരു കാർ അപകടം ഉണ്ടായി.ഞാനും എന്റെ ഭാര്യയും മൂന്നു കുഞ്ഞുങ്ങളും എന്റെ മാതാപിതാക്കളും ഉണ്ടായിരുന്നു ആ കാറിൽ. ഞങ്ങൾ വരുന്ന വഴിയിൽ ഞാൻ ഡ്രൈവ് ചെയ്തുകൊണ്ടിരുന്ന സമയത്ത് ഉറങ്ങിപ്പോയി. കാർ ഒരു ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ഒരു കണ്ടത്തിലോട്ട് മറിയുന്നു. കുറവിലങ്ങാടിപ്പുറത്തായിരുന്നു സംഭവം. തൊട്ടു പുറകെ ഒരു ബസ്, അത് കോട്ടയം തിരുനക്കര അമ്പലത്തിൽ നിന്നും ഗുരുവായൂർ ക്ഷേത്രത്തിൽ പോയി മടങ്ങിവരുകയാണ് .ആ സമയത്ത് ഡ്രൈവർക്ക് അറിയാം ഇങ്ങനെ ചുമ്മാ പോയി മറിയുന്നത് ഉറങ്ങിപ്പോയതായിരിക്കും. ഓടിക്കുന്ന ആൾ ഉറങ്ങിയതായിരിക്കാമെന്നു മനസ്സിലായി. ആ ബസിൽനിന്ന് അവരെല്ലാവരും കൂടി ഇറങ്ങിവന്ന് ഞങ്ങളെ എല്ലാവരെയും കൂടെ രക്ഷിച്ചു. അത്രയും ആളുകൾ ഉണ്ടായിരുന്നതുകൊണ്ട് കാർ നേരെ തിരിച്ചിട്ടു. ഡോർ തുറന്ന് ഞങ്ങൾ എല്ലാവരും ഇറങ്ങി. ഞങ്ങളുടെ ഇളയ കുഞ്ഞിന് അന്ന് ആറുമാസം പ്രായമേയുള്ളൂ. ആ സമയത്താണ് ഈ വലിയ അപകടം നടക്കുന്നത്. അതേ അപകടം അതേ റോഡിൽ അങ്ങ് അപ്പുറം മാറിയാണ് നടക്കുന്നത് എങ്കിൽ വലിയ താഴ്ചകളുള്ളിടമാണ്. ഇവിടെയെന്തും സംഭവിക്കാം. അപ്പോൾ ദൈവം നടത്തിയ വഴികൾ എത്രയാണ്! ഞാൻ ഇപ്പോഴും ആ വഴി പാസ് ചെയ്യുമ്പോൾ ദൈവത്തിനു സ്തോത്രം ചെയ്യാറുണ്ട്. ഇപ്പോൾ അവിടെ കണ്ടമൊന്നുമില്ല. അതെല്ലാം നികത്തി.
പരിശുദ്ധാത്മാവിന്റെ ശക്തി ഞാൻ എപ്പോഴും ഓർക്കും. ദൈവം തന്നിരിക്കുന്ന ഓരോ ദിവസവും ഓരോ നിമിഷവും ഏതെല്ലാം അപകടങ്ങൾ വരാമായിരുന്നു,എന്തെല്ലാം ജീവിതത്തിൽ വരാമായിരുന്നു. ഇതുവരെ നടത്തിയത് ദൈവത്തിന്റെ കൃപയാണ്. അതുകൊണ്ട് നമ്മൾ ഓരോ ദിവസവും നിൽക്കുന്നത് ദൈവത്തിന്റെ കൃപയാണെന്ന് മനസ്സിലാക്കി ദൈവത്തിനു വേണ്ടി പ്രവർത്തിക്കുവാൻ, മറ്റുള്ളവർക്ക് വേണ്ടി, സാധുക്കൾക്ക് വേണ്ടി,ദൈവരാജ്യത്തിന്റെ കെട്ടുപണിക്ക് വേണ്ടി ആയിരിക്കാൻ ഈ വചനം കേൾക്കുന്ന എല്ലാവർക്കും കൃപ നൽകട്ടെ. നമുക്ക് പ്രാർത്ഥിക്കാം. ‘ കർത്താവേ പരിശുദ്ധ പിതാവേ ഓരോ ദിവസത്തെയും വിലയറിഞ്ഞ് ഞങ്ങൾ ജീവിക്കുവാൻ ഞങ്ങളെ സഹായിക്കേണമേ. യേശുവേ നന്ദി, യേശുവേ സ്തോത്രം, യേശുവേ ആരാധന, യേശുവേ മഹത്വം. യേശു മൂലം പ്രാർത്ഥന കേൾക്കണം നല്ല പിതാവേ ആമേൻ.

