യോഹന്നാൻ 18
12 പടയാളികളും സഹസ്രാധിപനും യെഹൂദന്മാരുടെ ചേവകരും യേശുവിനെ പിടിച്ചു കെട്ടി.
13 അവനെ ആദ്യം അന്നാവിന്റെ അടുക്കൽ കൊണ്ടുപോയി; അവൻ ആ ആണ്ടിലെ മഹാപുരോഹിതനായ കയ്യാഫാവിന്റെ അമ്മായിയപ്പനായിരുന്നു.
14 യെഹൂദന്മാരോടു: ഒരു മനുഷ്യൻ ജനത്തിനുവേണ്ടി മരിക്കുന്നതു നന്നെന്നു ആലോചന പറഞ്ഞവൻ ഈ കയ്യാഫാവു തന്നേ.
15 ശിമോൻ പത്രൊസും മറ്റൊരു ശിഷ്യനും യേശുവിനെ പിന്തുടർന്നു; ആ ശിഷ്യൻ മഹാപുരോഹിതന്നു പരിചയമുള്ളവനാകയാൽ യേശുവിനോടുകൂടെ മഹാപുരോഹിതന്റെ നടുമുറ്റത്തു അകത്തു കടന്നു.
16 പത്രൊസോ വാതില്ക്കൽ പുറത്തു നിന്നു. മഹാപുരോഹിതന്നു പരിചയമുള്ള മറ്റേ ശിഷ്യൻ പുറത്തു വന്നു വാതില്ക്കൽ കാവൽക്കാരത്തിയോടു പറഞ്ഞു പത്രൊസിനെ അകത്തു കൊണ്ടു വന്നു.
17 വാതില്ക്കൽ കാവൽക്കാരിയായ സ്ത്രീ പത്രൊസിനോടു: നീയും ഈ മനുഷ്യന്റെ ശിഷ്യന്മാരിൽ ഒരുത്തനല്ലയോ എന്നു ചോദിച്ചു. അവൻ: അല്ല എന്നു പറഞ്ഞു.
18 തണുപ്പായതുകൊണ്ടു ദാസന്മാരും ചേവകരും കനൽക്കൂട്ടി തീ കാഞ്ഞുകൊണ്ടു നിന്നു; പത്രൊസും അവരോടുകൂടെ നിന്നു തീ കാഞ്ഞു.
19 മഹാപുരോഹിതൻ യേശുവിനോടു അവന്റെ ശിഷ്യന്മാരെക്കുറിച്ചും ഉപദേശത്തെക്കുറിച്ചും ചോദിച്ചു.
20 യേശു അവനോടു: ഞാൻ സ്പഷ്ടമായി ലോകത്തോടു സംസാരിച്ചു; യെഹൂദന്മാർ എല്ലാവരും കൂടുന്ന പള്ളിയിലും ദൈവാലയത്തിലും എപ്പോഴും ഉപദേശിച്ചു; രഹസ്യമായിട്ടൊന്നും സംസാരിച്ചില്ല.
21 എന്നോടു ചോദിക്കുന്നതു എന്തു? ഞാൻ എന്തു പറഞ്ഞു എന്നതു കേട്ടവരോടു ചോദിക്ക; ഞാൻ പറഞ്ഞതു അവർ അറിയുന്നുണ്ടു എന്നു ഉത്തരം പറഞ്ഞു.
22 അവൻ ഇങ്ങനെ പറഞ്ഞപ്പോൾ, സമീപത്തു നിന്ന ചേവകരിൽ ഒരുത്തൻ: മഹാപുരോഹിതനോടു അതെ ഉത്തരം പറയുന്നതു എന്നു പറഞ്ഞു യേശുവിനെ തല്ലി.

