പാട്ടും പ്രാർത്ഥനയുമായി, എപ്പോഴും ദൈവഭക്തിയിൽ ജീവിക്കുന്നവരിൽ പോലും കൊടുങ്കാറ്റുപോലുള്ള പ്രശ്നങ്ങൾ വരുന്നത് എന്തുകൊണ്ടാണ്? പലപ്പോഴും നാം കേൾക്കുകയും ചോദിക്കുകയും ചെയ്യാറുള്ളതാണ്.
ഒന്നിനുപുറകെ ഒന്നായി പ്രശ്നങ്ങൾ വന്നുകൊണ്ടിരിക്കുമ്പോൾ നാം ദൈവത്തോട് ചോദിക്കാറുണ്ട്:
“കർത്താവേ, എന്താ ഇത്? ഒരു പ്രശ്നത്തിൽ നിന്നൊന്നു കരകയറി ജീവിതം സമാധാനത്തോടെ മുന്നോട്ടുപോകാമെന്നു കരുതുമ്പോഴേക്കും ദാ അടുത്ത പ്രശ്നം? കർത്താവേ, അങ്ങ് ഉറങ്ങുകയാണോ? എന്റെ ജീവിതത്തിൽ സംഭവിക്കുന്നതൊന്നും അങ്ങ് കാണുന്നില്ലേ? ഈ പ്രശ്നങ്ങൾക്കൊന്നും ഒരറുതിയുമില്ലേ?”
എന്നാൽ, ശിഷ്യന്മാർ സഞ്ചരിച്ചിരുന്ന വള്ളം തകർത്തുകളയുമെന്നു തോന്നിപ്പിക്കുന്ന വിധത്തിൽ പെട്ടെന്നൊരു ശക്തമായ കാറ്റും കൊടുങ്കാറ്റും ഉണ്ടായി; തിരമാലകൾ വള്ളത്തിലേക്ക് അടിച്ചുകയറി വെള്ളം നിറഞ്ഞ് കടലിൽ മുങ്ങിപ്പോകുമെന്ന അവസ്ഥയായി.
സകലത്തിനും അധികാരിയായ കർത്താവ് അവരോടൊപ്പം വള്ളത്തിൽത്തന്നെ ഉണ്ടായിരുന്നു എന്ന സത്യം നാം മറന്നുപോകരുത്!
ചോദ്യങ്ങൾ പലതുണ്ടാകാം. ചിലപ്പോൾ പ്രാർത്ഥിക്കാൻ പോലും വാക്കുകൾ കിട്ടിയെന്നുവരില്ല. കാതുകളിൽ മുഴങ്ങുന്ന പ്രക്ഷുബ്ധമായ ഇരമ്പലുകളാൽ തകർന്ന മനസ്സ് ദൈവത്തോടു അപേക്ഷിക്കാൻ പോലും കഴിയാതെ നാം നിശ്ചലരായിപ്പോകുന്നു.
എങ്കിലും, നമ്മുടെ ജീവിതത്തിലെ ഓരോ പ്രതിസന്ധിയും കർത്താവ് അറിയുന്നുണ്ട്. നമ്മുടെ കണ്ണുനീരും നെടുവീർപ്പുകളും ആരും കാണാതെ ഉള്ളിൽ ഒതുക്കി സഹിക്കുന്ന വേദനകളും അവിടുന്ന് അറിയുന്നു.
തിരകളില്ലാത്ത കടലില്ല; പ്രശ്നങ്ങളില്ലാത്ത ജീവിതവുമില്ല! പക്ഷേ പ്രശ്നങ്ങളൊന്നുമില്ലാത്ത ഒരു ജീവിതമാണ് നാം ആഗ്രഹിക്കുന്നത്. എന്നാൽ ജീവിതത്തിന്റെ യാഥാർഥ്യം മറ്റൊന്നാണ്. ചില കൊടുങ്കാറ്റുകൾ പെട്ടെന്നു ശാന്തമാകും; ചിലത് കുറെ നേരം നമ്മെ പിന്തുടരും. ചില പ്രതിസന്ധികൾക്ക് ഉടനടി പരിഹാരം ലഭിക്കുമ്പോൾ, മറ്റു ചിലതിലൂടെ നമുക്ക് ദീർഘനേരം കടന്നുപോകേണ്ടിവരും.
അതുകൊണ്ട്, നമുക്ക് ഏറ്റവും ആവശ്യമുള്ളത് പ്രശ്നങ്ങളൊന്നുമില്ലാത്ത ജീവിതമല്ല; ഏറ്റവും വലിയ കൊടുങ്കാറ്റുകൾക്കിടയിലും നമ്മെ കൈവിടാത്ത കർത്താവിലുള്ള അചഞ്ചലമായ വിശ്വാസമാണ്!
കാരണം, ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളെയും സ്വന്തം ശക്തികൊണ്ട് കീഴടക്കാൻ നമുക്കാവില്ല. ചില സാഹചര്യങ്ങളിൽ നമ്മുടെ കഴിവുകളും ആത്മവിശ്വാസവും മനുഷ്യസഹായങ്ങളും പരിമിതപ്പെട്ടുപോകും. എന്നാൽ അവിടെയാണ് ദൈവകൃപയുടെ കരുത്ത് നാം തിരിച്ചറിയുന്നത്.
നമ്മുടെ ശക്തി ക്ഷയിച്ചുപോകുമ്പോഴും നമ്മെ താങ്ങിനിർത്തുന്ന ഒരു കരമുണ്ട്. നമുക്ക് മുന്നോട്ടുള്ള വഴി കാണാനാകാതെ വരുമ്പോഴും നമ്മെ കൈപിടിച്ചു നടത്താൻ കഴിവുള്ള ഒരു കർത്താവുണ്ട്. തിരമാലകൾക്കു മീതെ നടന്നുവന്നവന് നമ്മുടെ കൊടുങ്കാറ്റുകളെ ശാന്തമാക്കാനും അവയുടെ നടുവിൽ നമ്മെ താങ്ങിനിർത്താനും കഴിയും!
ഒടുവിൽ, ആ വലിയ കാറ്റും പേമാരിയും ശാന്തമാകുമ്പോൾ ഹൃദയത്തിൽ അനുഭവപ്പെടുന്ന ആ കുളിർമ… ആ ആശ്വാസം… ആ സമാധാനം… അതൊന്ന് വേറിട്ട അനുഭവം തന്നെയാണ്!
പ്രശ്നങ്ങളൊന്നും ഇല്ലാത്തതല്ല വിശ്വാസജീവിതത്തിന്റെ അടയാളം; അവയുടെ നടുവിലും കർത്താവിൽ ആശ്രയിച്ച് മുന്നോട്ടുപോകുന്നതാണ് യഥാർഥ വിശ്വാസം.
കൊടുങ്കാറ്റ് എത്ര ശക്തമായാലും, അതിനേക്കാൾ ശക്തനാണ് നമ്മുടെ കർത്താവ്! തിരമാലകൾ എത്ര ഉയർന്നാലും, നമ്മെ കൈവിടാത്ത അവിടുത്തെ കൃപ അതിനേക്കാൾ വലുതാണ്!
ബി ജോൺ വടക്കേപ്പറമ്പിൽ

