അഡ്വ. പ്രകാശ് പി തോമസ്
നമ്മുടെ ഒരു പ്രശ്നമാണ് അനൈക്യം എന്ന് പറയുന്നത്. എല്ലാ സഭകളിലും അനൈക്യമുണ്ട്. നമുക്ക് തെരഞ്ഞെടുപ്പ് നടത്തുന്നത് വരെയുള്ള ആവേശമേയുള്ളു. തെരഞ്ഞെടുപ്പ് നടത്തിയാൽ പിന്നെ അടുത്ത തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രിപ്പറേഷൻ ആണ് നടക്കുന്നത്. നമ്മെ സംബന്ധിച്ചിടത്തോളം നമ്മുടെ ഇടയിലെ അനൈക്യം ഇല്ലാതാവും. വിശ്വാസപരമായി പല പ്രശ്നങ്ങൾ നമ്മുടെ ഇടയിലില്ലേ? ഉണ്ട്. പഠിപ്പിക്കലുകളിൽ ചെറിയ ചെറിയ വ്യത്യാസങ്ങളൊക്കെയുണ്ട്. എന്നാൽ നമ്മളെക്കാൾ വ്യത്യാസമുള്ളവരാണ്,സുന്നിയും ഷിയായും . അതു നിങ്ങൾക്ക് കൃത്യമായിട്ട് അറിയാം. അവർ തമ്മിൽ യാതൊരു കാരണവശാലും ഒന്നിക്കുകയില്ല. മുജാഹിദീൻ അതിനേക്കാൾ വ്യത്യസ്തമായി നിൽക്കുന്നു. പക്ഷേ മുസ്ലിമിനെ സംബന്ധിച്ച് ഒരു പ്രയാസം ഉണ്ടായാൽ അവരെല്ലാവരും ഒന്നാണ്. ഇത് നമ്മൾ പ്രശ്നം ഉണ്ടായാൽ പറയും അത് ഐപിസിക്കാരന്റെ പ്രശ്നമല്ലേ,ഓ ഇത് ചർച്ച് ഓഫ് ഗോഡുകാരനല്ലേ, ഓ ഇവൻ പുതിയ സഭയല്ലേ,അവൻ മാർത്തോമക്കാരനല്ലേ, അവൻ ഓർത്തഡോക്സുകാരനല്ലേ. നാമൊന്നു മനസ്സിലാക്കണം. ജർമ്മനിയിൽ ഹിറ്റ്ലറുടെ നേതൃത്വത്തിലെ പ്രശ്നം ഉണ്ടായപ്പോൾ പാസ്റ്റർ മാർട്ടിൻ നീമോളർ പറഞ്ഞത്, ഭാരതസഭകളെ സംബന്ധിച്ചിടത്തോളം, കേരള സഭകളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്.എവിടെയെങ്കിലും ഒരു പ്രശ്നം ഉണ്ടാവുമ്പോൾ നമ്മൾ പറയുന്നത് ഇതു അവന്റെ പ്രശ്നമല്ലേ, ഇതു മറ്റവന്റെ പ്രശ്നമല്ലേ എന്നാണ്.അവസാനം അവർ എന്നെ തേടി വന്നു.

അപ്പോൾ എനിക്ക് വേണ്ടി പറയുവാൻ ആരും ഉണ്ടായിരുന്നില്ല എന്നുള്ളത് നമ്മൾ മനസ്സിലാക്കണം.ഈ അനൈക്യമൊന്നും ഇന്നും നാളെയും തീരുമെന്ന് നിങ്ങൾ വിചാരിക്കേണ്ട. കർത്താവ് വരുവോളം ഈ അനൈക്യം ഉണ്ടായിക്കൊണ്ടിരിക്കും.എന്നാലും പ്രശ്നങ്ങളുണ്ടാകും. നമ്മളുടെ പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലായാലും, കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ നേതൃത്വത്തിലാണെങ്കിലും, നാഷണൽ ക്രിസ്റ്റ്യൻ മൂവ്മെന്റ് ഫോർ ജസ്റ്റിസിന്റെ നേതൃത്വത്തിൽ ആണെങ്കിലും സഹകരിപ്പിക്കാൻ ശ്രമിച്ചാലും സഹകരണം ഉണ്ടാകും. എന്നാലും പ്രശ്നങ്ങൾ ഉണ്ടാകും. അത് ഇന്നും ഇന്നലെയും തുടങ്ങിയ പ്രശ്നമല്ല.ശിഷ്യന്മാരുടെ ഇടയിൽ പ്രശ്നമില്ലായിരുന്നോ. കർത്താവ് മൂന്നര വർഷക്കാലം കൂടെ കൊണ്ടുനടന്ന് കർത്താവിനെ കണ്ടുപഠിച്ച ശിഷ്യന്മാർ കർത്താവ് കുരിശിൽ കയറുന്നതിനു തൊട്ടു മുൻപ് അവരുടെ ഇടയിലെ തർക്കംഎന്തായിരുന്നു. ഞങ്ങളിൽ ആരാണ് വലിയവൻ എന്നായിരുന്നു. ആ ചർച്ച അന്ന് തുടങ്ങി ആദിമ സഭകളിലുണ്ടായിരുന്നു.അതുകൊണ്ടാണ് പൗലോസിന്റെ പക്ഷക്കാരൻ,അപ്പല്ലോസിന്റെ പക്ഷക്കാരൻ എന്നൊക്കെ. ആദിമസഭയെ പറ്റി നമുക്ക് അറിയാം. ഓടിച്ചിട്ട് നാട്ടുകാർ തല്ലിയ സഭയാണ്. ആ സമയത്ത് ഈ ചിന്തയുണ്ടായിരുന്നു. ഇന്നുമുണ്ട്. കർത്താവ് വരുവോളം ഇതുണ്ടാവും.

എന്നാൽ അനൈക്യത്തിന്റെ പേരിൽ ഞാനും നിങ്ങളും അങ്ങോട്ടുമിങ്ങോട്ടും മാറിനിന്നാൽ തല്ലുന്നവനെ സംബന്ധിച്ച് അവനു ഏതു സഭയാണെന്ന് പ്രശ്നമില്ല. ക്രിസ്ത്യാനിയാണോ തല്ലു കൊള്ളാനായിട്ട് ഒരുങ്ങി കൊള്ളണം. അതുകൊണ്ട് നമ്മുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് ഒരുമിച്ച് നിന്ന് പറയേണ്ടിയിരിക്കുന്നു. സർക്കാരിന്റെ ഭാഗത്തുനിന്ന് ബോധപൂർവ്വം ഉണ്ടാവുന്ന ചില കാര്യങ്ങൾ കൂടി പറയാം. സർക്കാരിന്റെ വിവേചനം എന്ന് പറയുന്നത് സ്ലോ പോയിസണിങ് ആണ്.നമ്മൾ നേരിട്ട് നോക്കുമ്പോൾ ആക്രമിക്കുന്നുണ്ടോ, ആക്രമിക്കുന്നില്ല. എന്നാൽ ഘട്ടം ഘട്ടമായി ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യുവാനുള്ള ബോധപൂർവ്വമായ ശ്രമമാണ് സർക്കാരിന്റെ ഭാഗത്തുനിന്നു നടക്കുന്നത്. നമ്മൾ പറയും നമ്മുടെ കുഞ്ഞുങ്ങളെല്ലാം വിദേശത്ത് പോവുകയാണ്. ഒരുത്തൻ അവന്റെ വീട് വിട്ടു പോകണം എന്നുണ്ടെങ്കിൽ വീട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥയായതുകൊണ്ടാണ്. അതിലും ബെറ്റർ ആണ് അപ്പുറത്ത് എന്ന് അറിയുന്നത് കൊണ്ടാണ് അവൻ വീടുവിട്ടുപോകുന്നത്. അല്ലെങ്കിൽ ആരാണ് വീട് വിട്ടു പോകുന്നത്? നമ്മുടെ കുഞ്ഞുങ്ങൾക്ക് ഇവിടെ ജീവിക്കാൻ പറ്റാത്ത അവസ്ഥ.പഠിക്കാൻ സ്കോളർഷിപ്പ് കിട്ടുമോ, കിട്ടത്തില്ല. ഇനിയും പഠിച്ചു വന്നാൽ ഒരു ജോലിക്ക് സംവരണം ഉണ്ടോ? ജോലിക്ക് സംവരണം ഇല്ല. നിങ്ങളിൽ പലർക്കും അറിയാവുന്നതാണ് ഇവിടെ ജാതിവ്യവസ്ഥ ഉണ്ടായിരുന്ന കാലഘട്ടത്തിൽ നായർക്ക് തൊട്ടു താഴെയും ഈഴവർക്ക് തൊട്ടുമുകളിലും ആയിരുന്നു ക്രിസ്ത്യാനിയുടെയും മുസൽമാന്റെയും അവസ്ഥ.ഈ രണ്ടു വിഭാഗങ്ങളും ഒരു കാലഘട്ടത്തിൽ പോലും ആരുടെയും അടിമകളായിട്ടിരുന്നവരും അല്ല. എന്നാൽ ഒരു വിഭാഗം വളരെ പെട്ടെന്ന് പിന്നോക്കക്കാരായി അവർക്ക് ഒ ബി സി യിൽ സംവരണംകിട്ടുന്നു. ക്രിസ്ത്യാനിയെല്ലാമങ്ങ് മുന്നോക്കക്കാരനായി. ക്രിസ്ത്യാനി മുന്നോക്ക കാരനാണെന്ന് ഞാനും നിങ്ങളും ഒക്കെ പറയുന്നതല്ല,സർക്കാർ പറയുന്നത്. ആരോ രണ്ടോ മൂന്നോ പേർക്ക് എവിടെയൊക്കെയോ നല്ല വീടുകൾ ഉണ്ട്. ചില സഭാഹാൾ ഒക്കെ നോക്കിയാൽ നല്ല സഭാഹാളാണ്.

എന്നാൽ ഒന്ന് മനസ്സിലാക്കണം. സ്കൂൾ തുറക്കുമ്പോൾ കുഞ്ഞുങ്ങളെ സ്കൂളിൽ വിടാൻ നിവൃത്തിയില്ലാത്ത ആയിരക്കണക്കിന് ആൾക്കാർ നമ്മുടെ ഇടയിൽ ഉണ്ട്. നമ്മുടെയിടയിലെന്നു പറയുമ്പോൾ രേഖകൾ ഉണ്ട്. ഇന്ത്യൻ പാർലമെന്റിൽ ത്രിണമൂൽ കോൺഗ്രസിന്റെ എംപി ആയിട്ടുള്ള പ്രസൂൺ ബാനർജി ഒരു ചോദ്യം ചോദിച്ചു.തൊഴിലില്ലായ്മ – മതം തിരിച്ചാണ് ചോദിച്ചത്.അതിൽ അർബൻ മേഖലയിൽ ആയാലും റൂറൽ മേഖലയിൽ ആയാലും സ്ത്രീകളുടെ ഇടയിലായാലും പുരുഷന്മാരുടെ ഇടയിലാണ് എങ്കിലും ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ ഉള്ളത് ക്രിസ്ത്യാനികളുടെ ഇടയിലാണ്.എന്റെ കൈയിൽ രേഖ ഇരിപ്പുണ്ട്.അങ്ങനെയുള്ള സാഹചര്യത്തിൽ ഇപ്രകാരം പിന്നോക്കം നിൽക്കുന്ന നമ്മുടെ വിഭാഗം എങ്ങനെ മുന്നോക്കമായി മാറി? കാലാകാലങ്ങളിൽ ഭരിച്ചവർ മനപൂർവ്വമായി നമുക്ക് നീതി നിഷേധിക്കുകയായിരുന്നു. അങ്ങനെ വന്നപ്പോൾ നമ്മളുടെ കുഞ്ഞുങ്ങൾക്ക് ഇവിടെ ജോലി ലഭിക്കുന്നില്ല. മത്സരപരീക്ഷകളിൽ, അവർ പുറന്തള്ളപ്പെടുകയാണ്. അവർ പുറത്തേക്ക് പോയി. അതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. നിങ്ങൾക്കും എനിക്കും അറിയാവുന്ന ഒരു സത്യമുണ്ട്. ഈ ഭാരതം സ്വതന്ത്രമായപ്പോൾ നമ്മുടെ കോൺസ്റ്റിറ്റ്യൂഷൻ അസംബ്ലിയിൽ അതിശക്തമായ ചർച്ച നടന്നപ്പോൾ ഭരണഘടനാശില്പി ആയിട്ടുള്ള ഡോ.ബി ആർ അംബേദ്കർ പറഞ്ഞ ഒരു കാര്യമാണ്, പട്ടികജാതി വിഭാഗത്തിൽ ചിലരെ ഉൾപ്പെടുത്തണം. അതിന് കാരണം എന്താണെന്ന് ചോദിച്ചപ്പോൾ കാലാകാലങ്ങളായി അവന്റെ പിതാക്കന്മാർ അടിച്ചമർത്തൽ അനുഭവിച്ചു. നമുക്കറിയാം, കുറെനാൾ ഒരുത്തനെ വളച്ചു നിർത്തിയാൽ പിന്നെ അവനു നിവരാൻ പ്രയാസമാണ്. അതുകൊണ്ട് അവനെ ഒന്ന് പിടിച്ചു നിവർത്തേണ്ടത് ആവശ്യമാണ്. അവന് സംവരണം വേണമെന്ന് അംബേദ്കർ പറഞ്ഞു. ഭരണഘടന നിലവിൽ വന്നപ്പോൾ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് സംവരണം ഉണ്ടായിരുന്നു.എന്നാൽ 1950 ഓഗസ്റ്റ് മാസം പത്താം തീയതി, അന്ന് ഭരിച്ചത് ഒക്കെ ആരാണെന്ന് നിങ്ങൾക്കറിയാം. ഒരു പ്രസിഡൻഷ്യൽ ഓർഡറിലൂടെ ഹിന്ദു സഹോദരങ്ങൾ ആണെങ്കിൽ മാത്രമേ സംവരണം കൊടുക്കാവൂ ബാക്കിയുള്ളവർക്ക് കൊടുക്കരുതെന്ന് പറഞ്ഞു. പിന്നീട് ബുദ്ധർക്കും ജൈനർക്കും സിക്കുകാർക്കുമൊക്കെ കൊടുത്തു. ക്രിസ്ത്യാനിക്കും മുസ്ലിമിനും കിട്ടിയില്ല. പക്ഷേ മുസ്ലിമിനു ഒ ബി സി സംവരണമുണ്ട്. സർച്ചാർ കമ്മീഷൻ റിപ്പോർട്ട് വന്നപ്പോൾ കിട്ടേണ്ടതെല്ലാം കിട്ടി. ഒന്നുമില്ലാതുപോയത് ക്രിസ്തുവിൽ വിശ്വസിച്ചു എന്നതിന്റെ പേരിൽ നമ്മുടെ പട്ടികജാതി സഹോദരങ്ങൾക്കാണ്. നമ്മൾ പറയുന്നുണ്ട് ക്രിസ്തുവിൽ വന്നുകഴിയുമ്പോൾ എല്ലാവരും ഒന്നാണെന്ന്.ഒന്നാണോ ഇല്ലയോ എന്നുള്ളത് ഞാൻ ചോദിക്കുന്നില്ല.എന്നാൽ നീതിപൂർവമായി അവൻ അവകാശപ്പെട്ടത് നിഷേധിച്ചിട്ട് കേരളസഭകൾ എന്താ ചെയ്തത്?
കേരളത്തിലെ സഭകൾ മുഴുവൻ മെത്രാച്ചന്മാരും സഭാ പാസ്റ്റേഴ്സും, മണിപ്പൂർ പ്രശ്നത്തിൽ അറിയാവുന്നതാണ്. നമ്മൾ ഇവിടെ ഒരു നൈറ്റ് മാർച്ച് നടത്തി.ഇവിടുത്തെ എല്ലാ സഭാ അധ്യക്ഷന്മാരും ഇറങ്ങിയതോടൊപ്പം തന്നെ പെന്തക്കോസ്ത് സഭയുടെ സീനിയർ പാസ്റ്റേഴ്സ് എല്ലാവരും വന്നു. നാഷണൽ മൂവ്മെന്റ് ജസ്റ്റിസ് നടത്തിയതാണ്.ഇതുപോലെ കേരളത്തിലെ സഭാ അധ്യക്ഷന്മാർ എല്ലാവരും തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിന്റെ മുൻപിൽ ഒറ്റ ദിവസം ഇരുന്നാൽ മതി. സംവരണം സുപ്രീംകോടതിയുടെ മുൻപിൽ ആണെങ്കിലും നമ്മുടെ അടുത്ത സംസ്ഥാനങ്ങളൊക്കെ ചെയ്യുന്നുണ്ട്. തമിഴ്നാട്, കർണാടക,തെലുങ്കാന, ആന്ധ്രപ്രദേശ് ഒക്കെ ചെയ്യുന്നത്, പട്ടികജാതി വിദ്യാർഥികൾക്ക് ലഭിക്കാവുന്ന എല്ലാ ആനുകൂല്യങ്ങളും ദളിത് ക്രൈസ്തവ വിദ്യാർത്ഥികൾക്ക് കൊടുക്കും.എന്നാൽ കേരള സംസ്ഥാനത്തിലെല്ലാം ഘട്ടംഘട്ടമായി എല്ലാം നിർത്തലാക്കി. ഇവിടെ നമുക്ക് അങ്ങനെ ഒരുമിച്ച് നിൽക്കുവാനായിട്ട് കഴിയുന്നില്ല.അതൊരു വല്ലാത്ത വിവേചനം ആണ്.
രണ്ടാമതായി മതപരിവർത്തനം നിരോധന നിയമം. എല്ലാ സർക്കാരുകളും കൊണ്ടുവരുന്നു. കേന്ദ്രം ഭരിക്കാവുന്ന സർക്കാർ ഏതായാലും ഭൂരിപക്ഷ സമുദായത്തെ അനുകൂലിച്ചേക്കും.കാലാകാലങ്ങളായി അതുകൊണ്ടാണല്ലോ ഈ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരുടെ ആനുകൂല്യം തന്നെ എടുത്തുകളഞ്ഞത്. കേരളം ഭരിക്കുന്ന സർക്കാരിനെ സംബന്ധിച്ച് അടുത്ത സമയം വരെ ക്രൈസ്തവ സമൂഹത്തോട് താൽപര്യമുണ്ടായിരുന്നു.എന്നാൽ നമ്മുടെ എണ്ണം കുറഞ്ഞതോടുകൂടി അവരുടെയും നിലപാട് മാറി. കാരണം 1956ൽ 28 ശതമാനം ഉണ്ടായിരുന്ന ക്രിസ്ത്യാനി 2011ലെ സെൻസസ് വന്നപ്പോൾ 18% ആയി മാറി.ഇപ്പോൾ നോക്കിയാൽ ഒരു 14 ശതമാനം കാണും. അതുകൊണ്ട് കേരളം ഭരിക്കുന്നവർ നമ്മളോട് താത്പര്യം കാണിക്കുന്നില്ല.അങ്ങനെ എല്ലാവരും നമുക്ക് എതിരായി നിയമനിർമാണം നടത്തുന്നു. മതപരിവർത്തന നിരോധന നിയമത്തിന്റെ പേരിൽ പ്രശ്നമുണ്ടാകുന്നു.ഇനി ആ പ്രശ്നം ഉണ്ടായിക്കൊണ്ടേയിരിക്കും. അവർ അവരുടേതായ രീതിയിൽ പോകും. നമ്മൾ പറയാനുള്ളത് നമ്മൾ പറയും. കാരണം ഭരണഘടന നമുക്ക് നൽകുന്ന സ്വാതന്ത്ര്യം. കർത്താവിൽ വിശ്വസിക്കുന്നത് കൊണ്ട് നമ്മെ ഏൽപ്പിച്ചിരിക്കുന്ന ദൗത്യം, അതുമായി നമ്മൾ മുന്നോട്ടു പോകും. പ്രശ്നമുണ്ടെങ്കിൽ നേരിടും. എവിടെ പ്രശ്നമുണ്ടോ അവിടെ നിയമപരമായി അവരെ സഹായിക്കുക.സർക്കാരുമായി നെഗോഷ്യേറ്റ് ചെയ്യണമെങ്കിൽ നെഗോഷ്യേറ്റ് ചെയ്യുക.ഇതൊക്കെ സംഘടനകൾ എന്ന നിലയിൽ നമ്മുടെ ആവശ്യമാണ്.
ജെ ബി കോശി കമ്മീഷൻ.അതുമായിട്ട് ബന്ധപ്പെട്ട് നമ്മൾ കുറേ ചർച്ച ചെയ്തു.എന്തുമാത്രം ഫോം പൂരിപ്പിച്ചു. കോശി സാറിനെ കണ്ടു ചോദിക്കാറുണ്ട്.പലപ്പോഴും കാണുമ്പോൾ ചോദിക്കും. അന്നേരം പറയും, എന്റെ പ്രകാശേ, എന്ന് പറയാനാ, അത് ഫയലിൽ വെച്ചേക്കുവാ. ഇതു പറഞ്ഞത് സാക്ഷാൽ കമ്മീഷന്റെ ചെയർമാൻ.ആ കമ്മീഷനിലെ അംഗങ്ങൾ, ജെ ബി കോശി സാർ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയിരുന്നു. നമ്മുടെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായിരുന്നു.അതിൽ ഉണ്ടായിരുന്ന രണ്ട് അംഗങ്ങൾ ഒന്ന് ജേക്കബ് പൊന്നൂസ് സാർ ഡിജിപി.അതോടൊപ്പം തന്നെ പ്രസിഡന്റ് സെക്രട്ടറിയായിരുന്ന ഐ എ എസ് ഓഫീസർ. ഇവർ പഠിച്ചു കൊണ്ടുവന്ന റിപ്പോർട്ട് രണ്ടുവർഷമായിട്ടിരിക്കുകയാണ്. ക്രൈസ്തവസഭകൾക്ക് എന്നാ പ്രതിഷേധം? സർക്കാരിന് അറിയാം സഭകൾക്കൊന്നും പ്രത്യേകിച്ച് പ്രതിഷേധം ഇല്ല എന്ന്.പ്രതിഷേധിക്കേണ്ട രീതിയിൽ പ്രതിഷേധിച്ചാൽ സർക്കാർ ഇടപെടും.നിങ്ങളോട് ഒരു സിമ്പിൾ എക്സാബിൾ ഞാൻ പറയാം. ഈ കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ഞാൻ ബോംബെയിലേക്ക് പോയി. കാരണം എന്റെ ഒരു അയൽക്കാരനും സുഹൃത്തുമായ ആൾ ബോംബെയിൽ മരിച്ചു. അദ്ദേഹത്തിന്റെ അടക്കം വെള്ളിയാഴ്ചയാണ്.വെള്ളിയാഴ്ച രാവിലെ എനിക്ക് ഒരു ഫോൺകോൾ വന്നു.അറിയാൻ വയ്യാത്ത നമ്പർ ആയതുകൊണ്ട് ഞാൻ കോൾ എടുത്തില്ല. കുറച്ചു കഴിഞ്ഞപ്പോൾ കെസിസിയുടെ പ്രസിഡന്റ് തിരുമേനി എന്നെ വിളിച്ചു. പ്രകാശേ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രകാശിനെ വിളിച്ചിരുന്നു . എടുക്കാഞ്ഞിട്ട് എന്നെ വിളിച്ച് ഇപ്പോൾ തിരിച്ചുവിളിക്കും എന്ന്. വിളിച്ചു അദ്ദേഹം സംസാരിക്കുകയാണ് . ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട ക്രൈസ്തവ സഭകളുടെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കും. ഞങ്ങൾ ഏതു കോംപ്രമൈസിനും തയ്യാറാണ്.ഞങ്ങൾക്ക് ഈ പ്രശ്നം ഉണ്ടാക്കണമെന്ന് നിർബന്ധമില്ല. കാര്യം എന്താ? ആ പ്രശ്നത്തിൽ സഭകൾ അതിശക്തമായി ഇടപെട്ടു. എന്തുകൊണ്ട് ജെബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നില്ല. നമ്മളെ സംബന്ധിച്ചിടത്തോളം അങ്ങനെ വലിയ പ്രശ്നങ്ങൾ ഒന്നുമില്ല. ഈ സ്കൂളുകൾ ആകുമ്പോൾ അപ്പോയിന്മെന്റ് നടക്കത്തില്ല. ടീച്ചേഴ്സിനു ശമ്പളം കിട്ടത്തില്ല. പ്രത്യക്ഷമായി പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് സഭകൾ ഇടപെട്ടു. എന്നാൽ ജെ ബി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കിയാൽ ക്രൈസ്തവ സമൂഹത്തിന് ഉണ്ടാകാൻ പോകുന്ന നേട്ടങ്ങൾ എത്രമാത്രമാണ് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഏത് സഭയാണ് അതിനുവേണ്ടി ശക്തമായി പ്രതികരിച്ചിട്ടുള്ളത്? പെന്തക്കോസ്ത് സഭകൾ എന്നാ ചെയ്തത്? മറ്റു സഭകൾ എന്താ ചെയ്തത്?നമ്മളൊക്കെ വല്ലപ്പോഴും ഒരു പ്രസ്താവന ഇറക്കുന്നത് അല്ലാതെ തെരുവിൽ ഇറങ്ങേണ്ടിടത്തു തെരുവിൽ ഇറങ്ങണം. മതിലു വീഴണമെങ്കിൽ അതിന് ചുറ്റും നടക്കുവാൻ നിങ്ങൾ തയ്യാറാകണം. എങ്കിൽ മാത്രമേ മതില് വീഴുകയുള്ളൂ.
പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റി റിപ്പോർട്ട് വന്ന മൂന്നുമാസം കൊണ്ട് നടപ്പിലാക്കിയത് അന്നത്തെ ഇടതുസർക്കാരാണ്. ഇത് രണ്ടു വർഷമായിട്ടും നടപ്പിലാക്കിയിട്ടില്ല.
അതുപോലെതന്നെ മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ്. മദ്രസയിൽ പഠിപ്പിക്കുന്ന അധ്യാപകർ. അവർക്ക് വേണ്ടി മന്ത്രി ജലീൽ കൊണ്ടുവന്നതാണ്. 50 രൂപ വീതം മാസം കൊടുത്തു ചേർന്നാൽ 7500 രൂപ വരെ പെൻഷൻ കിട്ടും.പെൻഷൻ മാത്രമല്ല അവരുടെ കുഞ്ഞുങ്ങൾ ഏത് കോഴ്സിന് പോയാലും പൂർണമായ ഫീസ് തിരിച്ചു കിട്ടും. പത്താം ക്ലാസ് പാസ്സാകുമ്പോൾ മുതൽ അവർക്ക് മറ്റ് സ്കോളർഷിപ്പുകൾ കിട്ടും. വീട് വെക്കണമെങ്കിൽ ഇൻഡസ്ട്രി ലോൺ കിട്ടും. അവർക്ക് മെഡിക്കൽ അലവൻസ് ലഭിക്കും. അവരുടെ പെൺകുഞ്ഞുങ്ങളെ കെട്ടിച്ച് വിടാൻ സാമ്പത്തിക സഹായം ലഭിക്കും. അങ്ങനെ എന്തെല്ലാം കൊടുക്കുന്നു.അവരുടെ കൂട്ടത്തിൽ നിന്ന് ഒരുത്തൻ മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് എന്നും പറഞ്ഞ് ബോർഡ് വെച്ചുകൊണ്ട് സർക്കാരിന്റെ ചെലവിൽ നടക്കുന്നു. ഇതൊക്കെ എന്തുകൊണ്ട്? നമ്മുടെ നികുതിപ്പണം.
സ്വന്തമായി ഭവനങ്ങളില്ലാത്ത എത്ര പേര് കാണും? നമ്മുടെ സഭകളിലെ പാസ്റ്റേഴ്സിന്റെ കൂട്ടത്തിൽ എത്രപേരുണ്ട്? ഇനി അച്ചന്മാരുടെ കൂട്ടത്തിൽ ആണെങ്കിൽ തന്നെ എത്ര പേരുണ്ട്? കേരളത്തിലെ സഭകളിൽ മൂന്നോ നാലോ സഭകൾ കാണും സാമ്പത്തികമായി ശേഷിയുള്ളത്. കോവിഡ് കാലഘട്ടത്തിൽ മാസങ്ങളോളം ശമ്പളം ലഭിക്കാത്ത അച്ചന്മാരും പാസ്റ്റേഴ്സും ഈ നാട്ടിലുണ്ട്. എന്തുകൊണ്ട് അവർക്ക് ഇത് കൊടുത്തുകൂടാ?അവർ പഠിപ്പിക്കുന്നത് മതവിശ്വാസം അല്ലേ? സമാധാനം മാത്രം പഠിപ്പിക്കുന്നവർക്ക്, പൂർണ്ണസമയ സുവിശേഷ പ്രവർത്തക ക്ഷേമനിധി ബോർഡ് ഏർപ്പെടുത്തണമെന്ന് പറഞ്ഞാൽ സർക്കാരിനു അനക്കമില്ല. കാരണം, ചെയ്താലും ഇല്ലേലും ഇവിടുന്ന് വലിയ പ്രതികരണം ഒന്നും ഉണ്ടാകത്തില്ല എന്നറിയാം. അതുകൊണ്ട് നമ്മുടെ ആവശ്യങ്ങൾ തീർത്തു പറയുവാനായിട്ട് കഴിയണം. ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യണം. സ്കോളർഷിപ്പ് പ്രശ്നം ഉൾപ്പെടെയുള്ള നിരവധി പ്രശ്നങ്ങൾ ഉണ്ട്. ഇത് ഇങ്ങനെ നിരവധി പ്രശ്നങ്ങൾ നാം ഇന്ന് നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇവിടെ നമുക്ക് എന്താ ചെയ്യാൻ കഴിയുന്നത് എന്ന് ചോദിച്ചാൽ, ഒന്ന് നമ്മുടെ അവകാശങ്ങളെ കുറിച്ച് കൃത്യമായി പഠിക്കണം. രണ്ട് അവകാശനിഷേധം ഉള്ളത് ഏതൊക്കെയാണെന്ന് കൃത്യമായി മനസ്സിലാക്കണം.മൂന്നാമത്തെ നടപടി ആയിട്ട് സർക്കാരുമായി നെഗോഷ്യേറ്റ് ചെയ്യണം. നെഗോഷ്യേറ്റ് ചെയ്തു നടന്നില്ലെങ്കിൽ ഓപ്പൺ ആയിട്ട് തെരുവിൽ പറയുവാൻ തയ്യാറാകണം.ജനാധിപത്യ വ്യവസ്ഥയിൽ നിങ്ങൾ എന്തൊക്കെ ചെയ്താലും തെരഞ്ഞെടുപ്പിൽ നെഗറ്റീവ് ആയി വോട്ടുകൾ വരൂ എന്ന് പറഞ്ഞാൽ ഏത് ശക്തനായ ഭരണാധികാരിയും ഒന്ന് ഇളകും. അത് കേന്ദ്രം ഭരിക്കുന്ന ആളായാലും കൊള്ളാം സംസ്ഥാനം ഭരിക്കുന്ന ആളായാലും കൊള്ളാം. അതുകൊണ്ട് ശക്തമായ ഇടപെടൽ നടത്തുവാൻ നിങ്ങൾക്ക് കഴിയണം.
