
ഫ്ലോറിഡ: 2022 ന്റെ അവസാനത്തിൽ അമേരിക്കയിലെ ഇഡാഹോ സർവകലാശാലയ്ക്ക് സമീപമുള്ള ഒരു വാടകവീട്ടിൽ അതിക്രമിച്ചു കയറി നാലു വിദ്യാർത്ഥികളെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ ബ്രയാൻ കോഹ് ബർഗറിന് 2025 ജൂലൈ 23ന് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയായിരുന്നു. 2022 നവംബർ 13ന് മാരിസൺ മോഗൻ, സാന കെർന്നോടിയൽ, കേലി ഗോൺകാൽപ്സ്, ഈദൻ ചാപ്പിൻ എന്നിവരെ കൊലപ്പെടുത്തിയതിന് ആയിരുന്നു 30 കാരനായ കോഹ്ബർഗറിനെ പരോളില്ലാത്ത ജീവപര്യന്തം തടവ്ശിക്ഷക്ക് കോടതി വിധിച്ചത്. എന്നാൽ ക്രിസ്തുവിന്റെ ക്ഷമിക്കുന്ന സ്നേഹത്തിന്റെ വലിയ വിശ്വാസ സാക്ഷ്യമായി ആ കോടതിമുറി മാറുന്ന കാഴ്ചകൾക്കാണ് ഏവരും സാക്ഷ്യം വഹിച്ചത്. നിറമിഴികളോട് അല്ലാതെ ആർക്കും കണ്ടിരിക്കാൻ കഴിയാത്ത രംഗങ്ങൾ.കുറ്റം സമ്മതിച്ച പ്രതി കോഹ്ബർഗറിനെ
അഭിസംബോധന ചെയ്ത് സാനയുടെ അമ്മ, കാര നോർത്തിങ്ടൺ കോടതിമുറിയിൽ വികാരഭരിതമായി നൽകിയ സന്ദേശം ഇങ്ങനെയായിരുന്നു. “എന്റെ മകൾ ആന്തരികമായും ഭൗതികമായും സുന്ദരിയായിരുന്നു.ഞങ്ങളുടെ ഹൃദയങ്ങളിൽ എന്നെന്നും നിലനിൽക്കുന്നത്ര തിളക്കമുള്ള ഒരു പ്രകാശം അവൾക്കുണ്ടായിരുന്നു.അവളുടെ സുഹൃത്തുക്കൾക്കും കുടുംബത്തിനും അവളുടെ സാന്നിധ്യത്തിലുള്ള എല്ലാവർക്കും അവൾ സന്തോഷവും ആനന്ദവും പകർന്നു. ഞങ്ങളുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തു ഇപ്പോൾ സ്വർഗ്ഗത്തിൽ തന്റെ സ്നേഹനിർഭരമായ കരങ്ങളിൽ അവളെ വഹിക്കുന്നു എന്നും അവിടെ അവൾ പരിപൂർണ്ണ സുരക്ഷിതയാണെന്നും” നോർത്തിങ്ടൺ പറഞ്ഞു. തുടർന്ന് ആ അമ്മ പങ്കുവെച്ച വാക്കുകൾ വലിയ വിശ്വാസപ്രഘോഷണത്തിന്റേതായിരുന്നു. “സാനയുടെ വിയോഗം യേശുക്രിസ്തുവിലേക്ക് തന്നെ അടുപ്പിച്ചു എന്നും തന്റെ മകൾ കാരണം മറ്റു പലരും കർത്താവിനെ അറിയുമെന്ന് താൻ വിശ്വസിക്കുന്നു എന്നും അവർ പറഞ്ഞു. സാനയുടെ മരണത്തിനു മുമ്പും ശേഷവും നോർത്തിങ്ടൺ ലഹരിയുമായി മല്ലിടുന്ന ജീവിതത്തിന് ഉടമയായിരുന്നു.എന്നാൽ ഇപ്പോൾ അവർ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിനുശേഷം സന്തോഷവും പ്രത്യാശയും സമാധാനവും കൊണ്ട് നിറഞ്ഞിരിക്കുന്നു. തന്റെ മകളെ കൊന്ന കൊലയാളിയോട് ക്ഷമിക്കാൻ യേശു തന്നെ അനുവദിച്ചു എന്ന് അവർ പറഞ്ഞു. പക്ഷേ അതിൽ താൻ ഖേദിക്കേണ്ട ആവശ്യമില്ലെന്നും ഇത് സാധ്യമാകുന്നത് തന്നിൽ വസിക്കുന്ന ദൈവം ഈ ലോകത്തിലെ ഏതൊരു തിന്മയെക്കാളും വലിയവൻ ആയതുകൊണ്ടാണെന്നും ആ അമ്മ ഉറക്കെ പ്രഘോഷിച്ചു. അവൾ തുടർന്നു, “ഞാൻ നിങ്ങളെ ഭയപ്പെടുന്നില്ല, നിങ്ങൾ എനിക്കും എന്റെ കുടുംബത്തിനും മേൽ വരുത്തിയ എല്ലാ തിന്മകളിൽ നിന്നും ഈ ക്ഷമ എന്നെ മോചിപ്പിച്ചു” എന്നും അവർ കൂട്ടിച്ചേർത്തു. “ക്രിസ്തുവിനെ നിങ്ങളുമായി പങ്കുവെക്കാൻ ഈ അവസരം കാരണമായി. നിങ്ങളുടെ ജീവിതാവസാനത്തിന് മുൻപായി ഒരിക്കലെങ്കിലും നമ്മുടെ രക്ഷകനായ കർത്താവിനോട് നിങ്ങളുടെ ഹൃദയത്തിൽ മാപ്പ് അപേക്ഷിക്കുകയും മനസ്തപിച്ച് ക്ഷമ അഭ്യർത്ഥിക്കുകയും ചെയ്യുക.നിങ്ങൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നുവെന്നും” ആ അമ്മ വിതുമ്പിയ സ്വരത്തിൽ നിറ മിഴികളോടെ പറഞ്ഞു. “വിശ്വാസത്തിന്റെ പരിച ധരിച്ച് ദൈവത്തിൽ ശക്തി പ്രാപിക്കാൻ വിശുദ്ധ പൗലോസ് ശ്ലീഹ എഫസോസുകാർക്ക് എഴുതിയ ലേഖനം ആറാം അധ്യായത്തിലെ വാക്കുകളും അവർ എടുത്തു പറഞ്ഞു. പത്തു മാസത്തെ ജയിൽശിക്ഷ അനുഭവിക്കുന്നതിനിടയാണ് കാര യേശുവിനെ കണ്ടെത്തിയത്. അവിടെനിന്നാണ് അവളുടെ വിശ്വാസയാത്ര ആരംഭിക്കുന്നത്. ഒടുവിൽ തന്റെ മകളുടെ കൊലയാളിയോട് ക്ഷമിക്കുന്നതിലേക്ക് ആ ക്രൈസ്തവ വിശ്വാസം അവളെ നയിച്ചു. ഈ മാസം ആദ്യം കോഹ്ബർഗർ കുറ്റം സമ്മതിക്കുകയും കോടതി ജീവപര്യന്തം തടവുവശിക്ഷ വിധിക്കുകയുമായിരുന്നു . കോഹ്ബർഗറിന് ക്ഷമ നൽകാൻ വിശ്വാസം തനിക്ക് ശക്തി നൽകിയെന്ന് നോർത്തിങ്ടൺ പങ്കുവെച്ചു. വേദനയിൽ നിന്ന് അവളെ സുഖപ്പെടുത്തുന്നതിനുള്ള ദൈവത്തിന്റെ മാർഗമാകുകയായിരുന്നു കണ്ണു നനയിക്കുന്ന അവളുടെ വാക്കുകൾ .
