2002 : വ്യക്തതയായി
കുമ്പനാട്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ ഭരണഘടന നിലവിലുള്ളത് 2002 ൽ പാസാക്കിയതാണെന്ന് ഏലൂർ രജിസ്ട്രാർ.
ഐ.പി.സി ഭരണഘടന ഏതെന്ന് വ്യക്തത വരുത്താൻ സഭയുടെ സ്റ്റേറ്റ് കൗൺസിൽ നൽകിയ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷക്കുള്ള മറുപടിയിലാണ് 2002 ൽ പാസാക്കിയതാണ് നിലവിലുള്ളതെന്ന് രജിസ്ട്രാർ രേഖാമൂലം അറിയിച്ചത്.
മെയ് 6ന് കുമ്പനാട് ഹെബ്രോൻപുരത്ത് സ്റ്റേറ്റ് ഓഫീസ് ഹാളിൽ കൂടിയ ഐ.പി.സി സ്റ്റേറ്റ് കൗൺസിലിൻ്റെ ഏകകണ്ഠമായ തീരുമാനപ്രകാരമാണ് രജിസ്ട്രാർക്ക് അപേക്ഷ നൽകാൻ തീരുമാനിച്ചത്.
എന്നാൽ ജൂൺ 10നും ഇതിനു തുടർച്ചയായി ജൂൺ 17നും കൂടിയ സ്റ്റേറ്റ് കൗൺസിലിൽ തർക്കങ്ങൾ ഉണ്ടായെങ്കിലും രജിസ്ട്രാർ നൽകിയ മറുപടി പ്രകാരം 2002ൽ പാസാക്കിയ ഭരണഘടനയാണ് നിലവിലുള്ളതെന്ന് അംഗങ്ങൾക്കുള്ള മറുപടിയിൽ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി.തോമസും സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിലും അസന്നിഗ്ധമായി പ്രഖ്യാപിക്കുകയായിരുന്നു.
14 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകി സ്റ്റേറ്റ് തിരഞ്ഞെടുപ്പ് ഉൾപ്പടെ അജണ്ടയിട്ട് വിളിച്ചുകൂട്ടുന്ന അടുത്ത കൗൺസിലിൽ 2002 ലെ ഭരണഘടന പ്രകാരം മുന്നോട്ട് പോകാൻ തീരുമാനിക്കുമെന്ന ധാരണയിലാണ് പിരിഞ്ഞത്.
2022 ൽ ഭരണഘടന ഭേദഗതി വരുത്തുവാൻ കൂടിയ ജനറൽബോഡിക്ക് ശേഷം ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ രജിസ്റ്റർ ചെയ്തിരിക്കുന്ന ആന്ധ്രാപ്രദേശിലെ ഏലൂർ രജിസ്ട്രാർ ഓഫീസിൽ അംഗീകാരത്തിനായി നൽകിയപ്പോൾ അവർ സ്വീകരിച്ചിരുന്നില്ല. ജനറൽബോഡിയിൽ തീരുമാനിക്കാത്ത കാര്യങ്ങൾ ഭേദഗതി ചെയ്ത ഭരണഘടനയിൽ ഉൾപ്പെടുത്തിയെന്നും നടപടിക്രമങ്ങൾ പാലിച്ചില്ലയെന്നും പരാതി ലഭിക്കുകയും കേസ് ഉണ്ടാകുകയും ചെയ്തതോടെയാണ് രജിസ്ട്രാർ ഇത് അംഗീകരിക്കാതിരുന്നത്.
രണ്ടു വർഷത്തിലേറെയായി വലിയ തർക്കങ്ങൾക്ക് വഴിവച്ചതായിരുന്നു ഭരണഘടന ഭേദഗതിയും ജനറൽ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും.
ഭരണഘടന സംബന്ധിച്ച് വ്യക്തത വന്നതോടെ അതനുസരിച്ച് കാര്യങ്ങൾ നീക്കാനുള്ള ക്രമീകരണങ്ങൾ സ്റ്റേറ്റിൽ തുടങ്ങിക്കഴിഞ്ഞു.
