ആർച്ച ബിഷപ്പ് തോമസ് തറയിൽ
നമ്മൾ എല്ലാവരും ഒരേ തൂവൽ പക്ഷികളാണ്.ഒരേ പ്രശ്നങ്ങളുള്ളവരാണ്.ഒരേ സന്തോഷ ങ്ങളുമുള്ളവരാണ്. വൈദികരുടെ ഒരു വലിയ വെല്ലുവിളി ഒരേ സമയം സാധാരണ മനുഷ്യരായിരിക്കുമ്പോഴും ജനത്തിന്റെ മുമ്പിൽ ദൈവീകരാകുവാൻ അവരെ മുന്നിൽ നിന്ന് ദൈവത്തിങ്കലേക്ക് നയിക്കാൻ ആയിട്ട് പരിശ്രമിക്കുക എന്നുള്ളതാണ്.

നമ്മൾ ഓർക്കും പട്ടം കിട്ടുമ്പോൾ നമുക്ക് നമ്മുടെ മാനുഷികമായ ബലഹീനതകൾ എല്ലാം ദൈവം മാറ്റിതരുമെന്ന്.പിന്നെയാ മനസ്സിലാകുന്നത് ഒന്നും മാറിപ്പോയിട്ടില്ല എല്ലാം അവിടെത്തന്നെ യുണ്ട്. അതുവെച്ചുകൊണ്ടു തന്നെ നമ്മൾ ദൈവീകരായിട്ട് ജീവിക്കണം.ഞാൻ മെത്രാനായപ്പോഴും ഓർത്തു മെത്രാൻമാർക്ക് ഈ പ്രശ്നങ്ങളൊന്നും കാണുകയില്ലയെന്ന്.

വെറുതെയാണ് മെത്രാപ്പോലീത്തയായപ്പോഴും ഒരു വ്യത്യാസവുമില്ല. നമ്മൾ സാധാരണ മനുഷ്യർ തന്നെയാണ്. നമ്മൾ പക്ഷേ ദൈവത്തോട് നിരന്തരമായി കൂട്ടായ്മയിൽ ആയിരുന്നുകൊണ്ട് ദൈവികരായിട്ട് ജീവിക്കാൻ വിളിക്കപ്പെട്ടവരാണ്. ഒരാശ്വാസം നമ്മുടെ ഈ ബുദ്ധിമുട്ട് ഏറ്റവും കൂടുതൽ അറിയാവുന്നത് കർത്താവിനു തന്നെയാണ്. നമ്മുടെ കർത്താവ് നമ്മളെ എല്ലാവരെയും കരുണയോടുകൂടി കാണുന്നു.അതുകൊണ്ടാണ് നമ്മൾ ഒരു ചെറിയ ചുവട് ദൈവത്തിങ്കലേക്ക് വയ്ക്കുമ്പോൾ കർത്താവ് അത് വലിയ സന്തോഷത്തോടുകൂടി സ്വീകരിക്കുന്നു. നമ്മളിലൂടെ ഒത്തിരി ഫലം പുറപ്പെടുവിക്കുന്നു നമ്മുടെ ജീവിതം സമർപ്പിക്കുമ്പോൾ.

അതുകൊണ്ടുതന്നെ നിങ്ങൾക്ക് ഇന്നത്തെ ഈ കൂട്ടായ്മയും എല്ലാം വലിയ അനുഗ്രഹപ്രദമായിട്ട് മാറട്ടെ എന്നു ഞാൻ ആശംസിക്കുകയാണ്.
നമ്മൾ ഈ ഇന്ത്യയിൽ ഒരു ചെറിയ സമൂഹമാണ് 2.3 ശതമാനമേ ഉള്ളൂ. ചിലരൊക്കെ പറയുന്നത് 5% ഉണ്ട് നിങ്ങൾ ശരിയായിട്ട് കണക്കു കൊടുക്കാഞ്ഞിട്ടാണ്.നിങ്ങൾ എല്ലാ ദിവസവും വളർന്നുകൊണ്ടിരിക്കുകയാണ് എന്നൊക്കെ പറയുന്നവരുണ്ട്. കേരളത്തിൽ ഏതായാലും നമ്മൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ് എന്ന് പറയുന്നവരുണ്ട്.നമ്മൾ ഇപ്പോഴും 17 ശതമാനമാണ്. ഇത്തവണത്തെ സെൻസസ് കഴിയുമ്പോഴേക്കും 15 ശതമാനമേ കാണുകയുള്ളൂ എന്ന് പറയുന്ന ആൾക്കാരും ഉണ്ട്. ഏതായാലും ഇന്ത്യയിൽ പൊതുവേ ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പക്ഷേ അപ്പോഴും ഫലം പുറപ്പെടുവിക്കുന്ന കാര്യത്തിൽ നമ്മൾ വളരെയേറെ മുൻപിൽ ആണ്. അതിനൊരു കാരണം മാത്രമേയുള്ളൂ. ദൈവം കൂടെ നടക്കുന്ന ഒരു ജനതയാണ് നമ്മൾ. നമ്മൾ ഒത്തിരി പേർ ഒന്നും വേണ്ട ഫലം പുറപ്പെടുവിക്കാൻ. ഒരു ചെറിയ സമൂഹം ആണെങ്കിൽ പോലും തമ്പുരാനോട് ശകലം വിശ്വസ്തത പുലർത്തിയാൽ കർത്താവ് നമ്മളിലൂടെ അനേകം ഫലങ്ങൾ പുറപ്പെടുവിക്കുകയാണ്. അതുകൊണ്ടുതന്നെ ആയിരിക്കാം പലപ്പോഴും നമ്മൾ ഈ വലിയ രാജ്യത്തിൽ ടാർഗറ്റ് ചെയ്യപ്പെടുന്നത്.ഒരു ചെറിയ സമൂഹം ആയിട്ടും നമ്മളെ ലക്ഷ്യമാക്കി നിയമങ്ങൾ ഒക്കെ നിർമ്മിക്കാൻ തയ്യാറാക്കുന്നത്. സോഷ്യൽ മീഡിയ കണക്കു കൊടുക്കുന്നില്ല.ഇവർ കള്ളത്തരം കാണിക്കുകയാണ്. ഇവർ വിദേശത്തുനിന്നും കുറെ പണം കൊണ്ടുവന്നു അതിന്റെ കൂടെ ക്രിസ്ത്യാനികളും കൂടെ കൂടി മെത്രാന്മാർക്കൊക്കെ കാശ് കിട്ടുന്നുണ്ടല്ലോ എന്നിട്ട് ഞങ്ങൾക്കൊന്നും വീതിച്ചു തന്നില്ലല്ലോ. എന്നാണ് അവർ എഴുതിയത്. ഇതൊന്നും അറിഞ്ഞില്ലല്ലോ ഇത് നിയമമനുസരിച്ച് ജീവിക്കുന്ന ഒരു സമൂഹമാണെന്ന് ഏറ്റവും കൃത്യമായിട്ട് അറിയുന്നത് ഗവൺമെന്റ് തന്നെയാണ്.

കാരണം അത്രകാർക്കശ്യത്തോട് കൂടിയുള്ള നിയമങ്ങളാണ്. നമ്മൾ നിയമങ്ങൾ പാലിക്കുന്നവരാണെന്നും കൃത്യമായി കണക്കുണ്ടെന്ന് ഒക്കെ അവർക്ക് അറിയാവുന്നതുകൊണ്ടാണ് അവർ 2010ലെ ഒരു നിയമത്തിന്റെ പഴുതു ഉപയോഗിച്ച് ഈ ഒരു നിയമം കൊണ്ടുവരുന്നത്.എന്താണത്?നിങ്ങൾ എന്തെങ്കിലും ക്രമക്കേടു കാണിച്ചു സർക്കാര് ഒരു നടപടിയെടുത്ത് നിങ്ങളുടെ എഫ് സി ആർ എ ക്യാൻസൽ ചെയ്തു. അത് നമുക്ക് മനസ്സിലാക്കാം. നമ്മൾക്ക് ഇത് അഞ്ചുവർഷത്തേക്ക് ആണ് തന്നത്.രണ്ടാമത് ഇത് പുതുക്കി നൽകാനായി ആവശ്യപ്പെട്ടു. ഗവൺമെന്റ് തരുന്നില്ല. അവർ ഒന്നും മിണ്ടുന്നില്ല. പുതുക്കി നൽകുന്നില്ല.അപ്പോൾ പറയുന്നത് എന്താണ് അങ്ങനെയാണെങ്കിൽ അതുവരെ എഫ് സി ആർ എ ഉപയോഗിച്ച് ഭാഗികമായിട്ടു ഉണ്ടാക്കിയ അസറ്റുകൾ പോലും ഗവൺമെന്റ് ഏറ്റെടുക്കുകയാണ്. അത് നമ്മൾക്ക് മനസ്സിലാകും. അപ്പോൾ നമ്മൾ തന്നെ തീരുമാനിച്ചു, നമുക്ക് ഇനി എഫ് സി ആർ എ വേണ്ട. ഒരുപക്ഷേ കേരളത്തിലെ പല രൂപതകൾക്കും എഫ് സി ആർ എ ഇല്ലേലും ജീവിച്ചു പോവാം. കുഴപ്പമില്ല നമ്മളുടെ പ്രവർത്തനങ്ങളിൽ ഒക്കെ മുന്നോട്ടു പോകാം നമ്മൾക്ക് ഈ പറയുന്നതുപോലെ വിദേശഫണ്ട് കിട്ടിയിട്ട് ഒന്നുമല്ല നമ്മൾ ആരും പ്രവർത്തിക്കുന്നത്.നമ്മുടെ ജനം തരുന്ന ദശാംശം കൊണ്ടൊക്കെ തന്നെ ജീവിച്ച് വളരെ ഭംഗിയായിട്ട് പോകാൻ സാധിക്കുന്ന ഭദ്രാസനങ്ങളും രൂപതകളും കേരളത്തിൽ ഉണ്ട്. നമ്മൾ തീരുമാനിക്കുക ഇത് വേണ്ട എന്ന്. വേണ്ടെന്ന് വച്ചാൽ പോലും അതുവരെ നമ്മൾ ഉണ്ടാക്കിയ അസറ്റുകൾ അവർക്ക് പ്രത്യേകമായ ഒരു ഡെസിഗ്നേറ്റഡ് അതോറിറ്റിയുടെ കീഴിൽ ആക്കാം. അപ്പോഴാണ് സഭകൾ ഉണർന്നത്.കാരണം ഇത് ഒരുപക്ഷേ കേരളത്തിൽ വലുതായിട്ടൊന്നും ശല്യപ്പെടുത്തുന്നില്ലായിരിക്കാം. നോർത്തിന്ത്യയിലും മറ്റുള്ള സ്ഥലങ്ങളിലെ, സ്കൂളുകൾ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം പിടിച്ചെടുക്കാനും നമ്മളിൽ നിന്ന് അതിന്റെ നിയന്ത്രണം മാറ്റാനും ഒക്കെയുള്ള വളരെ ഗൂഡമായ നിയമപരമായ ഒരു പരിശ്രമം ആണ് ഇതിന്റെ പിന്നിലുള്ളത് എന്നുള്ള തിരിച്ചറിവ് ഉണ്ടായപ്പോഴാണ് നമ്മൾ എതിർത്തത്.
ഉടനെ ചോദ്യം! നിങ്ങൾ മാത്രം എന്തിനാണ് ഇതിനെ എതിർക്കുന്നത്? എല്ലാവർക്കും ഒരുപോലെ ബാധകമല്ലേ? നിങ്ങൾക്ക് കുറച്ചു എഫ് സി ആർ എ ഫണ്ടല്ലേ കിട്ടുന്നുള്ളൂ?കൂടുതൽ കിട്ടുന്നത് മറ്റ് വിഭാഗങ്ങൾക്ക് അല്ലെ? എന്നിട്ട് എന്തുകൊണ്ടാണ് നിങ്ങൾ മാത്രം ബഹളമുണ്ടാക്കുന്നത്?
ഉത്തരം: ഇത്തരത്തിലുള്ള നിയമങ്ങളൊന്നും വേറെ ആർക്കും എതിരെ ഇതുവരെയും അത് പ്രാവർത്തികമാക്കി കണ്ടിട്ടില്ല. നമ്മൾക്കെതിരെ മാത്രമേ യുള്ളൂ. ക്രൈസ്തവ മതത്തിലേക്ക് മാത്രമല്ല ഇന്ത്യയിൽ മതപരിവർത്തനം നടക്കുന്നത്. ഹൈന്ദവ മതത്തിലേക്കും മതപരിവർത്തനം നടക്കുന്നുണ്ട്. എത്രയോ വിദേശികർ ഈ ഇന്ത്യയിൽ വന്ന് ക്രൈസ്തവ നാമധാരികളായ വിദേശീയർ ഇന്ത്യയിൽ വന്ന് പല ഹൈന്ദവ ആശ്രമങ്ങളിലും ഹൈന്ദവർ ആയിട്ടു മാറുന്നു. നമ്മൾ ആരെങ്കിലും അതിനെതിരെ എന്തെങ്കിലും പറയാൻ പോയോ.അതുപോലെ മറ്റെല്ലാ മതങ്ങളിലേക്കും പരിവർത്തനം നടക്കുന്നുണ്ട്. പക്ഷേ കേസുകൾ വരുന്നത് ആർക്കെതിരെയാണ്. ക്രൈസ്തവർക്കെതിരെ മാത്രം. അവിടെയാണ് നമുക്ക് സംശയം.നിങ്ങൾ നിയമങ്ങൾ ഉണ്ടാക്കുന്നത് ഈ ഒരു ചെറിയ സമൂഹത്തെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടാണ്. അതല്ലെങ്കിൽ മതപരിവർത്തന നിരോധന നിയമപ്രകാരം എല്ലാ മതക്കാരും ജയിലിൽ കിടക്കേണ്ടതല്ലെ. പക്ഷേ നമ്മുടെ പാസ്റ്റർമാരും നമ്മുടെ വൈദികരുംനമ്മുടെ കന്യാസ്ത്രീകളും ഒക്കെ മാത്രമേ അറസ്റ്റ് ചെയ്യപ്പെടുന്നുള്ളൂ അവിടെയാണ് നമ്മൾ ജാഗ്രത പാലിക്കേണ്ടത്.നമ്മൾ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന ഒരു സമൂഹമായിട്ട് മാറുന്നത്.
നമ്മൾക്കറിയാം ഈ ദിവസങ്ങളിലൊക്കെ നമ്മൾ കേട്ടുകൊണ്ടിരിക്കുന്ന വാർത്തകൾ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ തന്നെ പ്രതിക്കൂട്ടിൽ ആവുകയാണ്. വോട്ടേ ഴ്സ് ലിസ്റ്റിൽ തന്നെ വലിയ ഭീകരമായ കൃത്രിമങ്ങൾ. കോടിക്കണക്കിന് ആൾക്കാർക്ക് വോട്ടിംഗ് അവകാശം തന്നെ നിഷേധിക്കപ്പെടുകയാണ്. നമ്മുടെ തെരഞ്ഞെടുപ്പ് അപകടത്തിൽ ആയാൽ ജനാധിപത്യം അപകടത്തിൽ ആവുകയാണ്. ജനാധിപത്യം അപകടത്തിൽ ആകുമ്പോൾ നമ്മുടെ സ്വാതന്ത്ര്യമാണ് അപകടത്തിലാകുന്നത്. നമ്മുടെ ജനങ്ങൾ ഇതിനെക്കുറിച്ച് വേണ്ടത്ര അവബോധമുള്ളവരാണോയെന്ന് എനിക്കറിയില്ല. സ്വാതന്ത്ര്യം ജീവവായുപോലെ പ്രധാനപ്പെട്ടതാണ്.സ്വാതന്ത്ര്യം നമ്മൾ അറിയാതെ നമ്മളിൽ നിന്ന് എടുത്തു മാറ്റപ്പെടുന്നു എന്നുള്ള ഒരു വലിയ തിരിച്ചറിവ് നമുക്കുണ്ടാവണം. ആശ്വാസകരമായ ഒരു കാര്യം ഇത് തിരിച്ചറിയുന്ന വലിയൊരു വിഭാഗം വളർന്നുവരുന്നു എന്നുള്ളത് തന്നെയാണ്. ഒരു വലിയ ജനവിഭാഗത്തെ 140 കോടിയുള്ള ഒരു രാജ്യത്തെ അങ്ങനെയങ്ങ് മണ്ടന്മാരൊന്നും ആക്കാൻ ആയിട്ട് സാധിക്കുന്നില്ല. കുറെ അധികം മനുഷ്യർ ഇതിനെതിരെ പ്രതികരിക്കാൻ തയ്യാറാകുന്നു എന്നുള്ളതു ആശ്വാസകരമാണ്.
നമുക്കറിയാം ജനാധിപത്യം ഒരു ക്രൈസ്തവ സംസ്കാരത്തിന്റെ ഫലമാണ്. നമ്മൾ ക്രിസ്ത്യാനികൾ അല്ല ജനാധിപത്യം കണ്ടുപിടിച്ചു എന്നൊക്കെ പറയുമ്പോഴും ക്രൈസ്തവവിശ്വാസത്തിന്റെ സ്വാഭാവികമായ ഒരു ഫലമായിരുന്നു ജനാധിപത്യം. അത് ജനാധിപത്യത്തിന്റെ ചരിത്രം പഠിക്കുന്നവർ എല്ലാവരും പറയും. ഓരോ മനുഷ്യനെയും ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലുമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന ഒരു അടിസ്ഥാന ബോധ്യം മനുഷ്യന്റെ മഹത്വത്തെക്കുറിച്ചും തുല്യതയെക്കുറിച്ചും മനുഷ്യ മനസ്സാക്ഷിയെക്കുറിച്ചും മനുഷ്യന്റെ ധാർമിക ഉത്തരവാദിത്വങ്ങളെ കുറിച്ചുമൊക്കെയുള്ള ക്രൈസ്തവ പഠനങ്ങളായിരുന്നു ഈ ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാനമായി നിന്നത്. അതുകൊണ്ടാണ് ജാതിവ്യവസ്ഥയെ പിന്തുണയ്ക്കുന്ന ഒരു സംവിധാനത്തിനും ജനാധിപത്യം ഇഷ്ടപ്പെടില്ല. കാരണം എന്താണ്. അവിടെ എല്ലാവർക്കും ഒരേ അവകാശങ്ങൾ അല്ല. ജാതിവ്യവസ്ഥയിൽ ഉയർന്ന ജാതിയും താഴ്ന്ന ജാതിയുമായിട്ട് മനുഷ്യനെ തരംതിരിക്കുമ്പോൾ ഉയർന്ന ജാതിയുടെ അവകാശങ്ങൾ താഴ്ന്ന ജാതിക്കില്ല. ഒരു നൂറു വർഷം മുമ്പത്തെ കേരളത്തിന്റെ ചരിത്രം പഠിച്ചാൽ നമുക്കത് മനസ്സിലാവും. നമ്മുടെയീ സി എസ് ഐ ചർച്ചിന്റെ പ്രാരംഭകരായിരുന്ന മിഷനറിമാർ എത്ര കൃത്യമായിട്ടാണ് ഇത്തരത്തിലുള്ള ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടിയതെന്ന്. അടിമ വ്യവസ്ഥിതി നമ്മുടെ കേരളത്തിലും നിലനിന്നിരുന്നു. നമ്മുടെ ചന്തകളിൽ മനുഷ്യർ വിൽക്കപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടായപ്പോൾ അതിനെതിരെ മിഷനറിമാരാണ് ഏറ്റവും കൂടുതൽ മുന്നിൽ നിന്നെന്നൊക്കെയുള്ള ഒരു ചരിത്രം നമ്മളെ പഠിപ്പിക്കുന്ന യാഥാർത്ഥ്യമിതാണ്. ജനാധിപത്യം ക്രൈസ്തവമായ ആശയങ്ങളുടെയും ക്രൈസ്തവമായ മൂല്യങ്ങളുടെയും ഒരു സ്വാഭാവികമായ ഫലമാണെങ്കിൽ അത് നഷ്ടപ്പെടുമ്പോൾ നമ്മൾ ഓരോരുത്തരും ജാഗ്രത പുലർത്തേണ്ടതാണ്. പ്രശസ്ത ചിന്തകനായിരുന്ന ചെസ്റട്ടൺ പറയുകയുണ്ടായി “Christian ideal has been the chief defender of the human person against the power of the state”. ‘രാഷ്ട്രം മനുഷ്യന്റെ അവകാശങ്ങൾ കവർന്ന് എടുക്കാൻ ശ്രമിച്ചപ്പോൾ ആ മനുഷ്യ അവകാശങ്ങളെ മുന്നിൽ നിന്ന് പ്രതിരോധിച്ചത് ക്രൈസ്തവ മൂല്യങ്ങൾ ആയിരുന്നു’.
ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഒരിക്കൽ പറഞ്ഞു “ democracy needs Christianity because democracy needs a vision of the human person”. നമ്മൾ ഈ സമൂഹത്തിന് നൽകിയ മനുഷ്യ വ്യക്തിയെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് ജനാധിപത്യത്തിന്റെ നിലകൊണ്ടത് എങ്കിൽ അത് നഷ്ടപ്പെടുമ്പോൾ വലിയ ജാഗ്രത പുലർത്താനും നമുക്ക് സാധിക്കേണ്ടതാണ്.നമ്മുടെ ഒരു പക്ഷേ രാഷ്ട്രവും അതല്ലെങ്കിൽ പൊതുസമൂഹവും ഒരുപക്ഷേ ന്യൂനപക്ഷ അവകാശങ്ങളെയും ന്യൂനപക്ഷ വിശ്വാസങ്ങളെയും ഒക്കെ ഞെരുക്കാനും തളർത്താനും ഒക്കെ പരിശ്രമിക്കുമ്പോൾ അവിടെ നമുക്ക് ഉണ്ടാവേണ്ട ഒരു മനോഭാവം ധൈര്യത്തിന്റേതാണ് എന്ന് ഞാൻ പറയും. ഞാൻ തുടക്കത്തിലെ പറഞ്ഞല്ലോ ദൈവം കൂടെ നടക്കുന്ന ജനതയാണ് നമ്മൾ. നമ്മൾ ധൈര്യത്തോടുകൂടി ജീവിക്കാൻ തയ്യാറായാൽ ധൈര്യത്തോടുകൂടി തമ്പുരാനെ പ്രഘോഷിക്കാൻ തയ്യാറായാൽ ആർക്കും നമുക്കെതിരെ ഒന്നും നിൽക്കാൻ സാധിക്കുകയില്ല. അത് തന്നെയാണ് ലോകത്തിന്റെ ചരിത്രം നമ്മളെ പഠിപ്പിക്കുന്നത്. എവിടെയെങ്കിലും സഭ തളർന്നുപോയിട്ടുണ്ടെങ്കിൽ അവിടെ സഭയുടെ മുമ്പിൽ നിൽക്കുന്ന മനുഷ്യർക്ക് ധൈര്യമില്ലാതായി എന്നുള്ളതാണ് അടിസ്ഥാനം. അത് എല്ലായിടത്തും നമുക്ക് കാണാൻ പറ്റും.ഇടയന്മാർ ഭയന്ന് പോയാൽ ആടുകളെയും കൊണ്ട് ചെന്നായ്ക്കൾ പോകും . അതുകൊണ്ട് ധൈര്യമുള്ള മനുഷ്യരായിട്ട് മാറുക. ധീരതയോടെ സുവിശേഷം പ്രഘോഷിക്കാൻ തയ്യാറാവുക. അതൊരു വലിയ സാക്ഷ്യം ആയിട്ട് തന്നെ മാറുകയാണ്.നമ്മൾ ഭയപ്പെടുന്നത് എന്നാണോ അന്നായിരിക്കും നമ്മുടെ പരാജയം. അല്ലാതെ നമ്മൾ ആളു കുറഞ്ഞതിൽ നിന്നും നമ്മൾ പരാജയപ്പെടുകയില്ല. ആളു കുറഞ്ഞതുകൊണ്ടോ പണമില്ലാത്തതുകൊണ്ടോ കഴിവില്ലാത്തതുകൊണ്ടോ നമ്മൾ തളരുകയില്ല.പക്ഷേ നമുക്ക് ധൈര്യം നഷ്ടപ്പെട്ട് പോയാൽ ചിലപ്പോൾ നമ്മൾ തളർന്നുപോകും. അതുകൊണ്ട് നമ്മുടെ ജനത്തെ കൂടുതൽ ധൈര്യമുള്ളവരാക്കുക. വിശ്വാസത്തിൽ ഉറപ്പിക്കുക.അതാണ് ഏറ്റവും പ്രധാനം. നമുക്ക് നമ്മുടെ വിശ്വാസത്തെ കുറിച്ച് നല്ല ബോധ്യങ്ങൾ ഇല്ല. മതിപ്പില്ല.
റോബർട്ട് സാറായുടെ ‘പകൽ അസ്തമിക്കാറായി’ എന്ന പുസ്തകത്തിൽ അതിൽ ഒരു പത്രപ്രവർത്തകൻ അദ്ദേഹത്തോട് ചോദിക്കുകയാണ് what is the crisis of priesthood today? ഉടനെ അദ്ദേഹം പറഞ്ഞു; ‘the crisis of priesthood today is crisis of faith’. ‘വിശ്വാസമില്ലാതാകുന്നു വൈദികർക്ക്. അതാണ് ഏറ്റവും വലിയ ക്രൈസിസ്’. വേറെ കുഴപ്പമൊന്നുമില്ല. വൈദികർ നല്ല വിശ്വാസത്തിൽ ആഴപ്പെട്ടു നിന്നാൽ ബാക്കി എല്ലാ പ്രശ്നങ്ങളും അവർക്ക് നേരിടാൻ ആയിട്ട് സാധിക്കും. വിശ്വാസത്തിൽ നമ്മൾ തളർന്നു പോയാൽ ധൈര്യമില്ലാതെ ആയി കഴിഞ്ഞാല് ധീരതയോടെ മതിപ്പോടെ വിശ്വാസം പ്രഘോഷിക്കുവാൻ സാധിക്കാതെ വന്നു കഴിഞ്ഞാൽ അതാണ് നമ്മുടെ ഏറ്റവും വലിയ തളർച്ച എന്നത് അദ്ദേഹം പറഞ്ഞത് ഞാൻ ഓർക്കുകയാണ്. അതോടൊപ്പം നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം നമുക്ക് പറ്റാവുന്ന ഒരു വലിയ അപകടം നമ്മുടെ ഇടയിൽ വളർന്നുവരുന്ന ലിബറലിസം ആണ്.ക്രിസ്ത്യാനിറ്റിയുടെ തളർച്ച പഠിക്കുമ്പോൾ നമുക്ക് കാണാൻ പറ്റും നമ്മുടെ ഇടയിൽ വളർന്നുവന്ന ലിബറലിസവും അതുപോലെ അനാർക്കിസവും ഒക്കെയാണ് സഭയുടെ തളർച്ചയിലേക്ക് വന്നത്. ലിബറലിസം എന്ന് പറഞ്ഞു കഴിഞ്ഞാൽ എങ്ങനെയുമാകാം.കാര്യങ്ങൾ വലിയ നിഷ്ടയൊന്നുംവേണ്ട ഒന്നിലും. ഓ അതു സാരമില്ല ഇത് സാരമില്ല. അതു സാരമില്ല ഇതു സാരമില്ലഎന്ന് പറയുമ്പോൾ അങ്ങനെ പ്രവർത്തിക്കേണ്ട കാര്യമില്ല ഇങ്ങനെ പ്രവർത്തിക്കേണ്ട എന്ന് പറയുമ്പോൾ തീരുമാനം എടുക്കുന്നത് ആരാണ്. ഞാനാണ്,എന്റെ ഇഷ്ടമാണ്.അത്ശരിക്കും പറഞ്ഞാൽ ഒരു ഇൻഡിവിജ്വലിസമാണ്.അതൊരു സ്വാർത്ഥതയാണ്. അത് നമ്മളെ പിടികൂടുമ്പോഴാണ് നമ്മൾ തളർന്നു പോകുന്നത്. എന്നുള്ളതും നമ്മൾ തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്. നമ്മൾ ഇന്ന് ചിന്തിക്കുന്നതു തന്നെ വളരെ പ്രസക്തമായ ഒരു വിഷയമാണ്. ‘Crisis of secularism and Christian witness rethinking ministry in contemporary Keralam’ വളരെ നല്ലൊരു വിഷയമാണ് അത് ചിന്തിക്കുമ്പോഴേ എല്ലാം നിങ്ങൾ ഓർക്കുക.പുറമേ നിന്നുള്ള ഏതൊരു ഭീഷണിയും നേരിടാൻ നമുക്ക് സാധിക്കും. അകമേ നമ്മൾ ദുർബലപ്പെട്ടു പോയാൽ വിശ്വാസത്തിൽ നമ്മൾ തളർന്നു പോയാൽ നമ്മൾ ലിബറലിസത്തിന്റെ പിന്നാലെ പോയാൽ നമ്മൾ ഭയപ്പെട്ടു പോയാൽ അവിടെയൊക്കെയാണ് നമ്മൾ നിരായുധരാകുന്നത് എന്നുള്ള ഒരു തിരിച്ചറിവ് നമുക്ക് ഉണ്ടാകേണ്ടതാണ്. പഴയ കാര്യങ്ങളെക്കുറിച്ച് നിങ്ങൾ വിഷമിക്കേണ്ട ദൈവത്തിന്റെ കരുണയ്ക്കു വിട്ടുകൊടുക്കുക. ഇന്നത്തെ കാര്യങ്ങളെക്കുറിച്ച് നിങ്ങൾ വിഷമിക്കേണ്ട.അത് ദൈവത്തിന്റെ സ്നേഹത്തിന് വിട്ടുകൊടുക്കുക. ഭാവിയെ ദൈവത്തിന്റെ പരിപാലനയ്ക്ക് വിട്ടുകൊടുക്കുക.

